Skip to main content

*ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി ക്രൈസിസ് ഇന്റെർവെൻഷൻ സെന്റർ എറണാകുളം കാക്കനാട് പ്രവർത്തനമാരഭിക്കും; മന്ത്രി ഡോ. ആർ ബിന്ദു* 

 

 

ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി ക്രൈസിസ് ഇന്റെർവെൻഷൻ സെന്റർ എറണാകുളം കാക്കനാട് പ്രവർത്തനമാരഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു അറിയിച്ചു.

 

രാജ്യത്ത് ആദ്യമായി ട്രാൻസ്‌ജെൻഡർ നയം ആവിഷ്ക്കരിച്ചു നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. സംസ്ഥാന സർക്കാരിന്റെ സാമൂഹ്യനീതി വകുപ്പ്, ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സാമൂഹ്യ ഉന്നമനത്തിനായി വിവിധങ്ങളായ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കി വരുന്നു. ഇതിന്റെ ഭാഗമായി എറണാകുളം കാക്കനാട് വച്ച് 2025 മെയ് 12ന് ട്രാൻസ്ജെൻഡർ വ്യക്തികൾക്കായുള്ള ക്രൈസിസ് ഇൻ്റർവെൻഷൻ സെൻ്റർ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. രാവിലെ പത്തു മണിക്ക് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് തൃശ്ശൂർ പ്രസ് ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 

 

വിദ്യാഭ്യാസം മുതല്‍ ആരോഗ്യ സംരക്ഷണം വരെയും സ്വയംതൊഴില്‍ നൈപുണ്യ പരിശീലനം മുതല്‍ വിവാഹ ധനസഹായം വരെയും, വിവിധങ്ങളായ മേഖലകളുടെ പ്രാധാന്യം കണക്കിലെടുത്തുകൊണ്ടാണ് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ സമഗ്ര ഉന്നമനം കണക്കിലാക്കി വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നത്. അതേ സമയം, ട്രാൻസ്ജെൻഡർ വ്യക്തികൾ സാമൂഹികമായി പലവിധ അതിക്രമങ്ങൾ നേരിടുന്നുണ്ട്. പലതരത്തിൽ വിവേചനം കാണിക്കുന്നതും അവഗണിയ്ക്കുന്നതും മോശമായി പെരുമാറുന്നതും ശാരീരിക അതിക്രമങ്ങൾക്ക് ഇരയാക്കുന്നതും മാനസിക പീഡനങ്ങൾ ഏൽപ്പിക്കുന്നതും ട്രാൻസ്‌ജെൻഡർ സമൂഹം നേരിടുന്ന വെല്ലുവിളികളാണ്. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സാമൂഹ്യസുരക്ഷയും സംരക്ഷണവും മുൻനിർത്തിക്കൊണ്ട്, ഏതു പ്രതികൂല സാഹചര്യങ്ങളെയും വെല്ലുവിളികളെയും നേരിടാൻ ആവശ്യമായ ഇടപെടലുകൾ നടത്തുവാനും, അവർക്ക് വേണ്ട മാനസിക പിന്തുണ നൽകുവാനുമായി ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ക്രൈസിസ് ഇന്റർവെൻഷൻ സെൻ്റർ സംസ്ഥാനത്ത് എറണാകുളം കേന്ദ്രമായി പ്രവർത്തന സജ്ജമായിരിക്കുകയാണെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. 

 

സാമൂഹ്യപിന്തുണാ സംവിധാനങ്ങൾ കുറവായതു കൊണ്ടുള്ള ഉയർന്ന മാനസിക സമ്മർദ്ദം അനുഭവിക്കേണ്ടി വരുന്നവരും, കുടുംബങ്ങളിൽ നിന്ന് ഒറ്റപ്പെട്ടു കഴിയുന്നതുകൊണ്ട് ഈ അരക്ഷിതത്വം വർദ്ധിച്ച നിലയിൽ നേരിടേണ്ടി വരുന്നവരുമായ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് അടിയന്തിര പ്രതിസന്ധികളിൽ ആവശ്യമായ ഇടപെടൽ നടത്തുന്നതിനും, പരാതികൾക്ക് പരിഹാരം കാണുന്നതിനും നിലവിൽ മറ്റു സംവിധാനങ്ങൾ ഇല്ല. ഇത് ക്രൈസിസ് ഇൻ്റർവെൻഷൻ സെൻ്റിന്റെ പ്രാധാന്യം ഏറ്റുന്നു. ലൈംഗിക പീഡനങ്ങൾ, ശാരീരിക അതിക്രമങ്ങൾ, മാനസികപീഡന അതിക്രമങ്ങൾ, ഗാർഹികപീഡനങ്ങൾ, ആരോഗ്യ സംബന്ധിയായ പ്രശ്നങ്ങൾ കൊണ്ട് ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾ തുടങ്ങിയ വിവിധങ്ങളായ പ്രതിസന്ധികളിൽ, ട്രാൻസ്ജെൻഡർ വ്യക്തികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനാണ് ഈ സംവിധാനമെന്നും മന്ത്രി കൂട്ടി ചേർത്തു. 

