Skip to main content
എന്റെ കേരളം പരിപാടിയുടെ ഭാഗമായി കുഞ്ഞിമംഗലം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്നേഹപൂർവ്വം അമ്മ എന്ന പാവ നാടകം

ലഹരിക്കെതിരെ പാവകളെ ആയുധമാക്കി വിദ്യാര്‍ഥികള്‍

മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് ജീവിതം നശിക്കുന്ന യുവാക്കളുടെ ജീവിതത്തെ ആസ്പദമാക്കി കുഞ്ഞിമംഗലം ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ അവതരിപ്പിച്ച പാവനാടകം ശ്രദ്ധേയമായി. പോലീസ് മൈതാനിയിലെ എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ സദസ്സില്‍ ശബ്ദത്തിനൊപ്പം ചലിച്ചപ്പോള്‍ ജീവനുള്ള കഥാപാത്രങ്ങളായി പാവകള്‍ മാറുകയായിരുന്നു. ലഹരി എങ്ങനെയാണ് മനുഷ്യ ജീവിതത്തിലേക്ക് കടന്നുകയറുന്നതെന്നും പലഘട്ടങ്ങളിലൂടെ അത് ജീവിതം നശിപ്പിക്കുന്നതെങ്ങനെയെന്നുമുള്ള വരച്ചുകാട്ടലാണ് പാവ നാടകത്തിലൂടെ വിദ്യാര്‍ഥികള്‍ പറയുന്നത്. എന്‍എസ്എസിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്‍ ലൈഫ് ഈസ് ബ്യൂട്ടിഫുളിന്റെ ഭാഗമായാണ് 'സ്‌നേഹപൂര്‍വം അമ്മ' എന്ന പാവനാടകം അരങ്ങേറിയത്. വിവിധ സ്‌കൂളുകളില്‍ ഇതിനോടകം തന്നെ ഈ നാടകം അവതരിപ്പിച്ചിട്ടുണ്ട്. പ്രമോദ് അടുത്തില, സിന്ധു പടോളി എന്നിവരാണ് പരിശീലകര്‍.

date