സര്‍ക്കാറിന്റെ നാലാം വാര്‍ഷികം: 'എന്റെ കേരളം' പ്രദര്‍ശന വിപണ മേള: ഒരുങ്ങുന്നത് വൈവിധ്യമാർന്ന സ്റ്റാളുകൾ
സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മലപ്പുറം കോട്ടക്കുന്നില്‍ മെയ് ഏഴു മുതല്‍ 13 വരെ നടക്കുന്ന 'എന്റെ കേരളം' മെഗാ പ്രദര്‍ശന- വിപണന മേളയുടെ ഭാഗമായി ഒരുങ്ങുന്നത് വൈവിധ്യമാർന്ന സ്റ്റാളുകൾ. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയായ കോട്ടക്കുന്നില്‍ പവലിയനുകളുടെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. ആകെ 45,192 ച. അടിയില്‍ ശീതീകരിച്ച രണ്ട് ഹാംഗറുകള്‍ ഉള്‍പ്പെടെ 70,000 ച. അടി വിസ്തൃതിയിലുള്ള പ്രദര്‍ശന നഗരിയാണ് ഒരുങ്ങുന്നത്.
വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ സർക്കാരിന്റെ വ്യത്യസ്ത പദ്ധതികളെക്കുറിച്ച് ജനങ്ങൾക്ക് അറിവു നൽകുന്ന രീതിയിലാണ് ക്രമീകരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ എൽ ഇ ഡി വാളുകളിൽ തത്സമയ പ്രദർശനങ്ങളും വിവിധ വകുപ്പുകളുടെ സേവനങ്ങളും ഉറപ്പാക്കും.
ശീതീകരിച്ച പവലിയനില്‍ ഒരു കുടക്കീഴില്‍ ഒരു കേരളം. ഇതാണ് ഒറ്റ വാക്കിൽ ഈ മെഗാ പ്രദർശനം.
കേരളത്തിന്റെ സമഗ്ര മുന്നേറ്റങ്ങളെ അടയാളപ്പെടുത്തുന്നതും മാറുന്ന കേരളത്തിൻ്റെ സ്പന്ദനങ്ങൾ തൊട്ടറിയുന്നതുമാണ് വിവര പൊതുജന സമ്പർക്ക വകുപ്പിൻ്റെ നേതൃത്വത്തിൽ നടക്കുന്ന എന്റെ കേരളം മെഗാ എക്‌സിബിഷന്‍. 100 ഓളം സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും 150 ലധികം തീം സ്റ്റാളുകള്‍, വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ സൂക്ഷ്മ- ഇടത്തരം സംരംഭങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും 60 ലധികം വിപണന സ്റ്റാളുകള്‍, പുസ്തക മേള, 2000 ച. അടിയിൽ പി.ആര്‍.ഡിയുടെ എൻ്റെ കേരളം ഒന്നാമാത് ചിത്രീകരണം, കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കാര്‍ഷിക മേള, കുടുംബശ്രീയുടെ രുചി വൈവിധ്യങ്ങളുടെ ഭക്ഷ്യമേള, ടൂറിസം അനുഭവങ്ങള്‍ പുനരാവിഷ്‌ക്കരിക്കുന്ന ടൂറിസം വകുപ്പിന്റെ പ്രദര്‍ശനം, സാങ്കേതിക മികവ് തെളിയിക്കുന്ന കിഫ്ബിയുടെ പ്രദര്‍ശന പവലിയന്‍, ഐ.ടി വകുപ്പിന്റെയും സ്റ്റാര്‍ട്ടപ്പുകളുടെയും ടെക്നോ ഡെമോ ഏരിയ, സ്പോർട്സ് സോൺ, വൈവിധ്യവും വിജ്ഞാനപ്രദവുമായ സ്റ്റാളുകള്‍, മിനി തിയേറ്റർ എല്ലാം ശീതീകരിച്ച ഈ പന്തലിനകത്തുണ്ട്. ഏഴു ദിവസങ്ങളിലായി വിവിധ വകുപ്പുകളുടെ കാലിക പ്രസക്തതമായ 13 സെമിനാറുകളും എല്ലാ ദിവസവും വൈകീട്ട് കലാ പരിപാടികളും മേളയുടെ ഭാഗമായി നടക്കും.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്, നാഷണൽ വാട്ടർ വെയ്സ്, ദുരന്തനിവാരണം, നോർക്ക, പോലീസ്, വിജിലൻസ്, ഫയർ ആൻഡ് റെസ്ക്യൂ, ഐടി മിഷൻ, റവന്യൂ, ആരോഗ്യം, ഫോറസ്റ്റ്, സപ്ലൈകോ, വൈദ്യുതി, പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, കെ ഫോൺ, കെ സ്മാർട്ട് തുടങ്ങിയ വിവിധ സർക്കാർ വകുപ്പുകളുടെ മികവാർന്ന സ്റ്റാളുകൾ മേളയ്ക്ക് മാറ്റു കൂട്ടും. ഒപ്പം ഈ വകുപ്പുകളുടെ വിവിധ സേവനങ്ങളും ലഭ്യമാകും.
