വികസനചരിത്രമെഴുതി എന്റെ കേരളം പ്രദര്‍ശനത്തിന് കൊടിയിറക്കം
സൗജന്യസേവനങ്ങളുടെയും വിസ്മയകാഴ്ച്ചകളുടെയും വിപണിയുടെയും പുതുലോകം തുറന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേള ചൊവ്വാഴ്ച (മെയ് 20) സമാപിക്കും. 55000 ചതുരശ്ര അടി ശീതീകരിച്ച പവലിയന് ഉള്‍പ്പെടെ 79000 ചതുരശ്ര അടിയില്‍ ഒരുക്കിയ പ്രദര്‍ശന നഗരി ജനപങ്കാളിത്തത്താല്‍ നിറഞ്ഞു. ഹൃദ്യമാര്‍ന്ന കലാപരിപാടികള്‍ സായാഹ്നങ്ങളെ സമ്പന്നമാക്കി. 156 തീം സ്റ്റാളുകളിലായി സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങളുടെ കാഴ്ചാനുഭവങ്ങളും സൗജന്യസേവനങ്ങളും 96 കമേഴ്സ്യല്‍ സ്റ്റാളുകളിലൂടെ ന്യായവിലയ്ക്കുള്ള ഉത്പന്നനിരയും പ്രത്യേക തീം പവിലിയനുകളുടെ ആകര്‍ഷണീയതയും ഭക്ഷ്യമേളയുടെ രുചിഭേദങ്ങളും ആയിരങ്ങളാണ് നുകര്‍ന്നത്.
കേരളം കൈവരിച്ച നേട്ടങ്ങള്‍ അവതരിപ്പിക്കുന്ന വിവര-പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ കേരളം മാതൃകയാണ് പ്രദര്‍ശനം, ഉത്തരവാദിത്ത ടൂറിസം, കാരവന് ടൂറിസം, കിഫ്ബി പ്രദര്‍ശനം, കാര്‍ഷിക പ്രദര്‍ശന-വിപണനമേള, സാംസ്കാരിക-കലാപരിപാടികള്‍, ഭക്ഷ്യമേള, പുസ്തകമേള, കായിക-വിനോദ-വിജ്ഞാന പരിപാടികള്‍, സ്റ്റാര്ട്ടപ്പ്മിഷന് പ്രദര്‍ശനം, ശാസ്ത്ര-സാങ്കേതിക പ്രദര്‍ശനങ്ങള്‍, സ്പോര്‍ട്സ് പ്രദര്‍ശനം, മിനി തിയറ്റര്‍ ഷോ, ആധുനിക സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം, കായികവിനോദ മേഖല, തല്സമയമത്സരങ്ങള്, ക്വിസ്, ഇതരആക്ടിവിറ്റി കോര്‍ണറുകള്‍, സെല്‍ഫി പോയിന്റുകള്‍ എന്നിവ മേളയുടെ ഭാഗമായി.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകള്‍ വഴി അതിവേഗ സേവനവും മാര്‍ഗനിര്‍ദേശങ്ങളും ലഭ്യമാക്കി. മണ്ണ് സംരക്ഷണ വകുപ്പ്, ജല വിഭവ വകുപ്പ്, ഹരിതകേരളം മിഷന് തുടങ്ങിയവ മണ്ണും ജലവും പരിശോധിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ സ്റ്റാളില്‍ മൂവായിരത്തിലധികം പേര് ബി.പി, പ്രമേഹം, എച്ച്.ബി പരിശോധനകള്‍ നടത്തി. 1250 പേര്‍ക്ക് യു.എച്ച്.ഐ.ഡി കാര്‍ഡും പുതുതായി നല്കി. ആയുഷ്, ഹോമിയോ സ്റ്റോളുകളില്‍ ആരോഗ്യപരിശോധന നടത്തിയവരും അനവധി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ബൂത്തും സജ്ജമായിരുന്നു. ജി എസ് ടി വകുപ്പ് ഏര്‍പ്പെടുത്തിയ ലക്കി ഡ്രോ ഹിറ്റായി, നികുതി വിവരങ്ങളുടെ അറിവും പകര്‍ന്നു. സംരംഭകര്‍ക്ക് വേണ്ട ലൈസന്‍സുകള്‍, വ്യവസായ അനുമതികള്‍, കെ സ്വിഫ്റ്റ്, ഉദ്യം രജിസ്ട്രേഷന്, വന്‍ വിലക്കിഴിവോടെ സപ്ലൈകോ ഉല്‍പ്പന്നങ്ങള്‍, കണ്‍സ്യൂമര്‍ഫെഡിന്റെ സ്കൂള്‍ ബസാര്‍, ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് ഫ്രീ ഇന്റര്‍നെറ്റ്, മോഡം കണക്ഷനുകള്‍, ലാന്‍ഡ് റവന്യൂ വകുപ്പ് കരം അടയ്ക്കാനുള്ള അവസരം, തുല്യതാ കോഴ്സ് സ്പോട്ട് രജിസ്ട്രേഷന് തുടങ്ങിയ സേവനങ്ങള്‍ സൗജന്യമായിരുന്നു.
