അറിയിപ്പുകൾ
ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം
മത്സ്യത്തൊഴിലാളികള്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്ത കോഴിക്കോട് ജില്ലയിലെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ വ്യക്തിഗത/കുടുംബ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം. ജൂണ്‍ 21, 23, 24 തീയതികളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് നാല് വരെ കോഴിക്കോട് വെള്ളയിലെ ജില്ലാ ഫിഷറീസ് ഓഫീസ്, കൊയിലാണ്ടി മത്സ്യഭവന് എന്നിവിടങ്ങളില്‍ അപ്ഡേഷന് നടക്കും.
മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ്ബുക്ക്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, മത്സ്യബന്ധന ഉപകരണങ്ങളുടെ രജിസ്ട്രേഷന്, ലൈസന്‍സ്, മുഴുവന്‍ കുടുംബാംഗങ്ങളുടെയും ആധാര്‍ കാര്‍ഡ് എന്നീ രേഖകള്‍ സഹിതം ക്യാമ്പുകളില്‍ എത്തണം. ഫോണ്‍: 0495 2383780.
ജില്ലാ നൈപുണ്യ വികസന കേന്ദ്രം ശില്പശാലകള് സംഘടിപ്പിക്കും
ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ബ്യൂട്ടീഷ്യന്, ഫാഷന്‍ ഡിസൈനിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കേക്ക് ഡെക്കറേഷന്‍സ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി, ജര്‍മന്‍ ലാംഗ്വേജ്, മെന്റല്‍ ഹെല്‍ത്ത് അവയര്‍നസ്, ബേസിക് കമ്പ്യൂട്ടര്‍ അവയര്‍നസ് (മൂന്ന് മുതല്‍ പത്ത് ദിവസം വരെ സൗജന്യ ക്ലാസുകള്‍) എന്നിവയില്‍ ഏകദിന ശില്പശാലകള് സംഘടിപ്പിക്കും. പ്രായപരിധിയോ വിദ്യാഭ്യാസ യോഗ്യതയോ ബാധകമല്ല. താല്പര്യമുള്ളവര് https://forms.gle/rf1J6JXNJfQkY93UA വഴിയോ 9188925509 എന്ന നമ്പറില്‍ വിളിച്ചോ പേര് രജിസ്റ്റര്‍ ചെയ്യണം.
വാഹനലേലം
കോഴിക്കോട് റൂറല്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളുടെ പരിസരത്തും ഡമ്പിങ് യാര്‍ഡിലുമായി സൂക്ഷിച്ച അവകാശികളില്ലാത്തതും നിലവില്‍ അന്വേഷണത്തിലോ കോടതി വിചാരണയിലോ പരിഗണനയിലോ ഇല്ലാത്തതുമായ 43 വാഹനങ്ങള്‍ എംഎസ്ടിസി ലിമിറ്റഡിന്റെ വെബ്സൈറ്റ് (www.mstcecommerce.com) മുഖേന ജൂണ്‍ 30ന് രാവിലെ 11 മുതല്‍ വൈകീട്ട് നാല് വരെ ഓണ്‍ലൈനായി ലേലം ചെയ്യും. ഫോണ്‍: 0496 2523031.
സ്പോട്ട് അഡ്മിഷന്
കോഴിക്കോട് ഗവ. വനിത പോളിടെക്നിക് കോളേജിലെ 2025-26 വര്‍ഷത്തെ ലാറ്ററല്‍ എന്‍ട്രി രണ്ടാം വര്‍ഷത്തേക്കുള്ള ഒന്നാം സ്പോട്ട് അഡ്മിഷന്റെ കൗണ്‍സിലിങ് ജൂണ്‍ 23ന് രാവിലെ ഒമ്പത് മുതല്‍ കോളേജില്‍ നടക്കും. www.polyadmission.org/LET വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കോഴിക്കോട് ജില്ലാ റാങ്ക്ലിസ്റ്റില് ഉള്ളവര്‍ക്കും പുതുതായി അപേക്ഷിച്ചവര്‍ക്കും പങ്കെടുക്കാം. അന്ന് രാവിലെ ഒമ്പതിനും 10.30നും ഇടയില്‍ പോളിടെക്നിക്കില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. പുതിയ അപേക്ഷകരില്‍നിന്നും നിലവില്‍ റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ടവരില്‍നിന്നും രജിസ്റ്റര്‍ ചെയ്തവരെ ഉള്‍പ്പെടുത്തി അന്ന് രാവിലെ 11ന് പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റില്‍നിന്ന് അഡ്മിഷന് നടത്തും. പ്രവേശനത്തിനെത്തുന്നവര്‍ ആവശ്യമായ രേഖകളുമായി എത്തണം.
