അക്ഷരലക്ഷം പരീക്ഷയില്‍ മികച്ച വിജയം നേടിയ മുത്തശ്ശിമാര്‍ നാടിനു മാതൃക: മന്ത്രി കടന്നപ്പള്ളി
അക്ഷരലക്ഷം പരീക്ഷയില്‍ മികച്ച വിജയം നേടിയ മുത്തശ്ശിമാര്‍ നാടിനു മാതൃകയാണെന്നു പുരാവസ്തു - പുരാരേഖ - തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. പാറശാല ബ്ലോക്ക് പഞ്ചായത്തില്‍ അക്ഷരലക്ഷം സാക്ഷരതാ പഠിതാക്കളുടെ സംഗമവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഭരണഭാഷാ വാരാചരണ സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എഴുപതും എണ്‍പതും വയസ് പ്രായമുള്ള പഠിതാക്കളെ നിരക്ഷരതയുടെ അന്ധകാരത്തില്‍ നിന്ന് അക്ഷര ജ്ഞാനമെന്ന വെളിച്ചത്തിലേക്ക് കൈപിടിച്ച് നടത്താന്‍ പ്രയത്നിച്ച സാക്ഷരതാ പ്രവര്‍ത്തകരെ മന്ത്രി അഭിനന്ദിച്ചു. ഇതിനുപിന്തുണ നല്കുന്ന തദ്ദേശ ഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി പറഞ്ഞു. ജാതി, മത സങ്കുചിത ചിന്തകള്‍ നവോത്ഥാന ചിന്തകളെ ചോദ്യം ചെയ്യുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ അക്ഷരജ്ഞാനത്തിലൂടെ സമ്പൂര്‍ണ സാക്ഷരത കൈവരിക്കാന്‍ ഏവര്‍ക്കും സാധിക്കട്ടെയെന്നും മന്ത്രി ആശംസിച്ചു.
ബ്ലോക്കിലെ മുതിര്‍ന്ന പഠിതാവായ പൂവാര്‍ ഗ്രാമപഞ്ചായത്തിലെ 92 വയസുകാരി മാര്‍ഗററ്റ് യാഗപ്പനെ പൊന്നാടയും സര്‍ട്ടിഫിക്കറ്റും നല്കി മന്ത്രി ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്. സലൂജ, വൈസ് പ്രസിഡന്റ് എസ്. ആര്യാദേവന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാ•ാരായ എ. മോഹന്‍ദാസ്, എസ്. ഷീജ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജെ.ആര്. അഞ്ജന, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ജെ. നിര്‍മലകുമാരി , പി.പി. ഷിജു, കെ. സന്തോഷ്കുമാര്‍, ഭ്യൂലാ എയ്ഞ്ചല്‍, സാക്ഷരതാ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. പ്രശാന്ത് കുമാര്‍, അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ സജീവ്, മോഡല്‍ പ്രേരക് എം. സുജകുമാരി എന്നിവര്‍ പങ്കെടുത്തു. സാക്ഷരതാ പഠിതാക്കളുടെ കലാസംഗമവും നടന്നു.
(പി.ആര്.പി. 2620/2018)
- Log in to post comments