ജയില്‍ വകുപ്പ് ഒരുക്കിയ ജില്ലാ ജയില്‍ മാതൃക കാണാനും വി.ആര് മുഖേന വധശിക്ഷ നടപ്പാക്കുന്ന രീതി അനുഭവിച്ചറിയാനും തിരക്കേറിയിരുന്നു. പോലീസിന്റെ കസബ ജയില്‍ മാതൃകയും വൈക്കം മുഹമദ് ബഷീറിന്റെ മകന് അനീസിന്റെ സന്ദര്‍ശനവും വേറിട്ടതായി.
ആയുധപ്രദര്‍ശനം, അഗ്നിരക്ഷാസേനയുടെ സിപിആര്‍ ഉള്‍പ്പടെയുള്ള പ്രഥമ ശുശ്രുഷ, സുരക്ഷ പാഠങ്ങള്‍, രക്ഷാപ്രവര്‍ത്തന രീതികള്‍, ബര്‍മ പാലം മാതൃക എന്നിവയും പുതുമയായി. എക്സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ ബോധവത്ക്കരണം, കിഫ്ബിയുടെ വികസന പ്രദര്‍ശനം എന്നിവയുമുണ്ടായിരുന്നു. ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്, കുടില്‍വ്യവസായ മാതൃക, വെര്‍ച്വല്‍ ബീച്ച്, പി ആര് ഡിയുടെ പവലിയനിലെ 360 ഡിഗ്രി സെല്‍ഫി കോര്‍ണറും കൗതുകമായി. ഐ ടി മിഷന്റെ സൗജന്യ ആധാര്‍ അപ്ഡേഷന് നടത്തിയത് 1500 ലധികം പേരാണ്. കെ.എസ്.ഇ.ബി ഒരുക്കിയ ഇടുക്കി ഡാം, ജലവിഭവ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് വിവിധ പദ്ധതികളുടെ മാതൃകകളും ആകര്‍ഷകമായി.
ജില്ലാ വ്യവസായ കേന്ദ്രം മുഖേന രജിസ്റ്റര്‍ ചെയ്ത എം.എസ്.എം.ഇ സംരംഭകര്‍, കുടുംബശ്രീ, സഹകരണം തുടങ്ങി വകുപ്പുകള്‍ക്ക് കീഴിലെ സംരംഭകര്‍ ഉള്‍പ്പെടെ ഒരുക്കിയ വിപണന സ്റ്റാളിലും കുടുംബശ്രീ, സാഫ്, ഫ്രീഡം ഫുഡ് കോര്‍ട്ട് (ജയില്‍ വകുപ്പ്) എന്നിവ പങ്കെടുത്ത ഭക്ഷ്യമേളയിലുമായി ഏകദേശം 40 ലക്ഷം രൂപയുടെ വില്പനയാണ് നടന്നത്.
കൃഷി, ആരോഗ്യം, മൃഗസംരക്ഷണം, ക്ഷീരവികസനം, എക്സൈസ്, ആയുഷ് എന്നിവയൊരുക്കിയ സെമിനാറുകളും ശ്രദ്ധേയമായി. വിദ്യാഭ്്യാസം, വനിത ശിശുവികസന വകുപ്പ്, വാട്ടര്‍ അതോറിറ്റി ഒരുക്കിയ കലാപ്രകടനങ്ങളും മികവേറി. കായിക പവിലിയന്, അമ്യൂസ്മെന്റ് ഏരിയ, ക്വിസ് മത്സരങ്ങള്‍, സെല്‍ഫി കോര്‍ണറുകള്‍, വിവിധ ഗെയിമുകള്‍ എന്നിവ കുട്ടികളുടെ പ്രിയപ്പെട്ടതായി. കുടുംബശ്രീ കലാസംഘം മുതല്‍ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായി അല്‍ഫോന്‍സ് ജോസഫും വിവിധ മ്യൂസിക് ബാന്‍ഡും വരെ നീണ്ട കലാപരിപാടികള്‍ നഗരരാത്രികളെ ആഘോഷമാക്കി. സ്കൂള്‍, കോളജ് വിദ്യര്‍ഥികള്‍ അവതരിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണവും ശ്രദ്ധേയമായി.
