Skip to main content

ജയനും സിന്ധുവിനും ഇനി സ്വസ്ഥമായി ഉറങ്ങാം സ്വന്തം ഭൂമിയിൽ

 

 

വർഷങ്ങളായുള്ള തങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ഫലപ്രാപ്തി ഉണ്ടായതിന്റെ സന്തോഷത്തിലാണ് കോതമംഗലം കണ്ണാടിപ്പാറ വീട്ടിൽ ജയനും ഭാര്യ സിന്ധു ജയനും. വർഷങ്ങളായി താമസിച്ചു വന്നിരുന്ന ഭൂമി ഇനി സ്വന്തമെന്ന് ഉറപ്പിച്ചു പറയാം. കോതമംഗലത്ത് നടന്ന പട്ടയമേളയിലാണ് കോതമംഗലം നഗരസഭാ പരിധിയിൽ താമസിക്കുന്ന കുടുംബത്തിന് പട്ടയം ലഭിച്ചത്.

 

 തങ്ങളുടെ ഭൂമിക്ക് പട്ടയം കിട്ടുന്നതിനായി കാലാകാലങ്ങളായി ഓരോരോ ഓഫീസുകളിലും കയറിനടന്ന ഇവർക്ക് 'എല്ലാവർക്കും ഭൂമി ലഭ്യമാക്കുക' എന്ന പിണറായി വിജയൻ സർക്കാരിന്റെ നയമാണ് ഒടുവിൽ തുണയായി എത്തിയത്. 

 

 

കോതമംഗലം വില്ലേജിൽ ബി.ടി.ആറിൽ കന്നുകാലിമേച്ചിൽ പുറം എന്ന് രേഖപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങൾക്ക് പട്ടയം നൽകുന്നതിനുള്ള നടപടികൾ വർഷങ്ങളായി നടന്നു വരികയായിരുന്നു. വിഷയം പട്ടയഡാഷ് ബോർഡിൽ ഉൾപ്പെടുത്തുകയും ആൻ്റണി ജോൺ എം.എൽ.എ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തു. അതിന്റെ ഭാഗമായി റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെയും ജില്ലാകളക്ടറുടെയും നിർദേശത്തെത്തുടർന്ന് നഗരസഭ പ്രദേശങ്ങളിലെ കന്നുകാലി മേച്ചിൽ പുറങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിക്ഷിപ്തമല്ലെന്നും, അത് റവന്യൂഭൂമി ആണെന്നുമുള്ള സർക്കാർ ഉത്തരവ് ലഭ്യമാക്കി.

 

അതിനെ തുടർന്ന് കോതമംഗലം വില്ലേജിൽ കന്നുകാലി മേച്ചിൽപ്പുറങ്ങൾ ആയിട്ടുളള സ്ഥലത്ത് താമസിക്കുന്ന കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ കഴിഞ്ഞു. അതിന്റെ ഭാഗമായാണ് ഇപ്പോൾ ജയനും കുടുംബത്തിനും പട്ടയം ലഭ്യമാക്കാനായത്.

date