Skip to main content
.

സഹകാരികൾക്ക് നിയമവഴി തെളിച്ച് സഹകരണ നിയമ സെമിനാർ

 

 

സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ സംഘടിപ്പിച്ച സഹകരണ നിയമ സെമിനാർ സഹാകാരികൾക്ക് പുതുവെളിച്ചം പകർന്നു.

സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ 2023ലെ സമഗ്ര സഹകരണ നിയമ ഭേദഗതി എന്ന വിഷയത്തിലാണ് നാലാം ദിനം സെമിനാര്‍ സംഘടിപ്പിച്ചത്. 

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ സെമിനാർ ഉദ്ഘാടനം ചെയ്തു.

 

പൊതുജനങ്ങളുമായി ദൈനംദിന ബന്ധം നിലനിർത്തുന്ന സ്ഥാപനമാണ് സഹകരണ ബാങ്കുകളെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. സഹകരണ സ്ഥാപനങ്ങളിലെ ഒറ്റപെട്ട ചില ന്യൂനതകൾ പെരിപ്പിച്ച് കാണിക്കാനും പൊതുവിൽ സ്ഥിതി അങ്ങനെയാണെന്ന് വരുത്തി തീർക്കാനും ചില സംഘടിത ശക്തികൾ ശ്രമിക്കുന്നുണ്ട്. സഹകരണ സ്ഥാപനങ്ങളുടെ നല്ല വശങ്ങൾ ഇവർ ചർച്ച ചെയ്യുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. 

 

ജലനിധി ഡയറക്ടർ ബോർഡ് അംഗം ജോസ് കുഴിക്കണ്ടം സെമിനാറിൽ അധ്യക്ഷനായി.

 

കേരള ഹൈക്കോടതി റിട്ടയര്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ അഡ്വ. പി.ഡി. സുബ്രഹ്‌മണ്യന്‍ നമ്പൂതിരി ക്ലാസ് നയിച്ചു. 

കോവിഡ് മഹാമാരി, തുടർച്ചയായുണ്ടായ പ്രകൃതി ദുരന്തങ്ങൾ എന്നിവയെ തുടർന്ന് സംസ്ഥാനത്ത് വായ്പാ തിരിച്ചടവ് മുടങ്ങി. കുടിശിക പിരിച്ച് എടുക്കാൻ കഴിയാത്ത അവസ്ഥയുണ്ടായി. ഇത്തരം പ്രതിസന്ധികളെ അതിജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2023 ൽ സമഗ്ര സഹകരണ നിയമ ഭേദഗതി രൂപികരണത്തിലേക്ക് വഴിതെളിച്ചത്. സഹകരണ നിയമ ഭേദഗതി, ചട്ട ഭേദഗതികളും സെമിനാറിൽ ചർച്ച ചെയ്തു. സഹകരണ മേഖലയിൽ വിമുഖത പ്രകടിപ്പിക്കുന്ന യുവതലമുറയെ മേഖലയിലേക്ക് അടുപ്പിക്കാൻ വിവിധ പദ്ധതികളും, യുവജനങ്ങൾക്ക് സംവരണവും നിയമ ഭേദഗതിയിൽ ഉൾപ്പെടുത്തി. 18 നും 40 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്ക് വേണ്ടി യൂത്ത് കോ-ഓപ്പറേറ്റിവ് സൊസൈറ്റികൾ ആരംഭിക്കാൻ അവസരം നൽകി. കൂടാതെ സഹകരണ സംഘത്തിൽ യുവജനങ്ങൾക്ക് സംവരണവും നിയമ ഭേദഗതിയിൽ ഉൾപ്പെടുത്തി. 18 നും 40 നും ഇടയിൽ പ്രായമുള്ള ഒരംഗം പൊതുവിഭാഗവും, മറ്റൊരു വനിതാ അംഗവും ആയിരിക്കണം. സഹകരണ മേഖലയിലെ പ്രധാനപ്പെട്ട നിയമ- ചട്ട ഭേദഗതികളും ഉദാഹരണം സഹിതം സെമിനാറിൽ വിശദീകരിച്ചു. ജൂനിയർ ക്ലർക്ക് മുതലുള്ള നിയമനങ്ങൾ എക്സാം ബോർഡിന് കൈമാറി, സഹകരണ സംഘങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ അനുമതി, പ്രിവൻ്റേ ഷൻ ഓഫ് കറപ്ഷൻ ആക്ട് തുടങ്ങി സഹകരണ നിയമത്തിൻ്റെ കീഴിലാക്കിയ പ്രവർത്തനങ്ങളും സെമിനാറിൽ വിശദമാക്കി.  

 

യോഗത്തിൽ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫിസർ ടി.പി. സുധേഷ്, സഹകരണ സംഘം ജോയിൻ്റ് രജിസ്ട്രർ റൈനു തോമസ് സ്വാഗതവും, എൻ്റെ കേരളം സംഘാടക സമിതി വിനോദ കമ്മറ്റി ചെയർമാൻ സണ്ണി ഇല്ലിക്കൽ നന്ദിയും പറഞ്ഞു.

 

ചിത്രം: 1) സഹകരണ നിയമ ഭേദഗതി സെമിനാർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് റോമിയോ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

 

2) സഹകരണ നിയമഭേദഗതി സെമിനാറിൽ പി.ഡി സുബ്രഹ്മണ്യം നമ്പൂതിരി ക്ലാസ് എടുക്കുന്നു.

 

 

date