Skip to main content

ജില്ലാ വികസന സമിതിയോ​ഗം ചേർന്നു

ജില്ലാ വികസന സമിതിയോ​ഗം എഡിഎം വീനീത് ടി.കെയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലേയും വാമനപുരം, വർക്കല, ആറ്റിങ്ങൽ മണ്ഡലങ്ങളിലേയും വിവിധ പദ്ധതികളുടെ നിലവിലെ സ്ഥിതിയും പുരോ​ഗതിയും യോ​ഗം വിലയിരുത്തി.

തീരദേശത്ത് അടിഞ്ഞ കപ്പൽ കണ്ടെയ്നറിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ദിവസേന നീക്കം ചെയ്യുന്നുണ്ടെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മഴക്കെടുതി മൂലം വീടുകൾ നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാര തുക നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർ യോ​ഗത്തിൽ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ ഇതുവരെ 302 അപേക്ഷകളാണ് നഷ്ടപരിഹാരത്തിനായി ലഭിച്ചത്. ഇതിൽ 26 എണ്ണം ആറ്റിങ്ങൽ മണ്ഡലത്തിലാണ്.

തിരുവനന്തപുരം വിമാനത്താവളത്തിന് മുന്നിലെ തകർന്ന വെയ്റ്റിം​ഗ് ഷെഡ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം യോ​ഗത്തിൽ ഉയർന്നു. പാളയം മാർക്കറ്റ് നവീകരണ പ്രവർത്തനങ്ങളുടെ നിലവിലെ പുരോ​ഗതിയും യോ​ഗം വിലയിരുത്തി. പാളയം മാർക്കറ്റിൽ ഉപയോ​ഗശൂന്യമായ 139 കടമുറികൾ പൊളിച്ചുനീക്കിയെന്നും പുനരധിവാസത്തിനായി നിർമ്മിച്ച പുതിയ കടകളിലേക്ക് മാറുന്നതിന് കച്ചവടക്കാർക്ക് നിർദ്ദേശം നൽകിയെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു.

വാമനപുരം മണ്ഡലത്തിലെ പെരിങ്ങമല സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണം, പെരിങ്ങമല പ‍ഞ്ചായത്തിലൂടെയുള്ള മലയോര ഹൈവേ, വാമനപുരം, പാങ്ങോട്, കല്ലറ വില്ലേജുകളിലെ റീസർവേ, പാലോട് സാമൂഹികാരോ​ഗ്യ കേന്ദ്രത്തിലെ ഐസൊലേഷൻ വാർഡ് നിർമ്മാണം തുടങ്ങിയ പദ്ധതികളുടെ പുരോ​ഗതി യോ​ഗം അവലോകനം ചെയ്തു. പൊന്മുടി-വിതുര കെ.എസ്.ആർ.ടി.സി ബസ് സമയം സ്കൂൾ വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമാകുന്നവിധം ക്രമീകരിക്കണമെന്നും ആവശ്യം ഉയർന്നു.

വർക്കലയിൽ കുടിവെള്ളം എത്തിക്കുന്നതിനായി മണമ്പൂർ ഭാ​ഗത്ത് ദേശീയപാതയിൽ പൈപ്പിടുന്നതിനുള്ള അനുമതി, പിറവം-വർക്കല ശിവ​ഗിരി കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് പുനഃസ്ഥാപിക്കൽ, ഇടവ വില്ലേജ് ഓഫീസ് ഭൂമി ഏറ്റെടുക്കൽ, ഇടവ തോമസ് സെബാസ്റ്റ്യൻ ഇൻഡോർ സ്റ്റേഡിയത്തിലേക്കുള്ള റോഡ് വീതി കൂട്ടൽ, വർക്കല ടൂറിസം മേഖലയിലെ സിസിടിവി ക്യാമറകൾ പുനഃസ്ഥാപിക്കൽ, വർക്കല പുന്നമൂട് മാർക്കറ്റ് നിർമ്മാണം, വർക്കല അരിവാളം ബീച്ചിലെ അടിസ്ഥാനസൗകര്യ വികസനം, കിലയെ ഏൽപ്പിച്ചിട്ടുള്ള വർക്കല മണ്ഡലത്തിലെ അഞ്ച് സ്കൂളുകളുടെ നിർമ്മാണ പുരോ​ഗതി തുടങ്ങിയവ ചർച്ച ചെയ്തു.

ജില്ലാ ഡെപ്യൂട്ടി പ്ലാനിം​ഗ് ഓഫീസർ കലാമുദ്ദീൻ എം, വിവിധ വകുപ്പുകളിലെ ഉദ്യോ​ഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date