ജാതിക്കയുടെ പൊഴിയലിന് കാരണം കുമിള്‍ബാധയെന്ന് കൃഷി വകുപ്പ്
കനത്തമഴയില്‍ വ്യാപകമായി ഉണ്ടായ പാകമാകാത്ത ജാതിക്കായ പൊഴിച്ചിലിന്റെ കാരണം കുമിള്‍ബാധയാണെന്ന് കൃഷിവകുപ്പ് അധികൃതര്‍ അറിയിച്ചു. കുഞ്ചിത്തണ്ണിയിലെ ജാതിത്തോട്ടങ്ങളില്‍ ഫൈറ്റോഫ്തോറ കുമിള്‍ ബാധയും ബോറോണ്‍ അപര്യാപ്തതയും ശ്രദ്ധയില്‍െപ്പട്ടിട്ടുണ്ട്. ജാതികൃഷിയെ ബാധിക്കുന്ന ഗുരുതരമായ ഇല-കായ പൊഴിച്ചിലിനു കാരണമാകുന്ന ഒരു പ്രശ്നമാണ് ഫൈറ്റോഫ്ത്തോറ കുമിള്‍ ബാധ. മേയ് അവസാനം മുതലുണ്ടായ തുടര്‍ച്ചയായ കനത്ത മഴ കാരണം കര്‍ഷകര്‍ക്ക് കുമിളിനെ പ്രതിരോധിക്കുന്നതിനുള്ള ബോര്‍ഡോ മിശ്രിതം തളിക്കാന്‍ സാധിച്ചിരുന്നില്ല. ഇതും രോഗവ്യാപനത്തിന് പ്രധാന കാരണമായി. രോഗം ബാധിച്ച കൊഴിഞ്ഞ കായകളും ഇലകളും നീക്കം ചെയ്തതിന് ശേഷം ട്രൈക്കോഡെര്‍മ സമ്പുഷ്ട ചാണകം മരമൊന്നിന് 5 കി. ഗ്രാം എന്ന തോതില്‍ കടയ്ക്കല്‍ ഇട്ടു കൊടുക്കണം.സ്യുടോമോനാസ് 30 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി നല്ല പോലെ മരത്തില്‍ തളിക്കണം.കൂടാതെ നീര്‍വാര്‍ച്ച സൗകര്യം ഉറപ്പാക്കുകയും വേണമെന്ന് അധികൃതര്‍ അറിയിച്ചു.
1 ശതമാനം ബോര്‍ഡോ മിശ്രിതം അല്ലെങ്കില്‍ കോപ്പര്‍ ഹൈഡ്രോക്സൈഡ് (2.5 ഗ്രാം/ലി.) എന്നിവയിലേതെങ്കിലും കുമിള്‍നാശിനി ഇലകളിലും കായ്കളിലും തണ്ടിലും വീഴത്തക്ക വിധത്തില്‍ പശ ചേര്‍ത്ത് തളിക്കുക. മരത്തിനു ചുറ്റും തടമെടുത്ത് കോപ്പര്‍ ഹൈഡ്രോക്സൈഡ് (2.5 ഗ്രാം/ലി.) അല്ലെങ്കില്‍ കോപ്പര്‍ ഓക്സി ക്ലോറൈഡ് (3 ഗ്രാം/ലി.) മരം ഒന്നിന് 10-20 ലിറ്റര്‍ എന്ന തോതില്‍ ഒഴിച്ച് കൊടുക്കണം.
കൂടാതെ വെള്ള നിറത്തില്‍ പത്രിയോടുകൂടി കായ് പൊട്ടി വീഴുകയാണെങ്കില്‍ ബോറോണിന്റെ അപര്യാപ്തതയുണ്ടാകും.ബോറിക് ആസിഡ് (2 ഗ്രാം/ലി) ഇലകളില്‍ തളിക്കുകയോ 50 ഗ്രാം ബോറാക്സ് മണ്ണില്‍ ചേര്‍ത്ത് കൊടുക്കുകയോ ചെയ്യാം.
- Log in to post comments