സമാപന സമ്മേളനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് ചൊവ്വാഴ്ച (മെയ് 20) സമാപനമാകും. വൈകിട്ട് 4.30 ന് മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്കുമാര് അധ്യക്ഷനാകും. ധനകാര്യവകുപ്പ്മന്ത്രി കെ എന്‍ ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. മികച്ച തീം-കമേഴ്സ്യല്‍ സ്റ്റാളിന് സമ്മാനം നല്‍കും.
എം.പിമാരായ എന്‍ കെ പ്രേമചന്ദ്രന്, കൊടിക്കുന്നില്‍ സുരേഷ്, കെ.സി വേണുഗോപാല്‍, എം എല്‍ എമാരായ എം മുകേഷ്, എം നൗഷാദ്, ഡോ സുജിത്ത് വിജയന് പിള്ള, ജി എസ് ജയലാല്‍, കോവൂര്‍ കുഞ്ഞുമോന്, പി എസ് സുപാല്‍, പി സി വിഷ്ണുനാഥ്, സി ആര് മഹേഷ്, മേയര്‍ ഹണി, ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്, ഡെപ്യൂട്ടി മേയര്‍ എസ്. ജയന്, സിറ്റി പൊലിസ് കമ്മിഷണര്‍ കിരണ്‍ നാരായണന്, റൂറല്‍ എസ്.പി സാബു മാത്യൂ, സബ് കലക്ടര്‍ നിഷാന്ത് സിഹാര, എ ഡി എം ജി നിര്‍മല്‍കുമാര്‍, ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ എസ് ശൈലേന്ദ്രന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍ ഹേമന്ത് കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.
'ജനകീയ വിദ്യാഭ്യാസവും ഓപ്പണ്‍ യൂണിവേഴ്സിറ്റിയും' സെമിനാര്‍
എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ അവസാനദിനമായ മെയ് 20ന് രാവിലെ 10ന് പ്രധാന വേദിയില്‍ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന സെമിനാര്‍ ‘ജനകീയ വിദ്യാഭ്യാസവും ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയും' നടത്തും. വൈസ് ചാന്‍സലര്‍ ഡോ. വി.പി ജഗതിരാജ് ഉദ്ഘാടനം ചെയ്യും.
പണ്ഡിറ്റ് രമേശ് നാരായണനും സംഘവും
എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ സമാപനസായാഹ്നം സംഗീതസാന്ദ്രമാക്കാന്‍ വൈകിട്ട് 6.30ന് പ്രശസ്ത സംഗീതജ്ഞന് പണ്ഡിറ്റ് രമേശ് നാരായണ്‍, മധുശ്രീ നാരായണ്‍ അവതരിപ്പിക്കുന്ന സംഗീതവിരുന്ന് രാഗോ•ാദം'. പ്രവേശനം സൗജന്യം.
എന്റെ കേരളം: അക്ഷയ സൗജന്യ സേവനങ്ങള്‍ വിനിയോഗിച്ചത് 1500 പേര്
സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ ഐ.ടി മിഷന്റെ അക്ഷയ സ്റ്റാള്‍ മുഖേന സൗജന്യ സേവനങ്ങള്‍ വിനിയോഗിച്ചത് 1500 പേര്. മൂന്ന് സേവന കൗണ്ടറുകളും ഒരു സംശയനിവാരണ കൗണ്ടറുമാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ ആധാര്‍ രജിസ്ട്രേഷന്, ആധാര്‍ അപ്ഡേഷന് (വിവരങ്ങളോ ബയോമെട്രിക്കോ), അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളുടെ ആധാര്‍ രജിസ്ട്രേഷന് എന്നിവയ്ക്കൊപ്പം, ആധാറുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടി നല്കുന്ന പ്രത്യേക കൗണ്ടറുമാണ് ഒരുക്കിയിരുന്നത്. ആധാര്‍ സെന്ററിന് സമാന്തരമായി, സംശയനിവാരണത്തിനായി പ്രവര്‍ത്തിക്കുന്ന പ്രത്യേക കൗണ്ടറും സ്വീകാര്യത നേടി. പ്രതിദിനം നൂറുകണക്കിന് പേര് സ്റ്റാള്‍ സന്ദര്‍ശിച്ച് സേവനം പ്രയോജനപ്പെടുത്തി. ചൊവ്വാഴ്ച (മെയ് 20) കൂടി സ്റ്റാള്‍ പ്രവര്‍ത്തിക്കും.
എന്റെ കേരളം അഖിലകേരള ക്വിസ് മത്സര വിജയികളായി അക്ഷയയും ആമിനയും
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം മേളയില്‍ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച അഖിലകേരള ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി പ്രാക്കുളം എന്‍.എസ്.എസ് എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ അക്ഷയ് പി. പിള്ളയും എസ്. ആമിനയും. രണ്ടാം സ്ഥാനം ജി.എച്ച്.എസ്.എസ് അയ്യന്‍കോയിക്കലിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികളായ എ.ആര് മീനാക്ഷി, ബി. കൈലാസനാഥ് എന്നിവര്‍ക്കാണ് ലഭിച്ചത്. ഈ സ്കൂളുകള്‍ തന്നെ എവര്‍റോളിംഗ് ട്രോഫിയും സ്വന്തമാക്കി. മൂന്നാം സമ്മാനം കൊട്ടിയം എന്‍.എസ്.എം.ജി.എച്ച്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ ഹന ഒമര്‍, പി ആര് കൃഷ്ണ, നാലാം സ്ഥാനം ഏഴാം ക്ലാസ് വിദ്യാര്‍ഥികളായ അഭിനവ് ശേഖര്‍ (ഡയറ്റ് ആറ്റിങ്ങല്‍), വി. ആദിദേവ് (ജി.യു.പി.എസ് ചവറ സൗത്ത്) എന്നിവരും കൈവരിച്ചു.
ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ക്വിസ് മത്സരം ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഇത്തരം പ്രശ്നോത്തരികള് നാടിനെ കുറിച്ചും രാജ്യത്തെക്കുറിച്ചും കൂടുതല്‍ അറിയാന്‍ സഹായിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. ശിശുക്ഷേമ സമിതി പ്രസിഡന്റ് ഷീബ ആന്റണി അധ്യക്ഷയായി. സെക്രട്ടറി ഷൈന്‍ ദേവ്, ട്രഷറര്‍ അജിത് പ്രസാദ്, എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ വിദ്യാ ടീച്ചര്‍, തൊടിയൂര്‍ രാധാകൃഷ്ണന്, ശിശുക്ഷേമ സമിതി അംഗങ്ങളായ കറവൂര്‍ എല്‍ വര്‍ഗീസ്, ആര്. മനോജ്, അനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. സ്നേഹജ് ശ്രീനിവാസന് ആയിരുന്നു ക്വിസ് മാസ്റ്റര്‍.
വിജയികള്‍ക്ക് സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന് സമ്മാനദാനം നിര്‍വഹിച്ചു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 3000, 2000, 1500 വീതം ക്യാഷ് പ്രൈസും ട്രോഫിയും സര്‍ട്ടിഫിക്കറ്റും മെഡലും പങ്കെടുത്ത എല്ലാവര്ക്കും സര്‍ട്ടിഫിക്കറ്റും നല്കി. ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ സ്കൂളുകള്‍ക്ക് എവര്‍ റോളിംഗ് ട്രോഫിയും സമ്മാനിച്ചു. പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയ ക്വിസ് മത്സരത്തില്‍ 88 ഓളം ടീമുകളാണ് പങ്കെടുത്തത്.
