Skip to main content

ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികം: വിദ്യാര്‍ഥികള്‍ക്കുള്ള മത്സരങ്ങള്‍ നാളെ മുതല്‍

 

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന മത്സരങ്ങള്‍ക്കു നാളെ (നവംബര്‍ 09) തുടക്കം. തിരുവനന്തപുരം വി.ജെ.ടി. ഹാളിലാണു മത്സരങ്ങള്‍ നടക്കുന്നത്.

ജില്ലയിലെ എല്‍.പി. മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന, ഉപന്യാസ രചന, പ്രശ്‌നോത്തരി എന്നീ ഇനങ്ങളിലാണു മത്സരങ്ങള്‍ നടത്തുന്നത്. എല്‍.പി. വിഭാഗത്തിന് ചിത്രരചനാ മത്സരം മാത്രമേ ഉണ്ടാകൂ. ഉപന്യാസ രചനയ്ക്ക് ഇംഗ്ലിഷ്, മലയാളം മീഡിയം വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം മത്സരങ്ങളുണ്ടാകും.

നാളെ രാവിലെ 10 മുതല്‍ 12 വരെയാണ് ചിത്രരചന. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ 8.30നും 9.30നും ഇടയില്‍ വി.ജെ.ടി. ഹാളിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 4.30 വരെയാണ് ഉപന്യാസ മത്സരം. ഇതിനുള്ള രജിസ്‌ട്രേഷന്‍ ഉച്ചയ്ക്ക 1.30ന് ആരംഭിക്കും. യു.പി. വിഭാഗത്തിന് ഒരു മണിക്കൂറും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് രണ്ടു മണിക്കൂറുമായിരിക്കും മത്സരം.

11ന് രാവിലെ 10 മുതല്‍ 11 വരെ യു.പി. വിഭാഗത്തിന്റെ പ്രശ്‌നോത്തരി നടക്കും. ഇതിനായി 8.30 മുതല്‍ 9.30 വരെ പേര് രജിസ്റ്റര്‍ ചെയ്യാം. രാവിലെ 11 മുതല്‍ 12 വരെയാണ് ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ പ്രശ്‌നോത്തരി മത്സരം. രജിസ്‌ട്രേഷന്‍ 10ന് ആരംഭിക്കും. ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ നാലു വരെ നടക്കുന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രശ്‌നോത്തരി മത്സരത്തിന് 1.30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും.

ഓരോ മത്സരത്തിലും ഒരു സ്‌കൂളില്‍നിന്ന് എത്ര വിദ്യാര്‍ഥികള്‍ക്കു വേണമെങ്കിലും മത്സരിക്കാം. 12നു വൈകിട്ട് നടക്കുന്ന ചടങ്ങില്‍ വിജയികള്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്യും. മത്സരങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ 9496003215, 9496003221, 9496440225 എന്നീ നമ്പറുകളില്‍ ലഭിക്കും.   
(പി.ആര്‍.പി. 2619/2018)

 

 

date