Skip to main content

പിഴല 350 മീറ്റർ റോഡ് കൂട്ടായ പ്രവർത്തനത്തിന്റെ വിജയം: മന്ത്രി എം ബി രാജേഷ്

 

പിഴല 350 മീറ്റർ റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു

കടമക്കുടിയിലെ ജനങ്ങളുടെ ദീർഘകാല ആവശ്യമായിരുന്ന പിഴല 350 മീറ്റർ റോഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ജിഡ, ജനപ്രതിനിധികൾ എന്നിവയുടെ കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ജിഡയുടെ സഹായത്തോടെ 1.94 കോടി മുടക്കി നിർമ്മാണം പൂർത്തീകരിച്ച പിഴല 350 മീറ്റർ റോഡിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കോക്കനട്ട് പൈലിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പാലത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. 4500 തെങ്ങ് ഉപയോഗിച്ച് പൈലിങ് നടത്തി മണ്ണ് ബലപ്പെടുത്തിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള ജിഡ ആദ്യമായി ഏറ്റെടുത്ത് നടപ്പിലാക്കിയ പൊതുമരാമത്ത് പ്രവർത്തി എന്ന പ്രത്യേകതയും പിഴല 350 മീറ്റർ പാലത്തിനുണ്ടെന്നും മന്ത്രി പറഞ്ഞു. 

2020ൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത 100 കോടി രൂപ മുടക്കി നിർമ്മിച്ച പിഴല - മൂലമ്പിള്ളി പാലത്തിലേക്കുള്ള ഏക പ്രവേശനമാർഗ്ഗമാണ് പിഴല 350 മീറ്റർ റോഡ്. തെക്ക് കണ്ടയ്നർ ടെർമിനൽ പാത (966 എ ഹൈവേ ) യുമായും വടക്ക് നാഷണൽ ഹൈവേ 17മായും ബന്ധിപ്പിക്കുന്ന പിഴല - ചേന്നൂർ - ചരിയം തുരുത്ത് 9 മീറ്റർ പ്രോജക്റ്റിന്റെ പ്രഥമ റീച്ചും ഈ റോഡാണ്. 350 മീറ്റർ റോഡിൽ നിന്നും തുടങ്ങുന്ന രണ്ടാമത്തെ റീച്ച് പിഴല റോഡാണ്. മൂന്നാം റീച്ചാണ് ചരിയം തുരുത്ത് റോഡ്. 

ചേന്നൂർ - കോതാട് പാലം, വലിയ കടമക്കുടി - ചാത്തനാട് പാലം, പിഴല - കടമക്കുടി പാലം, പിഴല - ചെറിയ കടമക്കുടി പാലം എന്നീ 5 പാലങ്ങളിൽ നിന്നും അനുബന്ധ റോഡുകളിൽ നിന്നും കണ്ടയ്നർ ടെർമിനൽ പാതയിലേക്ക് ഉള്ള ഏക പ്രവേശനമാർഗ്ഗവും 350 മീറ്റർ കണക്റ്റിവിറ്റി അപ്രോച്ച് റോഡാണ്.

പിഴല സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, മുൻ ഫിഷറീസ് വകുപ്പ് മന്ത്രി എസ് ശർമ, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സരിത സനൽ, കടമക്കുടി പഞ്ചായത്ത് പ്രസിഡൻ്റ് മേരി വിൻസൻ്റ്, ജിഡ സെക്രട്ടറി രഘുരാമൻ, കടമക്കുടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വിപിൻരാജ്, ജഡാ ജനറൽ കൗൺസിൽ അംഗം വി വി ജോസഫ് മാസ്റ്റർ, ജനപ്രതിനിധികൾ, പിഴല നിവാസികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date