 

ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്-ലൈൻ നമ്പർ , കൗൺസിലർമാരുടെ സേവനം എന്നിവ സെന്ററിൽ ലഭ്യമാകും. പോലീസ്, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകളുമായുള്ള ഏകോപനം സെന്ററിൽ നിർവ്വഹിക്കപ്പെടും, പ്രകൃതി ദുരന്തങ്ങളും പകർച്ചവ്യാധികളും പോലുള്ള അടിയന്തിര ഘട്ടങ്ങളിൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് കൈത്താങ്ങായി കേന്ദ്രം പ്രവർത്തിക്കും. പ്രതിസന്ധിയിൽ അകപ്പെടുന്ന വ്യക്തിക്ക് പെട്ടെന്നു വേണ്ട പരിചരണവും, പ്രതിസന്ധി തരണം ചെയ്തു സാധാരണ നിലയിലേക്ക് മടങ്ങാൻ സഹായവും നൽകലാണ് കേന്ദ്രത്തിന്റെ ആത്യന്തിക പ്രവർത്തന ലക്ഷ്യമെന്നും മന്ത്രി ആർ.ബിന്ദു പറഞ്ഞു. 

 

ആദ്യഘട്ടമെന്ന നിലയിൽ സെൻ്റർ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. മൂന്ന് കൗൺസിലർമാർ ഒരു കോർഡിനേറ്റർ എന്നിവരുടെ സേവനങ്ങൾ ഉൾപ്പെടെ സെൻ്റർ പ്രവർത്തനം ആരംഭിക്കുന്നതോടെ തന്നെ ഇരുപത്തിനാലു മണിക്കൂറും സക്രിയമായ ഹെൽപ്പ് ലൈൻ നമ്പർ 1800 425 2147 ലഭ്യമാക്കും. ആധുനിക വിവരസാങ്കേതിക സജ്ജീകരണങ്ങളോടു കൂടിയുള്ള മുഴുവൻ സമയ കോൾ സെൻ്റർ കൂടിയായി ക്രൈസിസ് ഇന്റർവെൻഷൻ സെൻ്ററിനെ സജ്ജമാക്കുന്നതിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. 

 

കഴിഞ്ഞ സാമ്പത്തിക വർഷങ്ങളിൽ 24,75,000 രൂപ ചെലവഴിച്ചാണ് ഇതിനായുള്ള കെട്ടിട നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കിയത്. നടപ്പു സാമ്പത്തിക വർഷം പദ്ധതി പ്രവർത്തനങ്ങൾക്കായി 34 ലക്ഷം രൂപ വകയിരുത്തിയതായും മന്ത്രി പറഞ്ഞു. 

 

ട്രാൻസ് ജെൻഡർ വ്യക്തികൾ തന്നെയാണ് സെൻ്റർ പ്രവർത്തിപ്പിക്കുക. ട്രാൻസ് ജെൻഡർ ശാക്തീകരണത്തിൽ സാമൂഹ്യനീതി വകുപ്പിൻ്റെ വിവിധ സംരംഭങ്ങളിലൂടെ നേടിയെടുക്കാൻ കഴിഞ്ഞ മുന്നേറ്റത്തിൻ്റെ നാഴികക്കല്ലാണ് ഈ കേന്ദ്രവും അതിന്റെ നടത്തിപ്പു സംവിധാനവുമെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. എറണാകുളം ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഇൻ ചാർജ് സിനോ സേവിയും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

date