ഏകീകൃത ഐഡന്റിറ്റി കാർഡ് : വിവരങ്ങൾ പരിഷ്കരിക്കാൻ അവസരം
തൊഴിൽ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം ഒരു കുടക്കീഴിലാക്കി കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വകുപ്പ് നടപടി തുടങ്ങി. ഇതിനായി രൂപീകരിച്ച അഡ്വാൻസ്ഡ് ഇൻഫർമേഷൻ ഇന്റർഫേസ് സിസ്റ്റം സോഫ്റ്റ്വെയറിലൂടെയുള്ള വിവരശേഖരണം കുറ്റമറ്റതാക്കി ഏകീകൃത ഐഡന്റിറ്റി കാർഡ് നൽകുന്ന നടപടി അന്തിമഘട്ടത്തിലാണ്. എല്ലാ കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളും രജിസ്ട്രേഷൻ ഡാറ്റ സോഫ്റ്റ്വെയർ പരിശോധിച്ച് നൽകിയ വിവരങ്ങൾ പൂർണമാണെന്ന് ഉറപ്പുവരുത്തേണ്ടതും ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തി അപ് ലോഡ് ചെയ്യേണ്ടതുമാണ്. ക്ഷേമനിധി ബോർഡുകൾ മുഖേനയോ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ തൊഴിലാളികൾക്ക് സ്വന്തമായോ വിവരങ്ങൾ സോഫ്റ്റ്വെയറിൽ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. കേരള തയ്യൽ ക്ഷേമനിധി ബോർഡ് അംഗങ്ങളിൽ നിലവിൽ അംഗത്വം മുടങ്ങികിടക്കുന്ന അംഗങ്ങളും, പെൻഷൻ ഗുണഭോക്താക്കളും ഒഴികെയുള്ള തൊഴിലാളികൾക്ക് സോഫ്റ്റ്വെയറിൽ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, മൊബൈൽ നമ്പർ, കേരള തയ്യൽ ക്ഷേമനിധി ബോർഡ് നിഷ്കർഷിക്കുന്ന മറ്റ് രേഖകൾ സഹിതമായിരിക്കണം അപ്ഡേഷൻ നടത്തേണ്ടത്. ജൂലൈ 31 വരെയാണ് അപ്ഡേഷൻ ചെയ്യന്നതിന് അവസരം നൽകിയിട്ടുള്ളത്. ഏകീകൃത ഐഡന്റിറ്റി കാർഡിനുള്ള (യൂണിക് ഐഡന്റിറ്റി കാർഡ്) തുകയായ 25 രൂപ ഇതിനോടകം നൽകാത്തവർ സോഫ്റ്റ്വെയറിൽ ഓൺലൈൻ പേയ്മെന്റ് മുഖേന ആ തുക അടക്കേണ്ടതാണെന്നും ലേബർ കമ്മീഷണർ അറിയിച്ചു.
പി.എൻ.എക്സ് 1963/2025
- Log in to post comments