സ്ഥലമില്ലെങ്കിലും മത്സ്യകൃഷി നടത്താം: ഫിഷറീസ് വകുപ്പിന്റെ സ്റ്റാളിൽ എല്ലാമുണ്ട്
മത്സ്യകൃഷിയോട് താൽപ്പര്യം ഉണ്ടെങ്കിലും അത് ചെയ്യാൻ സാധ്യമായ സ്ഥലസൗകര്യമില്ലാത്തവർക്കായി പുതിയ കൃഷി രീതിയെ വിശദീകരിക്കുകയാണ് ഫിഷറീസ് വകുപ്പിന്റെ സ്റ്റാൾ. പങ്കേഷ്യസ് കൃഷി, അക്വാ കൾച്ചറൽ സിസ്റ്റം എന്നിവയാണ് ഈ സ്റ്റാളിലൂടെ പരിചയപ്പെടുത്തുന്നത്. ഇവ രണ്ടും അതിസാന്ദ്രത മത്സ്യകൃഷി രീതിയാണ്. പങ്കേഷ്യസ് കൃഷിയിൽ വളർത്തുന്നത് വിദേശമൽസ്യമായ മലേഷ്യൻ വാളയാണ്. സ്ഥലസൗകര്യം ഇല്ലാത്തവർക്കായി മുറ്റത്ത് 50 സെന്റീമീറ്റർ ആഴത്തിൽ കുഴിയെടുത്ത് കുളത്തിന് ചുറ്റും 100 സെന്റീമീറ്റർ ഉയരത്തിൽ ബണ്ട് നിർമ്മിച്ച് പടുതാകുളം ഉണ്ടാക്കിയെടുക്കാം. ഇതിലാണ് മത്സ്യത്തിനെ വളർത്തേണ്ടത്.
മറ്റൊരു കൃഷി രീതിയാണ് അക്വാപോണിക്‌സ് എന്ന റീസൈക്ലിംഗ് അക്വാ കൾചറൽ സിസ്റ്റം. ഇവിടെ മത്സ്യകൃഷി നടത്തുന്നയാൾക്ക് ഒരേസമയം പച്ചക്കറി കൃഷിയും നടത്താം എന്നതാണ് ഗുണം. മത്സ്യങ്ങളെ വളർത്തുന്ന കുളത്തിലെ വെള്ളം വഴി തൊട്ടു തന്നെയുള്ള പച്ചക്കറി തോട്ടത്തിൽ എത്തിച്ച് അവിടെ നിന്നും ഫിൽറ്റർ ചെയ്ത് വീണ്ടും കുളത്തിലെക്ക് സന്നിവേശിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ രണ്ട് കൃഷിരീതികൾക്ക് പുറമെ നിരവധി മത്സ്യകൃഷി അറിവുകളും ഈ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.
- Log in to post comments