Skip to main content

ഒന്നാം വിള കൃഷി: കാലവര്‍ഷം പരമാവധി പ്രയോജനപ്പെടുത്തണം

 

 

കാലവര്‍ഷം പരമാവധി പ്രയോജനപ്പെടുത്തുന്ന വിധത്തില്‍ ഈ വര്‍ഷത്തെ ഒന്നാം വിള കൃഷി ഇറക്കണമെന്ന് കൃഷി വകുപ്പ് അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷത്തെ ഒന്നാം വിള കൃഷി ഇറക്കുന്നത് സംബന്ധിച്ചുളള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടര്‍ ജി. പ്രിയങ്കയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന  കൃഷി വകുപ്പ്, ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

പാലക്കാട് ജില്ലയില്‍ ഒന്നാം വിള പ്രധാനമായും കാലവര്‍ഷത്തെ ആശ്രയിച്ചാണ് കൃഷി ഇറക്കുന്നത്. ഒന്നാം വിളക്ക് ഓലക്കരിച്ചില്‍ (ബാക്ടീരിയല്‍ ലീഫ് ബ്ലൈറ്റ്) വ്യാപകമായതിനാല്‍ വിത്തില്‍ തന്നെ  സ്യൂഡോമുനസ് (Pseudomonas) പരിചരണം നല്‍കേണ്ടതുണ്ട്. ഒരു കിലോ വിത്തിന് 10 ഗ്രാം എന്ന തോതിലാണ് പരിചരണം നല്‍കേണ്ടത്. പറിച്ചു നടുന്നതിന് മുമ്പ് ഞാറ് സ്യൂഡോമുനസ് ലായനിയില്‍ മുക്കി നടുന്നതും നട്ട് ഒരു മാസം കഴിയുമ്പോള്‍ സ്യൂഡോമുനസ് സ്‌പ്രേ ചെയ്തുകൊടുക്കുന്നതും ഓലക്കരിച്ചല്‍ രോഗത്തെ പ്രതിരോധിക്കുവാന്‍ സഹായിക്കും. ഓലച്ചുരുട്ടിപുഴു, തണ്ടുതുരപ്പന്‍ എന്നിവയ്ക്ക് ട്രൈക്കോ കാര്‍ഡ് ഉപയോഗിക്കാവുന്നതാണ്. ശാസ്ത്രീയമായ മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കണം ചുണ്ണാമ്പും രാസവളങ്ങളും ഉപയോഗിക്കേണ്ടത്.

നെല്‍ കൃഷി ചെയ്ത കര്‍ഷകര്‍ സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാവണം. നെല്‍കൃഷിക്ക് സംസ്ഥാന സര്‍ക്കാരിന്റെ നെല്‍ കൃഷി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉല്‍പ്പാദന ഉപാധികള്‍, തരിശുനില കൃഷി, എന്‍ എഫ് എസ് എം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിത്ത്, കളകീടനാശിനികള്‍, പമ്പ് സെറ്റ്, ത്രിതല പഞ്ചായത്ത് മുഖേന വിത്ത്, സ്ഥിരം കൃഷി സഹായം തുടങ്ങിയവയും കൂടാതെ ഉല്‍പ്പാദന ബോണസും സബ്ലിഡി മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി നല്‍കി വരുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാതു കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണെന്നും കൃഷി വകുപ്പ് അധികൃതര്‍ യോഗത്തില്‍ വ്യക്തമാക്കി.

 

date