'എൻറെ കേരളം' പ്രദർശന വിപണന മേളയിലെ ബാങ്കേഴ്സ് മീറ്റിലേക്ക് അപേക്ഷിക്കാം
സംരംഭകർക്ക് വായ്പകൾ ലഭ്യമാകുന്നതിന് 'എൻറെ കേരളം' പ്രദർശന വിപണന മേളയോട് അനുബന്ധിച്ച് വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന ബാങ്കേഴ്സ് മീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.
സംസ്ഥാന സർക്കാരിൻറെ നാലാം വാർഷികത്തോടനുബന്ധിച്ച് മലപ്പുറം കോട്ടക്കുന്നിൽ മെയ് ഏഴിന് ആരംഭിക്കുന്ന മേളയുടെ ഭാഗമായിട്ടാണ് വ്യവസായ വകുപ്പ് ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നത് .പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നവർക്കും നിലവിലെ സംരംഭങ്ങൾ വിപുലീകരിക്കുന്നവർക്കും വ്യവസായ വകുപ്പിന്റെയും മറ്റ് സർക്കാർ വകുപ്പുകളുടെയും സബ്സിഡികളോടൊപ്പം ബാങ്ക് വായ്പ ലഭ്യമാകുന്നതിനാണ് മേളയിൽ അവസരം ഒരുക്കുന്നത്.
മെയ് 13ന് രാവിലെ 10.30 ന് ആരംഭിക്കുന്ന മീറ്റ് പൊന്നാനി എംഎൽഎ പി.നന്ദകുമാർ ഉദ്ഘാടനം ചെയ്യും. സർക്കാർ ധനകാര്യ സ്ഥാപനങ്ങളും വിവിധ ബാങ്കുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന പരിപാടിയിൽ അപേക്ഷകൾ സ്വീകരിച്ച് അനുമതികൾ നൽകുന്നതിന് സത്വര നടപടികൾ സ്വീകരിക്കും.
താത്പര്യമുള്ളവർ മലപ്പുറം സിവിൽ സ്റ്റേഷനിലെ ജില്ലാ വ്യവസായ കേന്ദ്രം ഓഫീസിലോ, താലൂക്ക് വ്യവസായ ഓഫീസുകളിലോ, മെയ് ഏഴു മുതൽ 'എൻറെ കേരളം' പ്രദർശന വിപണമേളയിലെ വ്യവസായ വകുപ്പിന്റെ സ്റ്റാളുകൾ സന്ദർശിച്ച് ഉദ്യം രജിസ്ട്രേഷൻ പദ്ധതി വിശദാംശങ്ങൾ നൽകി പേര് രജിസ്റ്റർ ചെയ്യണം.
- Log in to post comments