Skip to main content

തൊഴിലുറപ്പു പദ്ധതി: നേമം ബ്ലോക്കില്‍ തൊഴില്‍ ദിനങ്ങളുടെ എണ്ണം രണ്ടു ലക്ഷം കടന്നു

 

* നേമം ബ്ലോക്ക് ജില്ലയില്‍ ആറാം സ്ഥാനത്ത്
* 2,10,320 തൊഴില്‍ ദിനങ്ങള്‍ക്കായി ചെലവിട്ടത് 8.4 കോടി

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി പ്രകാരം നടപ്പു സാമ്പത്തികവര്‍ഷം ഇതുവരെ നേമം ബ്ലോക്ക് പഞ്ചായത്ത് സൃഷ്ടിച്ചത് 2,10,320 തൊഴില്‍ ദിനങ്ങള്‍. ജില്ലയില്‍ നിലവില്‍ ആറാം സ്ഥാനത്താണ് ബ്ലോക്കുള്ളത്. മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെയാണ് ഇത്രയും തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനായതെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍. ശകുന്തളകുമാരി പറഞ്ഞു.

ബ്ലോക്ക് പരിധിയിലെ വിളവൂര്‍ക്കല്‍ ഗ്രാമ പഞ്ചായത്തിനാണ് ഏറ്റവുമധികം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനായത്. 38,066 തൊഴില്‍ ദിനങ്ങള്‍ ഇവിടെ മാത്രം സൃഷ്ടിച്ചപ്പോള്‍ പള്ളിച്ചലില്‍ 37,904 ദിനങ്ങളും മലയിന്‍കീഴില്‍ 37,703 ദിനങ്ങളും മാറനല്ലൂരില്‍ 28,191 തൊഴില്‍ ദിനങ്ങളും സൃഷ്ടിക്കാനായി. കല്ലിയൂര്‍ പഞ്ചായത്തിലും തൊഴില്‍ ദിനങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. 25,778 ദിനങ്ങള്‍ ഇവിടെ സൃഷ്ടിക്കാനായി. ബാലരാമപുരത്ത് സൃഷ്ടിച്ചത് 17,539 ദിനങ്ങളാണ്.

പട്ടികജാതിക്കാര്‍ക്ക് കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് പള്ളിച്ചല്‍ പഞ്ചായത്താണ്. 9,019 ദിനങ്ങള്‍ ഇവിടെ സൃഷ്ടിച്ചു. 102 തൊഴില്‍ ദിനങ്ങള്‍ പട്ടികവര്‍ഗക്കാര്‍ക്ക് നല്‍കി വിളപ്പില്‍ പഞ്ചായത്തും മാതൃകയായി. ആകെ 8.4 കോടി രൂപയാണ് 2,10,320 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ ഇതുവരെ ചെലവായതെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
(പി.ആര്‍.പി. 2646/2018)

 

date