കടയ്‌ക്കോട് സര്‍ക്കാര്‍ എല്‍ പി സ്‌കൂളിന് പുതിയ കെട്ടിടം കാലത്തിനൊപ്പംമാറുന്ന വിദ്യാലയങ്ങള്‍ പഠനമികവും ഉറപ്പാക്കുന്നു-മന്ത്രി കെ. എന്‍. ബാലഗോപാല്‍
നിര്‍മിതബുദ്ധി, യന്ത്രസംവിധാനം (റോബോട്ടിക്‌സ്), നൈപുണ്യകേന്ദ്രങ്ങള്‍ തുടങ്ങിയ പുതിയകാലത്തിന്റെ മാറ്റങ്ങളും കുതിപ്പുകളും കേരളത്തിലെ വിദ്യാലയങ്ങള്‍ക്കും ഇന്ന് അവകാശപ്പെടാമെന്ന് ധനാകര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കടയ്‌ക്കോട് സര്‍ക്കാര്‍ എല്‍ പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതികവിദ്യയില്‍ അനുദിനമുണ്ടാകുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് സ്വയംപുതുക്കാന്‍ കുട്ടികളെ പ്രാപ്തരാക്കണം എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ നയരൂപീകരണം നടത്തിയിട്ടുള്ളത്. പശ്ചാത്തല സൗകര്യവികസനത്തില്‍ മാത്രം പരിമിതപ്പെടുത്താതെയാണ് സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നത്. കമ്പ്യൂട്ടര്‍ ലാബുകള്‍, ലാപ്‌ടോപ്പുകള്‍, കുട്ടികളുടെ സര്‍ഗശേഷി വികസിപ്പിക്കാനുള്ള വര്‍ണകൂടാരങ്ങള്‍ എന്നിവ കൂടുതല്‍ സ്‌കൂളുകളില്‍ സജ്ജമാക്കും. സര്‍വകലാശാലകളില്‍ ശാസ്ത്രകേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ 300 കോടി രൂപ അനുവദിച്ചു. കൊട്ടാരക്കരയില്‍ ഡ്രോണ്‍ റിസര്‍ച്ച് പാര്‍ക്കും, കൊല്ലത്ത് ഐ ടി പാര്‍ക്കും ഉടനെ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
കരീപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് എസ് സുവിധ ആധ്യക്ഷയായി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ്, ജില്ലാ പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവന്‍ പിള്ള, വൈസ് പ്രസിഡന്റ് സി ഉദയകുമാര്‍, ഹെഡ്മാസ്റ്റര്‍ വി ജയചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments