Skip to main content
..

മയക്കുമരുന്നിനെതിരെ ശക്തമായ നടപടി വേണം: ചാരായ നിരോധന ജനകീയ സമിതി

അനുവദനീയമായ അളവില്‍കൂടുതല്‍ മദ്യംവാങ്ങുന്നത് തടയാനും മയക്കുമരുന്നിന്റെ വില്‍പന ഇല്ലാതാക്കാനും കര്‍ശന പരിശോധന നടത്തണമെന്ന് ജില്ലാതല ചാരായനിരോധന ജനകീയ നിരീക്ഷണസമിതി. ജില്ലാ കലക്ടര്‍ എന്‍. ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പരിശോധന ഊര്‍ജിതമാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
'ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ്' എന്ന പേരില്‍ ജില്ലയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ എക്സൈസ് വകുപ്പ് 2173 റെയ്ഡുകള്‍ നടത്തി. 263 മയക്കുമരുന്ന് കേസുകളിലായി 272 പേരെ അറസ്റ്റ് ചെയ്തു. വിമുക്തിയുടെ ഭാഗമായി സ്‌കൂള്‍തലത്തില്‍ 201, കോളേജുകളില്‍ 96 ബോധവത്കരണ ക്ലാസുകള്‍ നല്‍കി. എക്സൈസ് വകുപ്പിന്റെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം വ്യാജമദ്യം തടയാനും, മയക്കുമരുന്ന് വിപണനം കുറയ്ക്കാനും സഹായിച്ചുവെന്ന് സമിതി വിലയിരുത്തി.
മണ്‍റോതുരുത്തില്‍ അനധികൃത മദ്യ-മയക്കുമരുന്ന് വില്‍പനയെന്ന പരാതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയര്‍ന്നു. കല്ലുവാതുക്കല്‍, കല്ലുംതാഴം, ചാത്തന്നൂര്‍, മയ്യനാട്, മുഖത്തല, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ പോലീസും, എക്സൈസും സംയുക്ത പരിശോധന നടത്തും. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, സംശയകരമായ ഫ്ളാറ്റുകള്‍, വിജനമായ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും പരിശോധന കൂടുതല്‍ ശക്തമാക്കാനും നിര്‍ദേശമുണ്ട്. ചെറുമൂട് ഓവര്‍ബ്രിഡ്ജിനു താഴെയും പരിശോധന ശക്തമാക്കും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ബോധവത്കരണം കൂടുതല്‍ സജീവമാക്കും. കോളജ് ഹോസ്റ്റലുകള്‍, റെയില്‍വേ, ബസ് സ്റ്റാന്‍ഡുകള്‍, അരിഷ്ട്ടം വില്‍ക്കുന്ന കടകള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധന നടത്തും.
ലഹരിവസ്തുകളുടെ ഉപയോഗത്തിനെതിരേ ശക്തമായ നടപടികള്‍ തുടരെ നടത്തണമെന്ന് പി സി വിഷ്ണുനാഥ് എം എല്‍ എ ആവശ്യപ്പെട്ടു. ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍  മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ പ്രതിനിധി ആര്‍ മെഹജാബ്, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എം നൗഷാദ്, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ വി സി ബൈജു, ജില്ലാതല ചാരായനിരോധന നിരീക്ഷണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date