മേളയിലെ ആകർഷണമായി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റാൾ
കോട്ടക്കുന്നിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ എത്തിയാൽ മലപ്പുറം അഗ്നിരക്ഷാസേനയുടെ സ്റ്റാളിൽ എപ്പോഴും തിരക്കോട് തിരക്കാണ്. നമ്മുടെ ചുറ്റുപാടും ഉണ്ടാകുന്ന അഗ്നിബാധ, പ്രകൃതിദുരന്തം, വാഹനാപകടം, പ്രഥമ ശുശ്രൂഷ എന്നിവയെക്കുറിച്ച് അറിയാനും ഈ അവസരങ്ങളിൽ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കേണ്ടത് പവലിയനിൽ എത്തുന്ന ഓരോരുത്തർക്കും ഉദ്യോഗസ്ഥർ വിശദീകരിച്ചു നൽകും. ഗ്യാസ് സിലിൻഡറിന് തീ പിടിച്ചാൽ സ്വീകരിക്കേണ്ട നടപടികൾ, അപകടത്തിൽ പെടുന്ന വാഹനങ്ങൾ ഉയർത്താൻ ഉപയോഗിക്കുന്ന ന്യൂമാറ്റിക് എയർബാഗ്, വാഹനം പൊളിച്ച് യാത്രക്കാരെ പുറത്തെടുക്കുന്നതിനുള്ള വിവിധതരം കട്ടറുകൾ, അപകടകത്തിൽ പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റുമ്പോൾ പരുക്കുകൾ ഗുരുതരമാകാതിരിക്കാൻ നൽകുന്ന നെക്ക് ബാൻഡ് പോലുള്ള സപ്പോർട്ടിംഗ് ഉപകരണങ്ങൾ, വിവിധതരം ഫയർ സ്യൂട്ടുകൾ, സ്കൂബ ഡൈവിംഗ് സ്യൂട്ടും സിലിൻഡറും, വിവിധ സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന അപകട സൂചന അലാറം, കെട്ടിടങ്ങളിൽ ഉപയോഗിക്കുന്ന ഫയർ സേഫ്റ്റി സിസ്റ്റം, വിവിധതരം ഫയർ എക്സിറ്റിൻ ക്വിഷറുകൾ, ഫയർ ബോൾ തുടങ്ങി അഗ്നി രക്ഷാ സേനയുടെ ഒട്ടു മിക്ക പ്രവർത്തനങ്ങളും കണ്ടും കേട്ടും മനസ്സിലാക്കാൻ സ്റ്റാളിൽ സൗകര്യമുണ്ട്. ഇതോടൊപ്പം സിവിൽ ഡിഫൻസ് ടീം അംഗങ്ങൾ പ്രഥമ ശുശ്രൂഷയിൽ പരിശീലനവും നൽകും.
- Log in to post comments