മത്സ്യകൃഷി മോഡലുകളുമായി ഫിഷറീസ് വകുപ്പ്
എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ മത്സ്യ കൃഷിയിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ ഫിഷറീസ് വകുപ്പിന്റെ സ്റ്റാള്‍. ബയോഫ്ളോക്ക്, കൂട് മത്സ്യകൃഷി, റേസ് വേ, കല്ലുമ്മക്കായ കൃഷി തുടങ്ങിയവയാണ് പ്രധാനമായും കാണാന്‍ സാധിക്കുക. എല്ലാ വശങ്ങളും വലകളാല്‍ ചുറ്റപ്പെട്ട കൂടുകളില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് കുറഞ്ഞ വിസ്തൃതിയില്‍ കൂടുതല്‍ സാന്ദ്രതയില്‍ മത്സ്യംവളര്‍ത്തുന്ന കൃഷിരീതിയാണ് കൂടുകളില്‍ മത്സ്യകൃഷി. ബയോഫ്ളോക്ക്, റേസ് വേ എന്നിവയില്‍ മാലിന്യം അരിച്ചെടുക്കാന്‍ സാധിക്കുന്നത്തിലൂടെ വീണ്ടും ജലം മാറ്റാതെ തന്നെ മത്സ്യകൃഷി ചെയ്യാന്‍ കഴിയുന്നു. ഫിഷറീസ് വകുപ്പിന്റെ സബ്സിഡി ഈ കൃഷിരീതികള്‍ക്ക് ലഭിക്കും. പൊതുവിഭാഗത്തിന് 40 ശതമാനവും സ്ത്രീകള്‍ക്ക് 60 ശതമാനവുമാണ് സബ്സിഡി. കളര്‍ ടെട്രാ, എയ്ഞ്ചല്‍ ഫിഷ്, കരിമീന്‍, തുടങ്ങിയ ഒട്ടനവധി അലങ്കാര മത്സ്യങ്ങളുടെയും, മുപ്പല്ലി, കൂട്, കരിമീന്‍ പെട്ടി, കോരി വല, ജിപിഎസ്, ഇ.പി.ഐ.ആര്.ബി, തുടങ്ങിയ ഫിഷിങ്ങുമായി ബന്ധപ്പെട്ട് വരുന്ന ഉപകരണങ്ങളുടെയും, ജീവ സുരക്ഷ ഉപാധികളുടെയും, മത്സ്യ ഫെഡ് നെറ്റ് ഫാക്ടറി മിനിയേച്ചര്‍ മോഡലിന്റെയും പ്രദര്‍ശനം സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്.
സ്മാര്‍ട്ട് അങ്കണവാടിയുമായി വനിതാ ശിശു വികസന വകുപ്പ്
എന്റെ കേരളം പ്രദര്‍ശനവിപണനമേളയിലെ വനിതാ ശിശു വികസന വകുപ്പിന്റെ സ്റ്റാളിലെത്തിയാല്‍ നിങ്ങളുടെ കുട്ടിയുടെ പോഷകനിലവാരം അറിയാം. ഒപ്പം മൂന്നു മുതല്‍ ആറു വയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ക്കായി ഒരുക്കിയ സ്മാര്‍ട്ട് അങ്കണവാടിയില്‍ കുട്ടികള്‍ക്ക് പലവിധ വിനോദങ്ങളില്‍ ഏര്‍പ്പെടാം. വിനോദത്തിലൂടെ വിജ്ഞാനം പകരുന്നതിന് നിരവധി സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ക്വിസ് മല്‍സരം, കുട്ടികളുടെ ബൗദ്ധിക വികാസവുമായി ബന്ധപ്പെട്ട വിവിധതരം ഗെയിമുകള്‍ എന്നിവ സ്റ്റാളിന്റെ മുഖ്യ ആകര്‍ഷണമാണ്. കുട്ടികള്‍ക്കായി കളിസ്ഥലവും വകുപ്പ് സജ്ജീകരിച്ചിട്ടുണ്ട്.
കലാപരിപാടികളുമായി വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍
എന്റെ കേരളം പ്രദര്‍ശന മേളയില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ച് വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍. സിനിമ ഗാനാലാപനം, ലളിതഗാനം, ക്ലാസിക്കല്‍ ഡാന്‍സ് തുടങ്ങിയ പരിപാടികളാണ് പ്രധാനമായും വേദിയില്‍ അരങ്ങേറിയത്. വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ കുടുംബാംഗങ്ങളും പരിപാടിയുടെ ഭാഗമായി.
