വിജ്ഞാന കേരളം : ജില്ലാ കൗൺസിൽ രൂപീകരിച്ചു
മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു
തൊഴിലന്വേഷകരായ ചെറുപ്പക്കാർക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയിൽ ജില്ലാ കൗൺസിൽ രൂപീകരണയോഗം നടന്നു. കാക്കനാട് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.
ഏറ്റവും കൂടുതൽ വ്യവസായങ്ങളും തൊഴിലവസരങ്ങളുമുള്ള ജില്ല എന്ന നിലയിൽ വിജ്ഞാനകേരളത്തിന്റെ സാധ്യതകൾ ജില്ലയിൽ കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന അവസാന വർഷ വിദ്യാർത്ഥികളെ ക്യാമ്പസ് പ്ലേസ്‍മെന്റിലേക്ക് നയിക്കുന്ന നൈപുണ്യ പരിശീലനം, പഠനം പൂർത്തിയാക്കിയ തൊഴിലന്വേഷകരെ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്‍മെന്റ് (ഡി.ഡബ്ല്യു.എം.എസ്) പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യിപ്പിക്കുക, പരിശീലനം നൽകി അനുയോജ്യമായ തൊഴിൽ നൽകുക,ആ ഗസ്റ്റ് മാസത്തോടുകൂടി ഇപ്രകാരം ഒരു ലക്ഷം ഉദ്യോഗാർഥികൾക്ക് തൊഴിൽ ഉറപ്പുവരുത്തുക എന്നിവയാണ് വിജ്ഞാനകേരളം പദ്ധതി ലക്ഷ്യമിടുന്നത് .
ഉദ്യോഗാർത്ഥികളെ തൊഴിലിലേക്ക് എത്തിക്കുന്നതിന് സഹായകരമാകുന്ന തരത്തിൽ പഞ്ചായത്ത് തലത്തിലുള്ള ഫെസിലിറ്റേഷൻ സെന്ററുകളും ബ്ലോക്ക് മുൻസിപ്പാലിറ്റി തലത്തിലെ ജോബ് സ്റ്റേഷനുകളും ജില്ലയിൽ ഈ മാസം അവസാനം പൂർത്തീകരിക്കും . കൂടാതെ ഇവയുമായി ബന്ധപ്പെട്ട് കെ.ആർ.പി, ഡി.ആർ.പി, എൽ.ആർ.പി എന്നിങ്ങനെ മൂന്ന് തട്ടിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ സംവിധാനവും ഒരുങ്ങുമെന്ന് വിജ്ഞാനകേരളം ഉപദേഷ്ടാവ് ഡോക്ടർ തോമസ് ഐസക് യോഗത്തിൽ പറഞ്ഞു.
മന്ത്രി പി രാജീവ് ചെയർമാനായും ജില്ലാ കളക്ടർ സെക്രട്ടറിയായും വിജ്ഞാന കേരളം ഡിഎംസി കൺവീനറായും എംഎൽഎമാരും, ജില്ലാ പഞ്ചായത്ത് ഭാരവാഹികളും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരും, മുനിസിപ്പൽ ചെയർമാൻമാരും, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ഭാരവാഹികളും തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരും പി.എംയു അംഗങ്ങളും അടങ്ങുന്ന കൗൺസിൽ രൂപീകരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ യോഗത്തിൽ അധ്യക്ഷനായി. കില ജില്ലാ ഫെസിലിറ്റേറ്റർ ജുബൈരിയ ഐസക്, എംഎൽഎമാരായ എൽദോസ് കുന്നപ്പിള്ളിൽ,കെ ജെ മാക്സി, ആന്റണി ജോൺ, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് പി. കെ ചന്ദ്രശേഖരൻ നായർ , തൃപ്പൂണിത്തുറ മുനിസിപ്പൽ ചെയർപേഴ്സൺ രമ സന്തോഷ്, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് വിജ്ഞാന കേരളം ഡിഎംസി ആർ. രാജേഷ് എന്നിവർ സംസാരിച്ചു
- Log in to post comments