Skip to main content

കൊല്ലത്തിന്റെ സമഗ്രവികസനത്തിന് വഴിയൊരുക്കി മുഖ്യമന്ത്രിയുടെ   മേഖലാതലയോഗം   ജില്ലയില്‍ 100 ശതമാനം വാതില്‍പ്പടി കളക്ഷന്‍ കൈവരിച്ചതിന് അഭിനന്ദനം

ജില്ലയുടെ സമഗ്രവികസനത്തിനുള്ളപദ്ധതികളുടെ പുരോഗതി വിലയിരുത്തിയും മാറ്റങ്ങള്‍ നിര്‍ദേശിച്ചും മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും നേതൃത്വത്തിലുള്ള മേഖലാതല അവലോകന യോഗം തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ചേര്‍ന്നു.  
ജില്ലയിലെ 20 പ്രധാനപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. കാഞ്ഞിരത്തുംകടവ് പാലം, ശാസ്താംകോട്ട മിനി സിവില്‍ സ്റ്റേഷന്‍ എന്നിവയുടെ പൂര്‍ത്തീകരണം, ദേശീയപാതയ്ക്കായി വേട്ടുതറയില്‍ സ്ഥലമേറ്റെടുപ്പും അടിപാത നിര്‍മാണവും, ചിറ്റുമൂല മേല്‍പാലം നിര്‍മ്മാണത്തിനുള്ള സാങ്കേതിക അനുമതി, മുണ്ടയ്ക്കല്‍ കൊണ്ടേത്തു പാലം നവീകരണം, പെരുമണ്‍ പാലം നിര്‍മാണത്തിന് വേഗതകൂട്ടല്‍, ആവണീശ്വരം റെയില്‍വേ സ്റ്റേഷന്‍ കൊട്ടാവട്ടം മുക്ക് സ്‌കൂള്‍ റോഡ് നിര്‍മാണം, സമഗ്ര കുടിവെള്ള പദ്ധതികള്‍ക്കായി കല്ലടയാറില്‍ തടയണ നിര്‍മാണം, ജലജീവന്‍ മിഷന്‍ പദ്ധതിക്കായി സ്വകാര്യ ഭൂമി ഏറ്റെടുക്കല്‍, ചിറക്കര ലിഫ്റ്റ് ഇറിഗേഷനും പരവൂര്‍ ഡിസ്ട്രിബ്യൂട്ടറിയുടെ പൂര്‍ത്തീകരണം, ശാസ്താംകോട്ട താലൂക്ക് ആശൂപത്രി വികസനം, നീണ്ടകര താലൂക്ക്് ആശൂപത്രി നവീകരണം, നെടുമ്പന പഞ്ചായത്തിലെ വടക്കേക്കര പാലം നിര്‍മ്മാണം, കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണം, തഴവ ഗവ: കോളേജിന് സ്വന്തമായി കെട്ടിടം, കൊല്ലം കെ.എസ്.ആര്‍.ടി.സി. ഡിപ്പോ നവീകരണം, വള്ളത്തുങ്കല്‍ ഗവ: ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതിയ കെട്ടിട നിര്‍മ്മാണം, പത്തനാപുരം മിനി സ്റ്റേഷന്റെയും കോടതി സമുച്ചയത്തിന്റെയും നിര്‍മ്മാണം, ചവറ കെഎംഎംഎല്‍ പരിസരത്തെ മലിനീകരിക്കപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ തുടങ്ങി വിവിധ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്.
ജില്ലയില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീട് ലഭിക്കാന്‍ അര്‍ഹരായവരില്‍  78.30% പേരുടെ (38436 പേര്‍) വീട് നിര്‍മാണം പൂര്‍ത്തീകരിച്ചതായും അടുത്ത മൂന്നു മാസത്തിനുള്ളില്‍ 81.08 ശതമാനമാക്കി പൂര്‍ത്തീകരിച്ച വീടുകളുടെ എണ്ണം ഉയര്‍ത്തുമെന്നും യോഗത്തില്‍ അറിയിച്ചു.
തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ആകെയുള്ള 291 റോഡുകളില്‍ 99 റോഡുകള്‍ക്ക് കരാര്‍ നല്‍കുകയും ഇതില്‍ 56 റോഡുകളുടെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. അടുത്ത മൂന്നു മാസത്തിനുള്ളില്‍ എല്ലാ റോഡുകളുടെയും നിര്‍മാണം പൂര്‍ത്തീകരിക്കും.
നവംബര്‍ ഒന്നിന് സംസ്ഥാനത്തെ അതിദാരിദ്ര്യ നിര്‍മാര്‍ജന സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികള്‍  പുരോഗമിക്കുകയാണ്. ആകെ 4461 കുടുംബങ്ങളെയാണ് അതിദരിദ്രരായി ജില്ലയില്‍ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 3375 കുടുംബങ്ങളെ (89%) അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചു. അടുത്ത മൂന്നു മാസത്തിനുള്ളില്‍ ഇത് 3690 (97%) ആയി ഉയര്‍ത്തും. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി പ്രകാരം വീട് മാത്രം ആവശ്യമുള്ള 286 കുടുംബങ്ങളില്‍ 200 പേര്‍ക്ക് വീട് നിര്‍മിച്ചു നല്‍കി. ഓഗസ്റ്റ് മാസത്തോടെ 263 ആക്കി ഉയര്‍ത്തും. പദ്ധതി പ്രകാരം വസ്തുവും വീടും ആവശ്യമുള്ള 290 കുടുംബങ്ങളില്‍ 47 കുടുംബങ്ങള്‍ക്ക് വസ്തു ലഭ്യമാക്കി വീട് പൂര്‍ത്തീകരിച്ചു. ആഗസ്റ്റ് മാസത്തോടെ 261 കുടുംബങ്ങള്‍ക്ക് കൂടി വീടും വസ്തുവും ലഭ്യമാക്കും. പദ്ധതി പ്രകാരം ഭവന പുനരുദ്ധാരണം ആവശ്യമുള്ള ജില്ലയിലെ 291 കുടുംബങ്ങളില്‍ 218 പേരുടെ ഭവനപുനരുദ്ധാരണം പൂര്‍ത്തീകരിച്ചു. ഓഗസ്റ്റ് മാസത്തോടെ 100 ശതമാനവും പൂര്‍ത്തീകരിക്കും.
അവയവമാറ്റ ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് ശസ്ത്രക്രിയ പൂര്‍ത്തിയാക്കുകയും, ആരോഗ്യ സുരക്ഷാ സാമഗ്രികള്‍ ആവശ്യം ഉള്ളവര്‍ക്ക് അവ ലഭ്യമാക്കുകയും ചെയ്തു. ആര്‍ദ്രം പദ്ധതിയില്‍ ജില്ലയില്‍ പരിവര്‍ത്തനത്തിനായി തിരത്തെടുത്ത  62 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 47 എണ്ണം  ഇതിനകം പൂര്‍ത്തീകരിച്ചു. മൂന്നുമാസത്തിനകം നാല് കേന്ദ്രങ്ങള്‍ കൂടി പൂര്‍ത്തീകരിക്കും. ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ തിരഞ്ഞെടുത്ത എട്ട് സ്ഥാപനങ്ങളില്‍ നിന്ന് ഏഴെണ്ണത്തിന്റെ നിര്‍മാണം ഇതിനകം പൂര്‍ത്തീകരിച്ചു. ഓഗസ്റ്റ് മാസത്തോടെ ഒരെണ്ണം കൂടി പൂര്‍ത്തീകരിക്കും. തിരഞ്ഞെടുത്ത അഞ്ച് പ്രധാന ആശുപത്രികളില്‍ മൂന്നെണ്ണത്തിന്റെ നിര്‍മാണം ഇതിനകം പൂര്‍ത്തീകരിച്ചു. മൂന്നു മാസത്തിനകം ഒരെണ്ണം കൂടി പൂര്‍ത്തീകരിക്കും. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നിര്‍ണയ ലാബ് നെറ്റ് വര്‍ക്ക് സംവിധാനം പ്രവര്‍ത്തന ക്ഷമമാണ്. കൊല്ലം ജില്ലയില്‍ 58 ആരോഗ്യ സ്ഥാപനങ്ങളാണ് നിര്‍ണയ ലാബ് നെറ്റ് വര്‍ക്ക്- ഹബ് ആന്റ് സ്പോക്ക് ശൃംഖലയില്‍ സജ്ജമായത്. ഓഗസ്റ്റ് മാസത്തോടെ പദ്ധതിക്കായി തിരഞ്ഞെടുത്ത എല്ലാ സ്ഥാപനങ്ങളും (83) ശൃംഖലയില്‍ സജ്ജമാക്കും.
