പുത്തന്‍ തലമുറ കോഴ്‌സുകള്‍ പരിചയപ്പെടുത്തി എന്റെ കേരളം പ്രദര്‍ശന വിപണനമേള
പിന്നോക്ക വിഭാഗ വികസന വകുപ്പ് എച്ച്സിഎല്‍ ടെക്നോളജിയുമായി ചേര്‍ന്ന് ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയ കരിയര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം എന്റെ കേരളം വേദിയില്‍ ശ്രദ്ധേയമായി.
കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റും കരിയര്‍ കൗണ്‍സിലറുമായ പി.ഒ മുരളീധരന്‍ പ്ലസ് ടുവിന് ശേഷം തെരഞ്ഞെടുക്കാവുന്ന കോഴ്‌സുകള്‍ എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. സ്വന്തം അഭിരുചികളെ തിരിച്ചറിഞ്ഞാണ് തുടര്‍പഠനത്തിന് ഏത് മേഖല തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലും പുറത്തുമുള്ള വിവിധ മേഖലകളിലെ കോഴ്‌സുകള്‍, എഐ, റോബോര്‍ട്ടിക്‌സ്, മെഷീന്‍ ലീര്‍ണിങ്, ഡാറ്റ സയന്‍സ്, ഡാറ്റ അനലിറ്റിക്‌സ് തുടങ്ങിയ ന്യൂ ജനറേഷന്‍ കോഴ്‌സുകള്‍, മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍വകലാശാലകളും, പ്രവേശന പരീക്ഷകള്‍, സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ ഏജന്‍സിയായ ഒഡേപെക് തുടങ്ങിയ കാര്യങ്ങളും കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.
പ്ലസ് ടു കഴിഞ്ഞയുടന്‍ വിദ്യാര്‍ഥികള്‍ക്ക് ജോലി വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യ പ്രോഗ്രാം ടെക് ബീയെ എച്ച്സിഎല്‍ ടെക്നോളജീസ് മലബാര്‍ റീജിയന്‍ ക്ലസ്റ്റര്‍ ഹെഡ് ടിന സി ഷെറി വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തി.
ഹയര്‍സെക്കന്ററി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം.കെ അനൂപ് മേനോന്‍, പിന്നോക്ക വിഭാഗം കോഴിക്കോട് മേഖലാ ഡയറക്ടര്‍ പി. പ്രവീണ്‍, പിന്നോക്ക വകുപ്പ് കോഴിക്കോട് സീനിയര്‍ ക്ലാര്‍ക്ക് സുബിന്‍ സുരേഷ് തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.
- Log in to post comments