Skip to main content

വഴിയോര വിശ്രമകേന്ദ്രങ്ങളിൽ വൃത്തിയും ഗുണമേന്മയും പ്രധാനം: മന്ത്രി എം ബി രാജേഷ്

 

വൃത്തിയോടെയും ഗുണമേന്മയോടെയും സർക്കാരിൻ്റെ വഴിയോര വിശ്രമ കേന്ദ്രങ്ങൾ നിലനിർത്താൻ ഏറ്റെടുക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. തിരുവില്വാമല ഗ്രാമപഞ്ചായത്ത് സംസ്ഥാന ടൂറിസം വകുപ്പിൻ്റെ സഹായത്തോടെ നിർമിച്ച വഴിയോര വിശ്രമ കേന്ദ്രത്തിൻ്റെ കെട്ടിടോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ ശുചിമുറികൾ എന്നത് മനുഷ്യാവകാശമാണെന്നും യാത്ര ചെയ്യുന്ന സ്ത്രീകളടക്കമുള്ളവർക്ക് അതിനുള്ള സൗകര്യം ഒരുക്കുന്നതിൻ്റെ ഭാഗമായാണ് കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ടെയ്ക്ക് എ ബ്രേക്ക് കേന്ദ്രങ്ങൾ കൊണ്ടുവന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

യു.ആർ പ്രദീപ് എം എൽ എ അധ്യക്ഷനായി. കെ. രാധാകൃഷ്ണൻ എം പി വിശിഷ്ടാതിഥിയായി. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം. അഷറഫ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ എസ്. നായർ എന്നിവർ മുഖ്യാതിഥികളായി. അസിസ്റ്റൻ്റ് എഞ്ചിനീയർ അലൻ ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. 

28 ലക്ഷം രൂപ ചെലവിൽ തിരുവില്വാമല വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിന് സമീപത്തായി നിർമിച്ച വഴിയോര വിശ്രമകേന്ദ്രത്തിൽ കഫേറ്റീരിയ, ശുചിമുറി, ഭിന്നശേഷി സൗഹൃദ റാമ്പ് എന്നിവ ഒരുക്കിയിട്ടുണ്ട്. ഭാവിയിൽ കുട്ടികൾക്കായി പാർക്കും ഒരുക്കാൻ പഞ്ചായത്ത് പദ്ധതിയിടുന്നു. 

 ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ പത്മജ, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു സുരേഷ്, തിരുവില്വാമല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം ഉദയൻ, പഞ്ചായത്ത് അംഗങ്ങളായ വി രാമചന്ദ്രൻ, വിനി ഉണ്ണികൃഷ്ണൻ, യു ദേവി, എം ഗിരിജ, ആർ രഞ്ജിത്ത്, കെ ബാലകൃഷ്ണൻ, പ്രശാന്തി എം, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷാജി തോമസ്, മധു ആനന്ദ്, മൊയ്തീൻ കുട്ടി, ജയപ്രകാശ്, ലിജിൻ ഫ്രാൻസീസ് , വ്യാപാരി പ്രതിനിധി പി നാരായണൻകുട്ടി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രേഖ ബി നായർ തുടങ്ങിയവർ പങ്കെടുത്തു.

date