ചാവക്കാട് കോടതി കെട്ടിടം അവസാന മിനുക്ക് പണിയിൽ; പുരോഗതി വിലയിരുത്തി എം.എല്‍.എ എന്‍.കെ അക്ബർ
അവസാന മിനുക്ക് പണി പുരോഗമിക്കുന്ന ചാവക്കാട് കോടതി കെട്ടിടത്തിന്റെ നിര്‍മാണം എന്‍.കെ അക്ബര്‍ എം.എല്‍.എ വിലയിരുത്തി. 37.9 കോടി രൂപ ചിലവഴിച്ച് അഞ്ച് നിലകളിലായാണ് കെട്ടിടം നിർമിക്കുന്നത്. 50,084 സ്ക്വയര്‍ഫീറ്റിൽ ആധുനിക രീതിയിൽ നിർമിക്കുന്ന കെട്ടിടം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി, പോക്സോ കോടതി, മുന്‍സിഫ് കോടതി, സബ് കോടതി എന്നിവയ്ക്ക് പ്രവര്‍ത്തിക്കാവുന്ന രീതിയിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. കെട്ടിടത്തില്‍ ബാര്‍ അസോസിയേഷന്‍, ക്ലാര്‍ക്ക് അസോസിയേഷന്‍ എന്നിവയ്ക്കുള്ള ഹാളുകളും പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസും ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഉണ്ടാകും. നിലവില്‍ കെട്ടിടത്തിന്റെ ഇന്റീരിയർ പ്രവൃത്തികൾ, കോടതിക്കുളത്തിന്റെ നവീകരണം, മഴവെള്ള സംഭരണ സംവിധാനം തുടങ്ങിയവയാണ് നടക്കുന്നത്.
ജൂലായ് അവസാനത്തോടെ എല്ലാ പ്രവൃത്തികളും പൂര്‍ത്തീകരിക്കാനാകുമെന്നും ഹൈക്കോടതി അനുമതിയോടെ പുതിയ കെട്ടിടത്തില്‍ കോടതി ആരംഭിക്കാനാകുമെന്നും എം.എല്‍.എ പറഞ്ഞു. എം.എല്‍.എയോടൊപ്പം ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത്, അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. രജിത്ത് കുമാര്‍, പൊതുമരാമത്ത് സ്പെഷ്യല്‍ ബില്‍ഡിംഗ് വിഭാഗം അസിസ്റ്റൻ്റ് എഞ്ചിനീയര്‍ ശാലിനി, ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍, കരാറുകാരായ നിര്‍മാണ കമ്പനിയുടെ എഞ്ചിനീയര്‍മാര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.
- Log in to post comments