Skip to main content

ട്രോളിംഗ് നിരോധനം: ജില്ലാതല അവലോകന യോഗം ചേര്‍ന്നു

ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനം മലപ്പുറം ജില്ലയില്‍ ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ നടപ്പിലാക്കും. നിരോധനം ആരംഭിക്കുന്നതിന് മുന്നോടിയായി നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലാ  കളക്ടറുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. യോഗത്തില്‍ ട്രോളിംഗ് നിരോധനത്തോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിനിധികള്‍ ഉന്നയിച്ച ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്തു. ട്രോളിംഗ് നിരോധനത്തോട് എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടത്തിയ പ്രധാന മുന്നൊരുക്കങ്ങള്‍

 *ട്രോളിംഗ് നിരോധന മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെയ് 15 മുതല്‍ പൊന്നാനി ഫിഷറീസ് സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു.

*രണ്ട് പട്രോള്‍/റസ്‌ക്യൂ ബോട്ടുകള്‍ പൊന്നാനി, താനൂര്‍  കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിന് വാടകയ്ക്ക് എടുക്കുന്നതിനുള്ള ക്വട്ടേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു

*ട്രോളിംഗ് നിരോധനം നിലവില്‍ വരുന്നതിന് മുന്‍പായി ജില്ലയുടെ തീരപ്രദേശത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ അന്യസംസ്ഥാന യന്ത്രവത്കൃത ബോട്ടുകളും തീരം വിട്ടു പോകാന്‍ നിര്‍ദ്ദേശം നല്‍കി.

 *ട്രോളിംഗ് ബോട്ടുകള്‍ക്ക് ഇന്ധനം നല്‍കുന്നത് നിര്‍ത്തിവയ്ക്കാന്‍ പെട്രോള്‍ പമ്പ് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി.

 *മത്സ്യത്തൊഴിലാളികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ചുള്ള ലഘു ലേഖകള്‍ അച്ചടിച്ച് വിതരണം ചെയ്യും.

*ലാന്‍ഡിംങ് സെന്ററുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍കരണ ക്ലാസ്സുകള്‍ നടത്തി വരുന്നുണ്ട്.

*ഹാര്‍ബറുകളില്‍ മത്സ്യങ്ങളുടെ മിനിമം ലീഗല്‍ സൈസ് സംബന്ധിച്ച ബോര്‍ഡുകള്‍ സ്ഥാപിക്കും.

*ട്രോളിങ് നിരോധന കാലയളവില്‍ മത്സ്യബന്ധനത്തിന് പോകുന്ന യാനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് സാഗര്‍ മിത്രകളേയും ഹാര്‍ബര്‍ റസ്‌ക്യൂ ഗാര്‍ഡുമാരുടേയും സേവനം ഉപയോഗിക്കും

*ജുവനൈല്‍ ഫിഷിംഗ്, പോത്തന്‍ വല ഉള്‍പ്പെടെയുള്ള അനധികൃത മത്സ്യബന്ധന രീതികള്‍ തടയുന്നതിന്, പട്രോളിംഗ് ശക്തമാക്കും.

*യാനങ്ങളുടെ ആര്‍ സി/എല്‍ സി സമയബന്ധിതമായി വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ നടന്നു വരുന്നു.

*മത്സ്യത്തൊഴിലാളികളില്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യസമയങ്ങളില്‍ എത്തുന്നുണ്ടെന്ന്  ഉറപ്പുവരുത്തും
*ട്രോള്‍ബാന്‍, മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഇവ സംബന്ധിച്ച് മൈക്ക് അനൌണ്‍സ്‌മെന്റ് നടത്തും.

*കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു.

യോഗത്തില്‍ ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ്, എ.ഡി.എം വി.ടി ഘോളി, ഫിഷറീസ്
ഡെപ്യൂട്ടി ഡയറക്ടര്‍ സി. ആഷിഖ് ബാബു, വിവിധ മത്സ്യത്തൊഴിലാളി യൂണിയന്‍ പ്രതിനിധികളായ എ കെ സജാദ് , സൈഫു ,കെ.കെ കോയ, മൊയ്തീന്‍ കോയ, മഹര്‍ഷ, ആബിദ് വടക്കയില്‍, എകെ ജബ്ബാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date