Skip to main content
സർക്കാരിൻ്റെ നാലാം വാർഷികം എൻ്റെ കേരളം പ്രദശന വിപണനമേളയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം കണ്ണൂർ രാഗലയം കൂട്ടുകാർ ഒരുക്കിയ ഗാനമാലിക

എന്റെ കേരളം: സംഗീതത്തിന്റെ മുത്തുകൾ കോർത്തിണക്കി രാഗമാല

പരിമിതികളുടെ പരിധി നമ്മുടെ സ്വപ്നങ്ങളോളം വിശാലമെന്ന് ചിലപ്പോഴൊക്കെ ചിലർ കാട്ടിത്തരും.  എന്റെ കേരളം വേദിയിൽ ഏഴ് കുട്ടി ഗായകർ തീർത്ത സംഗീത വിസ്മയം ആസ്വാദകരുടെ മനസ് മാത്രമല്ല കണ്ണും നിറച്ചു. സമഗ്രശിക്ഷാ കേരളം കണ്ണൂരിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുത്ത ഭിന്നശേഷി വിദ്യാർത്ഥികളുടെ സംഗീതട്രൂപ്പായ രാഗലയത്തിലെ അംഗങ്ങളാണ് ഈ അനുഗ്രഹീത കലാകാരന്മാർ. ആറാം ക്ലാസുകാരൻ വചസ് മുതൽ പ്ലസ് ടു ക്കാരായ നീരജ വരെയുള്ളവർ വേദിയിൽ സംഗീതം കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിച്ചു. മലയാളം, ഹിന്ദി സെമി ക്ലാസിക്കുകളിൽ തുടങ്ങി സമൂഹമാധ്യമ  ട്രെൻഡിംഗ് ആയ അടിച്ചുപൊളി പാട്ടുകൾ വരെ അതിമനോഹരമായി കൊച്ചുമിടുക്കർ അവതരിപ്പിച്ചു.
 
നീരജ, ആർദ്ര, അനന്യ, റയാൻ സുരേഷ്, വചസ്, ദർശന, മുഹമ്മദ്‌ ഷാനിദ് എന്നിവരാണ് എന്റെ കേരളം വേദിയിൽ പാട്ടിന്റെ തേന്മഴ തീർത്തത് 
 കൂട്ടത്തിൽ ഏറ്റവും ഇളയവൻ വചസ് എന്ന ആറാം ക്ലാസുകാരൻ അഭിനയം,ചിത്രരചന,പ്രസംഗം എന്നിവയിൽ നിരവധി ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. "ഇവ കളർ ഓഫ് ലൈഫ്" എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിന് 2022 ൽ ഐഡിയൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്‌കാരം,2023 മാക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ കിഡ്സ്‌ ആക്ടർ ജൂറി അവാർഡ്, 2021 ൽ ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫയർ ദേശീയ ചിത്രരചന മത്സരത്തിൽ ഒന്നാം സ്ഥാനം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. 2024 ൽ സ്കൂൾ പ്രവേശനോത്സവത്തിലാണ് രാഗലയം 
കുട്ടികൾ ആദ്യമായി സംഗീത പരിപാടി അവതരിപ്പിച്ചത്. പിന്നീട് ഇങ്ങോട്ട് 20 വേദികളിൽ സംഗീതം അവതരിപ്പിക്കാനുള്ള അവസരം ഈ സംഗീത പ്രതിഭകളെ തേടിയെത്തി. കുട്ടികൾക്ക് മികച്ച പിന്തുണയുമായി സമഗ്രശിക്ഷാ കേരളം പ്രോഗ്രാം കോഓർഡിനേറ്റർ ടി. സി. വിനോദ് കുമാർ ഡിപിഒ ഡോ. പി കെ സബിത് സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ ധന്യ, നിഷ എന്നിവരും സംഗീത  പരിശീലകനായ പ്രമോദ്. ജ. ഗോവിന്ദും ഉണ്ടായിരുന്നു.

date