വിദ്യാകിരണം പദ്ധതി പ്രകാരം കിഫ്ബിയുടെ സഹായത്തോടെ ഭൗതിക സൗകര്യ വികസനത്തിന് തിരഞ്ഞെടുത്ത 76 വിദ്യാലയങ്ങളില്‍ 32 എണ്ണം പൂര്‍ത്തീകരിച്ചു. പൂര്‍ത്തീകരിച്ചവയുടെ എണ്ണം ഓഗസ്റ്റ് മാസത്തോടെ 50 ശതമാനമായി ഉയര്‍ത്തും. മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായി കൊല്ലം ജില്ലയില്‍ യൂസര്‍ ഫീ കളക്ഷന്‍ ഇതുവരെ  84 ശതമാനം കൈവരിച്ചു. ഓഗസ്റ്റ് മാസത്തോടെ 100 ശതമാനം കൈവരിക്കാനാവും.  കോര്‍പറേഷനില്‍  കുരീപ്പുഴയില്‍ ബയോമൈനിംഗ് 100% പൂര്‍ത്തീകരിച്ചു, ഡബിള്‍ ചേംബര്‍ ഇന്‍സിനറേറ്ററിന്റെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. ജില്ലയില്‍ വാതില്‍പ്പടി കളക്ഷന്‍ 100 ശതമാനം കൈവരിച്ചത് അഭിനന്ദനാര്‍ഹമാണെന്നും മറ്റു ജില്ലകള്‍ ഈ നേട്ടം മാതൃകയാക്കേണ്ടതാണെന്നും യോഗം വിലയിരുത്തി.

ഹരിതകേരളം മിഷന്റെ ഭാഗമായി കൊല്ലം  ജില്ലയില്‍ 32  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ജലബജറ്റ് ഇതു വരെ പ്രസിദ്ധീകരിച്ചത്. ഓഗസ്റ്റ് മാസത്തോടെ 44  തദ്ദേശ സ്ഥാപനങ്ങള്‍ കൂടി ജലബജറ്റ് പ്രസിദ്ധീകരിക്കും. മാപ്പത്തോണിന്റെ ഭാഗമായി നിലവില്‍ 13 ശതമാനം നീര്‍ച്ചാലുകള്‍ വീണ്ടെടുത്തു. മൂന്ന് മാസത്തിനകം ഇത് 39 ശതമാനമായി ഉയര്‍ത്തും. ഇതു വരെ സ്ഥാപിച്ച 149 പച്ചത്തുരുത്തുകള്‍ക്കു പുറമെ 42 പച്ചത്തുരുത്തുകള്‍ കൂടി ആഗസ്റ്റ് മാസത്തോടെ ജില്ലയില്‍ സ്ഥാപിക്കും.
ചീഫ് സെക്രട്ടറി എ. ജയതിലക്,  ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, വകുപ്പ് സെക്രട്ടറിമാര്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date