Skip to main content

സോഷ്യല്‍ ഫോറസ്ട്രി വകുപ്പ് ലോക പരിസ്ഥിതി ദിനം ആചരിച്ചു

വനം-വന്യജീവി വകുപ്പ്, മലപ്പുറം സോഷ്യല്‍ ഫോസ്ട്രി ഡിവിഷന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം മൊറയൂര്‍ വി.എച്ച്.എം. ഫയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു. മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് കെ.എ മുഹമ്മദ് സൈനൂല്‍ അബിദീന്‍ ദിനാചരണം ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ 'സ്‌കൂള്‍ നഴ്സറി യോജന' പ്രകാരം വിദ്യാര്‍ഥികള്‍ ഉത്പാദിപ്പിച്ച 3000 ത്തോളം  ഫലവൃക്ഷത്തൈകളുടെ വിതരണവും വൃക്ഷത്തൈ നടീലും പരിപാടിയുടെ ഭാഗമായി നിര്‍വഹിച്ചു. സ്‌കൂളിലെ ഫോറസ്ട്രി ക്ലബ്ബ്, എന്‍.എസ്.എസ് തുടങ്ങിയ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മകള്‍ വഴിയാണ് തൈകള്‍ ഉണ്ടാക്കിയത്.

 ഉത്പ്പാദിപ്പിച്ച തൈകള്‍ സ്‌കൂള്‍ അങ്കണത്തിലും, വിദ്യാര്‍ത്ഥികളുടെ വീടുകളിലും തൊട്ടടുത്ത സ്‌കൂളുകളിലും മറ്റു സര്‍ക്കാര്‍ വകുപ്പിന് കീഴിലും വിവിധ ക്ലബ്ബുകള്‍ സന്നദ്ധ സംഘടനകള്‍ വഴിയുമാണ് നട്ടുപിടിപ്പിക്കുന്നത്. അത്യുല്‍പ്പാദന ശേഷിയുള്ള സീതപ്പഴം, പേര, നെല്ലി, ഇലഞ്ഞി എന്നിവയുടെ തൈകളാണ് സ്‌കൂള്‍ നഴ്സറി യോജന വഴി ഉല്‍പ്പാദിപ്പിച്ചത്.

സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട്  മുഹയുദ്ദീന്‍ അലി അധ്യക്ഷത വഹിച്ചു. പരിസ്ഥിതി സന്ദേശവും തൈകളുടെ ഉത്പാദന പരിചരണ രീതികളും ഫോറസ്ട്രി ക്ലബ് ഗ്രീന്‍ കണ്‍സര്‍വേറ്ററും എന്‍.എസ്.എസ് കോര്‍ഡിനേറ്ററുമായ രതീഷ്‌കുമാര്‍ വിശദീകരിച്ചു. മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍  എന്‍.പി ദിവാകരനുണ്ണി സ്വാഗതം പറഞ്ഞ ചടങ്ങില്‍  സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.എന്‍ അബ്ദുല്‍ റഷീദ് നന്ദി രേഖപ്പെടുത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍  ദിലീപ്കുമാര്‍, ഹെഡ്മാസ്റ്റര്‍ ഡി. ശ്രീകാന്ത് അനീഷ്, സല്‍മാബി, ഷഹല കുഞ്ഞുട്ടി കൊടിത്തൊടി, ഷെരീഫ്  എന്നിവര്‍ സംബന്ധിച്ചു.

date