മോട്ടോർ വാഹന വകുപ്പിന്റെ സ്റ്റാളുകളിൽ ലൈസൻസ്, രജിസ്ട്രേഷൻ തുടങ്ങിയവയെക്കുറിച്ചുള്ള സംശയനിവാരണങ്ങൾ, തൽക്ഷണ സേവനങ്ങൾ ഇവയുണ്ടാകും. അക്ഷയ സേവനങ്ങളും അക്ഷയയുടെ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. തവനൂർ സെൻട്രൽ ജയിലിലെ അന്തേവാസികളുടെ പെയിന്റിങ്, കരകൗശല വസ്തുക്കളുടെ പ്രദർശനവും വിപണനവും തുടങ്ങിയവയുമുണ്ട്. മിൽമ ഉൽപന്നങ്ങൾ, ക്ഷീര കർഷകർക്കുള്ള വിവിധ പദ്ധതികൾ എന്നിവ പരിചയപ്പെടാനുള്ള അവസരവും പ്രദർശന നഗരിയിലുണ്ട്. ബി.എസ്.എൻ. എല്ലിന്റെ വിവിധ ഉൽപന്നങ്ങളും മൊബൈൽ സർവീസും മേളയിലുണ്ട്. കുടുംബശ്രീ സേവനങ്ങൾ, എംപ്ലോയ്മെന്റ് വകുപ്പുമായി ബന്ധപ്പെട്ട പദ്ധതികളുടെ വിവരങ്ങൾ എന്നിവയും ഉറപ്പാക്കിയിട്ടുണ്ട്. കൺസ്യൂമർ ഫെഡിന്റെ വിവിധ ഉൽപന്നങ്ങളുടെ വിപണനവും ഉണ്ടായിരിക്കും.
സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോഴ്സുകൾ, അഡ്മിഷൻ, ആശുപത്രി സംഘങ്ങളുടെ വിവരങ്ങൾ, പ്രഷർ- ഷുഗർ ടെസ്റ്റ് എന്നിവയാണ് സഹകരണ വകുപ്പിന്റെ സ്റ്റാളുകളുടെ ആകർഷണീയതകൾ. ജലഗുണ നിലവാര പരിശോധന, വാട്ടർ അതോറിറ്റിയുടെ ഓൺലൈൻ സേവനങ്ങൾ പരിചയപ്പെടുത്തൽ, ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്തുന്ന ടെസ്റ്റ്, കൃഷിവകുപ്പിന്റെ കതിർ ആപ്പ് രജിസ്ട്രേഷൻ, മണ്ണ് പരിശോധന, വ്യവസായ സ്ഥാപനങ്ങൾ തുടങ്ങുന്നതിനുള്ള ലൈസൻസ് എൻ ഒ സി എന്നിവ അനുവദിക്കുന്നതിനുള്ള ഹെൽപ്പ് ഡെസ്ക്, സർവ്വകലാശാല സേവനങ്ങളുടെ സംശയനിവാരണത്തിനായി ഡിജിറ്റൽ സ്റ്റുഡൻസ് സർവീസ് സെന്റർ, മിത്ര വുമൺ ഹെൽപ്പ് ലൈൻ മാതൃക, കെട്ടിട നിർമ്മാണ അനുമതി സംബന്ധിച്ച സംശയനിവാരണം, മൊബൈൽ വെറ്ററിനറി യൂണിറ്റ്, ജി എസ് ടി ഹെൽപ് ഡെസ്ക്, ലോട്ടറി ഏജൻസി തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള സംശയനിവാരണം ഫോം വിതരണം, എക്സൈസ് വകുപ്പിന്റെ ലഹരി വിമുക്ത കൗൺസിലിംഗ്, സാക്ഷരതാ മിഷന്റെ നാല്, ഏഴ്, പത്ത്, ഹയർസെക്കൻഡറി ക്ലാസുകളിലേക്കുള്ള തുല്യത പഠന രജിസ്ടേഷൻ, പച്ചമലയാളം, അച്ഛി ഹിന്ദി കോഴ്സ് രജിസ്ട്രേഷൻ തുടങ്ങി വൈവിധ്യമാർന്ന സേവനങ്ങളും പ്രദർശനങ്ങളുമാണ് സ്റ്റാളുകളിൽ ഒരുങ്ങുന്നത്.
രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശന സമയം.
- Log in to post comments