ഗവ. ഐടിഐ പ്രവേശനം: ജൂണ്‍ 30 വരെ അപേക്ഷിക്കാം
കോഴിക്കോട് ഗവ. ഐടിഐ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തിയതി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. 30 ശതമാനം സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേനയും https://det.kerala.gov.in വെബ്സൈറ്റ് വഴിയും അപേക്ഷിക്കാം. അപേക്ഷകര്‍ ജൂലൈ മൂന്നിനകം സമീപത്തെ സര്‍ക്കാര്‍ ഐടിഐയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി വെരിഫിക്കേഷന് പൂര്‍ത്തിയാക്കണം. ഫോണ്‍: 0495 2377016.
ഡിലിമിറ്റേഷന്‍ കമീഷന് ഹിയറിങ് 24ന്
ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജന കരട് നിര്‍ദേശങ്ങളിലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കുന്നതിനായി സംസ്ഥാന ഡിലിമിറ്റേഷന്‍ കമീഷന് ജൂണ്‍ 24ന് രാവിലെ ഒമ്പത് മുതല്‍ പത്ത് വരെ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ഹിയറിങ് നടത്തും. നിശ്ചിത സമയപരിധിക്ക് മുമ്പ് ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിച്ചവര്‍, മാസ് പെറ്റീഷന് നല്കിയവര് എന്നിവരില്‍നിന്ന് ഒരു പ്രതിനിധിക്ക് പങ്കെടുക്കാം.
ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും അന്വേഷണ ഉദ്യോഗസ്ഥരും ഡിലിമിറ്റേഷന്‍ കമീഷന് അനുവദിച്ച സമയത്ത് രേഖകള്‍ സഹിതം ഹാജരാകണം. ഹിയറിങ് തിയതി, സമയം, വേദി എന്നിവ സംബന്ധിച്ച അറിയിപ്പ് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം.
ജോബ് ഡ്രൈവ് 23ന്
കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ ജൂണ്‍ 23ന് രാവിലെ 10.30ന് സംഘടിപ്പിക്കുന്ന ജോബ് ഡ്രൈവില്‍ ടീച്ചര്‍, സൈക്കോളജിസ്റ്റ്, കാഷ്യര്‍, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തും. പ്ലസ് ടു, ഡിഗ്രി, ബി.എഡ് (സോഷ്യല്‍ സയന്‍സ്) എന്നിവയില്‍ ഏതെങ്കിലും യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഫീസടച്ച് സ്പോട്ട് രജിസ്ട്രേഷന് നടത്തിയും പങ്കെടുക്കാം. ഫോണ്‍: 0495 2370176.
യോഗ പരിശീലനം ഇന്ന്
ഭാരതീയ ചികിത്സാ വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ എന്നിവ ചേര്‍ന്ന് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് (ജൂണ്‍ 21) രാവിലെ 10.30ന് കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ യോഗ പരിശീലനം സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് ഉദ്ഘാടനം നിര്‍വഹിക്കും.
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് മാത്തറയിലെ കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 13 ദിവസത്തെ സൗജന്യ സിസിടിവി ക്യാമറ ഇന്സ്റ്റളേഷന് ആന്‍ഡ് സര്‍വീസിങ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 18-45. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തയതി ജൂണ്‍ 23. ഫോണ്‍: 9447276470.
- Log in to post comments