മലപ്പുറം കാലടി വില്ലേജിലെ ദേശീയ പാത പുറമ്പോക്കില്‍ താമസിക്കുന്ന 29 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കും - റവന്യൂ മന്ത്രി കെ.രാജന്‍
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ നരിപ്പറമ്പ് ദേശീയപാത പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം അനുവദിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. 45 വര്‍ഷമായി ഈ സ്ഥലത്ത് വീട് വെച്ച് താമസിക്കുന്ന 29 കുടുംബങ്ങളുടെ സ്വപ്നമാണ് സര്‍ക്കാര്‍ സാക്ഷാത്ക്കരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 60 വര്‍ഷം മുന്‍പ് ദേശീയ പാത വികസനത്തിനായി ഏറ്റെടുത്ത ഭൂമിയായിരുന്നു ഇത്. എന്നാല്‍ പുതിയ അലൈന്‍മെന്റ് വന്നതോടെ ഈ സ്ഥലം ദേശീയ പാതക്ക് ആവശ്യമായി വന്നില്ല. തുടര്‍ന്ന് അവിടെ ആളുകള്‍ കുടിയേറി താമസിക്കാന്‍ തുടങ്ങുകയായിരുന്നു.
പുതിയ ദേശീയ പാത അലൈന്‍മെന്റ് പ്രകാരം പാതയും ഈ സ്ഥലവും തമ്മില്‍ 500 മീറ്റര്‍ അകലമുണ്ട്. ഇവര്‍ക്ക് പട്ടയം നല്‍കുന്നതിന് ദേശീയപാത അതോറിറ്റിയുടെ നിരാക്ഷേപ പത്രം ആവശ്യമാണ്. എന്നാല്‍ പൊന്നും വിലക്ക് വാങ്ങിയ ഭൂമിയായതിനാല്‍ നിരാക്ഷേപ പത്രം നല്‍കാന്‍ ദേശീയ പാത അധികാരികള്‍ തയ്യാറായിരുന്നില്ല. അങ്ങനെയാണ് വിഷയം റവന്യൂ മന്ത്രി കെ രാജന്റെ മുന്‍പാകെ വരുന്നത്. പൊന്നാനി എംഎല്‍എ പി നന്ദകുമാറും വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. മന്ത്രി ഇക്കാര്യത്തില്‍ ലാന്റ് റവന്യൂ കമ്മീഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കൈവശക്കാരെ ഒഴിപ്പിക്കുന്നത് പ്രായോഗികമല്ലെന്നും വില ഈടാക്കി ഭൂമി വിട്ടു നല്‍കാന്‍ തയ്യാറാണെന്നും ദേശീയ പാത അതോറിറ്റി അറിയിച്ചു. തുടര്‍ന്ന് ദേശീയ പാത അതോറിറ്റിയുമായി മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ വിലയീടാക്കാതെ ഭൂമി വിട്ടു നല്‍കാന്‍ തയ്യാറാണെന്ന് സമ്മതിച്ചു. റോഡ് പുറമ്പോക്ക് ഇനത്തില്‍പ്പെട്ട ഭൂമി ഇനം മാറ്റുന്നത് സംബന്ധിച്ച തീരുമാനത്തിനായി കാബിനറ്റിലേക്ക് നല്‍കുകയും സര്‍ക്കാരിന്റെ സവിശേഷ അധികാരം ഉപയോഗിച്ച് പ്രസ്തുത ഭൂമി റോഡ് പുറമ്പോക്ക് ഇനത്തില്‍ നിന്നും തരിശ് ഇനത്തിലേക്ക് മാറ്റുകയും ചെയ്തു. അതോടെ ഈ ഭൂമിയില്‍ താമസിക്കുന്ന കൈവശക്കാര്‍ക്ക് അര്‍ഹതയുടെ അടിസ്ഥാനത്തില്‍ പട്ടയം നല്‍കാനുള്ള നടപടി സ്വീകരിക്കുവാന്‍ ജില്ലാ കളക്ടര്‍ക്ക് റവന്യൂ മന്ത്രി കെ രാജന്‍ നിര്‍ദ്ദേശം നല്‍കി. ചെയ്തു. ഇതോടെ 29 കുടുംബങ്ങളുടെ പട്ടയത്തിനായുള്ള കാത്തിരിപ്പിന് വിരാമമായി.
- Log in to post comments