വിനോദവും വിജ്ഞാനവും ഒരു കുടക്കീഴിലാക്കി പൊതു- ഉന്നതവിദ്യാഭ്യാസ വകുപ്പുകള്‍
എന്റെ കേരളം പ്രദര്‍ശനവിപണന മേളയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റോളുകളില്‍ തിരക്കേറുന്നു. ജില്ലയിലെ വിവിധ സ്കൂള്‍ വിദ്യാര്‍ഥികളുടെ കണ്ടുപിടിച്ച ഉപകരണങ്ങളും അവയുടെ പ്രവര്‍ത്തനവുമാണ് മേളയുടെ മാറ്റുകൂട്ടുന്നത്. കഴിഞ്ഞ നാലു വര്‍ഷങ്ങളിലായി വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കിയ വികസന പദ്ധതികളുടെ വിവരങ്ങള്‍ വ്യക്തമായി അറിയുന്നതിനൊപ്പം ലഹരിക്കെതിരെയുള്ള സന്ദേശം നല്കിയ ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ടും സ്റ്റാളിലുണ്ട്. മേളയില്‍ എത്തുന്ന കുട്ടികള്‍ക്കായി എ ഐ അധിഷ്ഠിത ഗെയിമുകളും ഒരുക്കിയിട്ടുണ്ട്.
ഹയര്‍ സെക്കന്‍ഡറിയുടെ സ്റ്റോളില്‍ പത്താം ക്ലാസ് പാസായ കുട്ടികള്‍ക്കായി അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തില്‍ കരിയര്‍ ഗൈഡന്‍സും കൗണ്‍സിലിംഗ് നല്കുന്നു. ലിറ്റില്‍ കൈറ്റ്സിന്റെ സ്റ്റോളിലെത്തുന്നവര്ക്ക് ഉബുണ്ടു ആപ്ലിക്കേഷന്‍ സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്യാം. ലിറ്റില്‍ കൈറ്റ്സ് ക്ലബ്ബ് വഴി റോബോട്ടിക്സില്‍ പരിശീലനം ലഭിച്ച കുട്ടികള്‍ നിര്‍മ്മിച്ച വിവിധ ഉപകരണങ്ങള്‍ തുടങ്ങിയവയും കാണാനും പ്രവര്‍ത്തനം അറിയാനും കഴിയും. സമഗ്ര ശിക്ഷ കേരളത്തിന്റെ സ്റ്റോളില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ നിര്‍മിച്ച് ശാസ്ത്രമേളകളില് സമ്മാനം ലഭിച്ച ടിക്കറിങ് ലാബ്, റോബോട്ട്, സെമി ഓട്ടോമൊബൈല്‍ ഇന്‍കുബേറ്റര്‍ എന്നിവയെയും അവയുടെ നിര്‍മാണവും അറിയാം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയുടെ സ്റ്റോളില്‍ ലാബ് ടെക്നീഷ്യന് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ജീവിതശൈലി രോഗ പരിശോധന എന്നിവയും സൗജന്യമാണ്.
ശ്രീനാരായണ കോളേജ് ലൈബ്രറിയിലെ 1948 മുതല്‍ 1957 വരെയുള്ള പത്രങ്ങളുടെ ശേഖരം, വ്യത്യസ്ത രാജവംശങ്ങളുടെ കാലം മുതലുള്ള നാണയ ശേഖരം എന്നിവയാണ് പ്രധാനമായും കൗതുകമുണര്‍ത്തുന്നത്. ടി കെ എം എന്‍ജിനീയറിങ് കോളേജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ ഉണ്ടാക്കിയ ഫിസിയോതെറാപ്പി ഉപകരണമായ ഹാന്‍ഡ് എക്സോ സ്കലറ്റന്, ത്രീഡി പ്രിന്റിംഗ് മെഷീനിലൂടെ കോളേജില്‍ വികസിപ്പിച്ചെടുത്ത വിവിധ ഉപകരണങ്ങള്‍, എഴുകോണ്‍ പോളിടെക്നിക്കിലെ വിദ്യാര്‍ഥികള്‍ വികസിപ്പിച്ച സൗരോര്‍ജത്തിന്റെയും ഇലക്ട്രിസിറ്റിയുടെയും സഹായത്തോടെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന മുളക് ഉണക്കല്‍ യന്ത്രവും അറിയാനുള്ള അവസരമുണ്ട്. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ സ്റ്റോളില്‍ വിദൂര വിദ്യാഭ്യാസ മേഖലയുടെ സാധ്യതകളെയും വിവിധ കോഴ്സുകളെ പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമാകുന്നതിനോടൊപ്പം യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ശരി ഉത്തരം നല്‍കുന്നവര്‍ക്ക് സമ്മാനവും നല്‍കും.
- Log in to post comments