അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ കേരളം അന്താരാഷ്ട്ര നിലവാരത്തിൽ: മന്ത്രി വി.ശിവന്‍കുട്ടി
#ശ്രീനാരായണപുരം ഗവ.യു.പി.എസില്‍ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നിര്‍വഹിച്ചു#
അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ നമ്മള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നെന്നും കേരളത്തിലെ സ്‌കൂളുകള്‍ സമീപ വര്‍ഷങ്ങളില്‍ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. 100 വര്‍ഷം പിന്നിട്ട ശ്രീനാരായണപുരം ഗവ.യു.പി.എസില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക ക്ലാസ് മുറികള്‍ മുതല്‍ ഡിജിറ്റല്‍ സൗകര്യങ്ങള്‍ വരെ നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും മികച്ച പഠന അന്തരീക്ഷം ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ട്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നിര്‍വചിക്കുന്നില്ല. സബ്ജക്ട് മിനിമം അവതരിപ്പിച്ചുകൊണ്ട് ഈ വര്‍ഷം മുതല്‍ ഒരു നിര്‍ണായക ചുവടുവെയ്പ്പ് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തി. പശ്ചാത്തലമോ സാഹചര്യമോ പരിഗണിക്കാതെ, ഓരോ വിദ്യാര്‍ഥിയും പഠനത്തിന്റെ ഓരോ ഘട്ടത്തിലും അത്യാവശ്യമായ അടിസ്ഥാന അക്കാദമിക് കഴിവുകള്‍ നേടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് സബ്ജക്ട് മിനിമം കൊണ്ട് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ശതാബ്ദി പ്രവേശന കവാടത്തിന്റെ ശിലാസ്ഥാപനം വി.ജോയ് എം.എല്‍.എ നിര്‍വഹിച്ചു. ഒ.എസ് അംബിക എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും പുതിയ കെട്ടിടം നിര്‍മിക്കാന്‍ ഒരു കോടി രൂപ അനുവദിച്ചിരുന്നു.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഒ.എസ്.അംബിക എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഒറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബീന, പ്രഥമാധ്യാപിക സിന്ധു.എം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശന്‍ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments