സംസ്ഥാന മന്ത്രിസഭാ വാര്‍ഷികം വികസനകാഴ്ചകള്‍ക്കൊപ്പം ഭാവിയുടെ ഭാവിയറിയാന്‍ എന്റെ കേരളം
മന്ത്രിസഭയുടെ വാര്‍ഷികം ആഘോഷം മാത്രമല്ല നാടിന്റെ ഭാവിയുടെ ഭാവി അറിയാനുള്ള അവസരം കൂടിയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ആശ്രാമം മൈതാനത്ത് മെയ് 11 തുടങ്ങി 17ന് സമാപിക്കുന്ന എന്റെ കേരളം പ്രദര്‍ശന-വിപണന മേളയുടെ അന്തിമഘട്ട തയ്യാറെടുപ്പ് വിലയിരുത്തുന്നതിനായി നടത്തിയ ജില്ലാതല അവലോകനയോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
നല്ലനാളെകള്‍ മുന്നില്‍കണ്ടുള്ള വികസനമാണ് സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നതും തുടരാന്‍ ഉദ്ദേശിക്കുന്നതും. നാളിതുവരെ യാഥാര്‍ത്ഥ്യമാക്കിയ പദ്ധതികളുടെ നേര്‍ക്കാഴ്കള്‍, തുടരുന്നവയുടെ വിവരങ്ങള്‍, വരാനിരിക്കുന്ന വികസനപദ്ധതികള്‍ ഒക്കെയാണ് പ്രദര്‍ശനത്തിന്റെ കാതല്‍. ഇങ്ങനെ അവതരിപ്പിക്കുന്നതിന് എല്ലാ വകുപ്പുകളും മുന്‍കൈയെടുക്കണം. ഇതുവഴി നാട്ടില്‍ ഇനിയുണ്ടാകേണ്ടുന്ന വികസനത്തെക്കുറിച്ചുള്ള പൊതുജനാഭിപ്രായം സ്വരൂപിക്കാനാകും.
ലഹരിയുടെ പിടിയില്‍ നിന്ന് സമൂഹത്തെയാകെ പിന്തിരിപ്പിക്കാനുള്ള ദൗത്യം സഗൗരവം നടപ്പിലാക്കുകയാണ് സര്‍ക്കാര്‍. ഇതിനായി നാടൊട്ടുക്ക് പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുകയാണ്. വാര്‍ഷികാഘോഷവേളയിലും പ്രത്യേക പ്രാധാന്യത്തോടെ സന്ദേശങ്ങള്‍ നല്‍കുകയാണ്. മെയ് 17ന് എല്ലാ പഞ്ചായത്തുകളിലും വൈകുന്നേരം ലഹരിക്കെതിരെ സന്ദേശമുയര്‍ത്തുന്ന പരിപാടി നടത്തണം. ചെറുറാലികള്‍ സംഘടിപ്പിച്ച് പഞ്ചായത്തുകേന്ദ്രങ്ങളില്‍ ഒത്തുകൂടി പ്രതിജ്ഞയെടുത്ത് ദീപം തെളിയിക്കുന്ന രീതിയിലാണ് നടത്തേണ്ടത്. പഞ്ചായത്ത് വകുപ്പും ജനപ്രതിനിധികളും ഇതിനായി മുന്‍കൈയെടുക്കണം. എന്റെ കേരളം പരിപാടിയുടെ സമാപന വേദിയില്‍ ലഹരിക്കെതിരെ പ്രതിജ്ഞയും എന്‍. എസ്. ആശുപത്രി സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയുമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് അധ്യക്ഷനായി. സബ്കലക്ടര്‍ നിഷാന്ത് സിഹാര, റൂറല്‍ പൊലിസ് മേധാവി സാബു മാത്യു, എ. ഡി. എം. ജി. നിര്‍മല്‍ കുമാര്‍, ശ്രീനാരായണ ഓപണ്‍ യൂണിവെഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.വി.പി.ജഗതിരാജ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ. എസ്. ശൈലേന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, മറ്റുജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments