Skip to main content

മാനസികാരോഗ്യം; കാലികപ്രസക്തമായ സ്റ്റാളുമായി ആയുർവേദ വിദ്യാർഥികൾ

കേരള ആയുർവേദ പഠന ഗവേഷണ സൊസൈറ്റിയുടെ നേതൃത്വത്തിൽ വൈദ്യരത്‌നം പി.എസ് വാര്യർ ആയുർവേദ കോളേജ് കോട്ടക്കലിലെ പിജി വിദ്യാർഥികൾ എൻറെ കേരളം പ്രദർശന വിപണന മേളയിൽ എത്തുന്നത് മാനസികാരോഗ്യത്തിന്റെ പ്രസക്തി വ്യക്തമാക്കുന്ന സ്റ്റാൾ ഒരുക്കിയാണ്. ആരോഗ്യപൂർണമായ ജീവിതം നയിക്കുന്നതിനും രോഗങ്ങൾ വരാതെ സൂക്ഷിക്കുന്നതിനും രോഗങ്ങൾക്കുള്ള ചികിത്സ ഫലപ്രദമാകുന്നതിനും മാനസികാരോഗ്യത്തോടെയുള്ള ജീവിതരീതി അനിവാര്യമാണ്. ഉത്കണ്ഠ, ഉറക്കക്കുറവ്, വിഷാദം എന്നീ മാനസിക ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ കൃത്യമായ ചോദ്യങ്ങളിലൂടെ രോഗനിർണയവും ആവശ്യമെങ്കിൽ തുടർ ചികിത്സയ്ക്കുള്ള നിർദ്ദേശവും സ്റ്റാളിൽ നിന്ന് ലഭിക്കും. ഇതോടൊപ്പം തന്നെ നിരവധി വിദ്യാർഥികളാണ് മാതാപിതാക്കളോടൊപ്പം അമിതമായ ഫോൺ ഉപയോഗവും പഠിത്തത്തിലെ ഏകാഗ്രത നഷ്ടപ്പെടുന്നതും കാണിച്ച് സ്റ്റാളിൽ മാത്രം ചികിത്സ തേടിയത്. ശാരീരിക രോഗം പോലെതന്നെ മാനസികരോഗങ്ങൾക്കും ഫലപ്രദമായ ചികിത്സ ലഭ്യമാണെന്നും ചിട്ടയായ ജീവിതചര്യകളും കൃത്യമായ ചികിത്സയും കൊണ്ട് മാനസികരോഗികൾക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാൻ ആകുമെന്ന സന്ദേശമാണ് മേള സന്ദർശകർക്ക് ഇവർ നൽകുന്നത്. ഇതോടൊപ്പം തന്നെ ക്യു.ആർ കോഡ് സ്‌കാൻ ചെയ്ത് പ്രമേഹ സാധ്യത മനസ്സിലാക്കാനുള്ള സംവിധാനവും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.

date