സർക്കാർ ഊന്നൽ നൽകുന്നത് പ്രവർത്തനോന്മുഖ വിദ്യാഭ്യാസത്തിന്- മന്ത്രി ആർ ബിന്ദു
കുന്ദമംഗലം ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതിയ അക്കാദമിക ബ്ലോക്ക് മന്ത്രി ഉദ്ഘാടനം ചെയ്തു
പ്രവർത്തനത്തിലൂടെ പഠിക്കുക എന്ന ലക്ഷ്യത്തിൽ പ്രവർത്തനോന്മുഖ വിദ്യാഭ്യാസത്തിനാണു സർക്കാർ ഊന്നൽ നൽകുന്നതെന്നു ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ഇതിനായി ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കെൽട്രോണിന്റെ സഹായത്തോടെ ഇന്റേൺഷിപ് നൽകാൻ സാധിക്കുന്ന സ്‌ഥാപനങ്ങളെ എംമ്പാനൽ ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കുന്ദമംഗലം ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിർമിച്ച പുതിയ അക്കാദമിക ബ്ലോക്ക്, കാന്റീൻ, പെൺകുട്ടികൾക്കുള്ള ഹോസ്റ്റൽ ഓപ്പൺ എയർ ഓഡിറ്റോറിയം, വുഷു പ്ലാറ്റ്ഫോം എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഭൗതിക സൗകര്യങ്ങളോടൊപ്പം ഉള്ളടക്കത്തിനും കാലാനുസൃതമായ പരിഷ്കരണം വരണമെന്ന ലക്ഷ്യത്തോടെയാണ് ചരിത്രത്തിലാദ്യമായി കരിക്കുലം പരിഷ്കരണത്തിന് സർക്കാർ മുൻകൈയെടുത്തത്. ദേശീയ അന്തർദേശീയ തൊഴിലവസരങ്ങൾ ഒരുക്കാനുള്ള വൈദഗ്ധ്യ പോഷണവും കൂടുതൽ ആഴത്തിൽ അറിവ് അന്വേഷിക്കാനുള്ള ഗവേഷണ സൗകര്യമൊരുക്കുകയും ഇതിലൂടെ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു . പുതിയ ലോകവും കാലവും ആവശ്യപ്പെടുന്ന കോഴ്സുകൾ, പഠനത്തോടൊപ്പം തൊഴിൽ ചെയ്യാനുള്ള അവസരങ്ങൾ, സംരംഭക മേഖലയിലേക്ക് കടക്കാനുള്ള പ്രോത്സാഹനം, സ്കോളർഷിപ്പുകൾ എന്നിവയെല്ലാം നൽകി കേരളത്തെ വിജ്ഞാനഹബ്ബാക്കി മാറ്റുകയാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു.
2014 ലാണ് കുന്ദമംഗലം ഗവൺമെൻ്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് പ്രവർത്തനം ആരംഭിച്ചത്. 2018 ൽ ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് ഏറ്റെടുത്ത് നൽകിയ അഞ്ചേക്കർ പത്ത് സെൻ്റ ഭൂമിയിലാണ് ഇപ്പോൾ കോളേജ് പ്രവർത്തിക്കുന്നത്. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇപ്പോഴത്തെ പ്രവൃത്തികൾ പൂർത്തീകരിച്ചിരിക്കുന്നത്. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ 25 ലക്ഷം രൂപ മുടക്കിയാണ് വുഷു പ്ലാറ്റ്ഫോം നിർമിച്ചത്.
പിടിഎ റഹീം എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം സുഷമ, ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി . നായർ, പ്രിൻസിപ്പൽ പ്രൊഫ. ജിസ്സ ജോസ്, വൈസ് പ്രിൻസിപ്പൽ കെ മുഹമ്മദ് നൗഫൽ, കോളേജ് യൂണിയൻ പ്രതിനിധി മുഹമ്മദ് ജാസിം, അധ്യാപകർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ജിസ്സ ജോസ്, കോളേജ് വിഷു ടീമിന്റെ കോച്ച് ജഫ്സൽ, കാലിക്കറ്റ് യൂണിവേഴ്സിറ്റി എക്കണോമിക്സ് വിഭാഗത്തിൽ രണ്ടാം റാങ്ക് നേടിയ വിവേക് കൃഷ്ണ എന്നിവർക്കുള്ള മൊമെന്റോ പരിപാടിയിൽ മന്ത്രി നൽകി.
- Log in to post comments