ജനകീയ പദ്ധതികള്‍; സ്മാര്‍ട്ടായി പൊതുവിതരണ വകുപ്പ്
ജനകീയ പദ്ധതികളിലൂടെ പൊതുവിതരണ രംഗത്ത് നിരവധി മാറ്റങ്ങള്‍ക്കാണ് കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ജില്ല സാക്ഷ്യം വഹിച്ചത്. ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനൊപ്പംതന്നെ വകുപ്പില്‍നിന്ന് ജനങ്ങള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങളെല്ലാം ആധുനികവത്കരിച്ചു. സേവനങ്ങള്‍ വീടുകളില്‍ എത്തിച്ചുനല്‍കുന്നതിനടക്കം പദ്ധതികള്‍ ആവിഷ്‌കരിച്ചു.
ഭക്ഷ്യധാന്യങ്ങള്‍ നഗറുകളിലെ വീടുകളില്‍ എത്തിച്ചുനല്‍കുന്ന 'സഞ്ചരിക്കുന്ന റേഷന്‍ കട' പദ്ധതി ജില്ലയില്‍ വിജയകരമായി മുന്നോട്ടുപോകുകയാണ്. ദുര്‍ബല വിഭാഗങ്ങള്‍ക്കും വനമേഖലകളില്‍ കഴിയുന്നവര്‍ക്കും നേരിട്ട് റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്ന പദ്ധതി ജില്ലയില്‍ ആദ്യമായി താമരശ്ശേരി താലൂക്കിലാണ് നടപ്പാക്കിയത്. കൂടരഞ്ഞി പഞ്ചായത്തിലെ മഞ്ഞക്കടവ്, തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പന്‍പുഴ, മേലെ പൊന്നാങ്കയം, പുതുപ്പാടി പഞ്ചായത്തിലെ കുറുമരുകണ്ടി പ്രദേശങ്ങളിലാണ് നിലവില്‍ സേവനം ഒരുക്കുന്നത്. റേഷന്‍ കടകളിലെത്താന്‍ പ്രയാസമനുഭവിക്കുന്ന ഈ പ്രദേശങ്ങളിലെ നൂറിലധികം ആദിവാസി കുടുംബങ്ങള്‍ക്ക് പദ്ധതി പ്രയോജനപ്പെടുന്നുണ്ട്.
വിശപ്പുരഹിത കേരളം ലക്ഷ്യമിട്ട് ആരംഭിച്ച സുഭിക്ഷ ഹോട്ടലുകള്‍ ജില്ലയില്‍ നാലിടത്ത് വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നു. കുന്ദമംഗലം, കൊയിലാണ്ടി, പേരാമ്പ്ര, നാദാപുരം നിയോജക മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്ക് പ്രതിമാസം ശരാശരി 1,51,000 രൂപ വകുപ്പ് സബ്‌സിഡിയായി നല്‍കുന്നുണ്ട്.
റേഷന്‍ കടകള്‍ വഴി കൂടുതല്‍ ഉല്‍പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന കെ സ്റ്റോര്‍ പദ്ധതിയും ജില്ലയില്‍ യാഥാര്‍ഥ്യമായി. റേഷന്‍ കടകളുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിയായിരുന്നു ഇത്. നിലവില്‍ ജില്ലയില്‍ 73 കെ സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓണ്‍ലൈന്‍ സേവനങ്ങള്‍, 10000 രൂപ വരെയുള്ള ബാങ്കിങ് സേവനങ്ങള്‍, സപ്ലൈകോ ശബരി ഉല്‍പന്നങ്ങള്‍, മില്‍മ ഉല്‍പന്നങ്ങള്‍, ചോട്ടു ഗ്യാസ്, ചെറുകിട വ്യവസായ സംരംഭങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ എന്നിവയും കെ സ്റ്റോറില്‍ ലഭ്യമാണ്.
2021 മുതല്‍ പുതുതായി 11 റേഷന്‍ കടകളാണ് ജില്ലയില്‍ അനുവദിച്ചത്. കോഴിക്കോട് താലൂക്കില്‍ മൂന്നും വടകര താലൂക്കില്‍ ആറും താമരശ്ശേരി, കൊയിലാണ്ടി താലൂക്കുകളില്‍ ഒന്ന് വീതവും റേഷന്‍ കടകളാണ് അനുവദിച്ചത്. റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡുകളായതാണ് ഭക്ഷ്യ വിതരണ രംഗത്തെ പ്രധാന മാറ്റങ്ങളിലൊന്ന്. 2016ല്‍ ജില്ലയില്‍ 7,20,649 റേഷന്‍കാര്‍ഡുകളാണ് ഉണ്ടായിരുന്നതെങ്കില്‍ നിലവില്‍ 8,29,317 കാര്‍ഡുകളുണ്ട്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ 1,08,668 പുതിയ റേഷന്‍കാര്‍ഡുകള്‍ അനുവദിച്ചു. റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിന് നടപ്പാക്കിയ തെളിമ പദ്ധതിയുടെ പ്രയോജനം ജില്ലയില്‍ 266 കാര്‍ഡുടമകള്‍ക്കാണ് ലഭിച്ചത്.
റേഷന്‍കാര്‍ഡ് സംബന്ധമായി ഓണ്‍ലൈനായി അടക്കേണ്ട ഫീസുകള്‍ ഒഴിവാക്കല്‍, സപ്ലൈ ഓഫീസുകളിലെ ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് ഫയല്‍ അദാലത്ത്, വകുപ്പിന് കീഴിലെ മുഴുവന്‍ ഓഫീസുകളും ഇ ഓഫീസ് സംവിധാനം എന്നിങ്ങനെ ജനകീയമായ പല മാറ്റങ്ങളും ജില്ലയില്‍ നടപ്പായി. 2013ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം റേഷന്‍ മുന്‍ഗണനാ പട്ടിക മാറിവരുന്ന സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങള്‍ക്കനുസരിച്ച് പുതുക്കുന്ന പ്രക്രിയ ഘട്ടംഘട്ടമായി നടന്നു വരുന്നുണ്ടെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ കെ കെ മനോജ് കുമാര്‍ അറിയിച്ചു.
- Log in to post comments