നാടിൻ്റെ വികസനക്കാഴ്ചകൾ ക്യാൻവാസിൽ പകർത്തി ‘വികസനവരകൾ’
നാടിന്റെ വികസനക്കാഴ്ചകൾ ക്യാൻവാസിൽ പകർത്തി 'വികസന വരകൾ’ സമൂഹ ചിത്രരചന. സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെയ് മൂന്ന് മുതല്‍ 12 വരെ കോഴിക്കോട് ബീച്ചിൽ സംഘടിപ്പിക്കുന്ന 'എന്റെ കേരളം' പ്രദര്‍ശന-വിപണന മേളയുടെ പ്രചാരണാർത്ഥമാണ് ജില്ലാതല വികസന വരകൾ സംഘടിപ്പിച്ചത്.
ജില്ലയിലെ അറുപതോളം തദ്ദേശ കേന്ദ്രങ്ങളിൽ നടന്ന വികസനവരകളിൽ മികവുറ്റ പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളും ചിത്രകലാ അധ്യാപകരുമാണ് കോഴിക്കോട് ബീച്ചിൽ നടന്ന ജില്ലാതല പരിപാടിയിൽ പങ്കാളികളായത്. എൽപി മുതലുള്ള ക്ലാസുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത ചിത്രരചനയിൽ കോഴിക്കോടിൻ്റെ പ്രിയപ്പെട്ട എംടിയും നാടിൻ്റെ പോരാളികളായ ഹരിതകർമ്മ സേനാംഗങ്ങളും ആരോഗ്യ പ്രവർത്തകരും പശ്ചാത്തല വികസനവും റോഡും പാലങ്ങളും കെട്ടിടങ്ങളും ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളും പാലിയേറ്റീവ് പരിചരണവും പെൻഷനുൾപ്പെടെയുള്ള ക്ഷേമ പ്രവർത്തനങ്ങളും കുട്ടികളിലെ ശുചിത്വ പാഠങ്ങളും ഗ്രാമീണ ഭംഗിയും നഗര വികസനവുമെല്ലാം ചായം പുരണ്ട് ക്യാൻവാസ് സമ്പന്നമാക്കി. പരിപാടിയിൽ പങ്കാളികളായ ഭിന്നശേഷി വിദ്യാർത്ഥികളുടെ ക്യാൻവാസിലും വിഴിഞ്ഞം തുറമുഖമുൾപ്പെടെയുള്ള വികസന നേട്ടങ്ങൾ ഇടംപിടിച്ചു.
ബീച്ച് കൾചറൽ സ്റ്റേജിൽ നടന്ന പരിപാടി പ്രശസ്ത ചിത്രകാരനും ലളിത കലാ അക്കാദമി സംസ്ഥാന നിർവാഹക സമിതി അംഗവുമായ സുനില്‍ അശോകപുരം ഉദ്ഘാടനം ചെയ്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ സിപി അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോജക്ട് കോർഡിനേറ്റർ എ കെ അബ്ദുൽ ഹക്കീം, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ഡയറക്ടർമാരായ രവികുമാർ, രാരാരാജ്, അസിസ്റ്റന്റ് എഡിറ്റർ സൗമ്യ ചന്ദ്രൻ, അസി. ഇൻഫർമേഷൻ ഓഫീസർ എ.പി നൗഷാദ് തുടങ്ങിയവർ സംബന്ധിച്ചു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരള, ബിആര്‍സി യൂണിറ്റുകള്‍, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. രചനയിൽ പങ്കാളികളായവർക്ക് തദ്ദേശ സ്ഥാപനങ്ങൾ, ബിആർസി മുഖേന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
- Log in to post comments