Skip to main content

അവയവദാനത്തിന് കൈകോർക്കാനായി രജിസ്‌ട്രേഷൻ സൗകര്യം ഒരുക്കി കെ-സോട്ടോ

'എന്റെ കേരളം' പ്രദർശന വിപണന വേദിയിൽ അവയവദാന രജിസ്‌ട്രേഷനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് കെ-സോട്ടോ. മരണാനന്തര അവയവദാനം ചെയ്യാൻ താല്പര്യമുള്ളവർക്ക് മേളയിലെ കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ(കെ-സോട്ടോ) സ്റ്റാളിൽ നേരിട്ടെത്തി ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. സംസ്ഥാനത്ത് മരണാനന്തര അവയവദാനം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള കെ-സോട്ടോയുടെ 'ജീവനേകാം ജീവനാകാം' ക്യാംപയിന് കൂടുതൽ പ്രചാരണം ലഭിക്കുന്നതിനും അവയവദാനത്തിന് സന്നദ്ധരാവുന്നവരുടെ എണ്ണം വർധിപ്പിക്കുന്നതിനുമാണ് രജിസ്‌ട്രേഷൻ ഡ്രൈവ് സംഘടിപ്പിച്ചിരിക്കുന്നത്. മേളയിൽ എത്തുന്ന പൊതുജനങ്ങൾക്ക് ഈ അവസരം പ്രയോജനപ്പെടുത്തി അവയവദാനത്തിന് സന്നദ്ധരാകാവുന്നതാണ്. രജിസ്‌ട്രേഷനായി എത്തുന്നവർ ആധാർ നമ്പർ കരുതേണ്ടത് അത്യാവശ്യമാണ്. സ്റ്റാളിലെ കെ-സോട്ടോ പ്രതിനിധികൾ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സഹായിക്കും. താത്പര്യമുള്ളവർക്ക് നേരിട്ടത്തി മരണാനന്തര അവയവദാനത്തിന് രജിസ്റ്റർ ചെയ്യാവുന്നതാണ്. നിരവധി പേരാണ് സ്റ്റാളിൽ നേരിട്ടെത്തി രജിസ്റ്റർ ചെയുന്നത്.

ജീവിച്ചിരിക്കുമ്പോൾ മരണാനന്തര അവയവദാനത്തിന് എങ്ങനെ രജിസ്റ്റർ ചെയ്യാം?
ജീവിച്ചിരിക്കുമ്പോൾ തന്നെ മരണാനന്തര അവയവദാനത്തിന് രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കെ-സോട്ടോയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://ksotto.kerala.gov.in/ എന്ന ലിങ്കിലോ അല്ലെങ്കിൽ നാഷണൽ ഓർഗൻ ഡോണർ രജിസ്ട്രിയുടെ notto.abdm.gov.in/register എന്ന ലിങ്കിലോ നിങ്ങളുടെ ആധാർ നമ്പർ ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷൻ വിജയകരമായാൽ നിങ്ങൾക്ക് ഒരു ഡോണർ കാർഡ് ലഭിക്കും. ഈ കാർഡിൽ നിങ്ങളുടെ ഫോട്ടോയും രജിസ്ട്രേഷൻ വിവരങ്ങളും ഉണ്ടായിരിക്കും. നിങ്ങൾക്ക് ഈ കാർഡ് പ്രിന്റ് എടുത്തോ ഡിജിറ്റൽ രൂപത്തിലോ സൂക്ഷിക്കാം. രജിസ്ട്രേഷൻ വിവരം നിങ്ങളുടെ അടുത്ത ബന്ധുക്കളെ നിർബന്ധമായും അറിയിക്കണം. നിങ്ങളുടെ രജിസ്ട്രേഷൻ വിവരങ്ങൾ വളരെ രഹസ്യമായാണ് സൂക്ഷിക്കുക. മറ്റൊരാൾക്കും ഈ വിവരം ലഭ്യമാകില്ല.

date