ചലച്ചിത്രമേളകൾ സിനിമയോടുള്ള അഭിരുചി വളർത്തും - മേയർ ഡോ. ബീന ഫിലിപ്പ്
പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള സംഘാടക സമിതി രൂപീകരിച്ചു
നാല് ദിവസങ്ങൾ
58 സിനിമകൾ
പ്രാദേശിക ചലച്ചിത്രമേളകളെ വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമാക്കാൻ കഴിയുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ്. പുതുതലമുറയ്ക്ക് നല്ല സിനിമകൾ കാണാനും ആസ്വദിക്കാനുള്ള അറിവും അവസരവും നൽകുന്നതോടൊപ്പം കലാമൂല്യമുള്ള ചലച്ചിത്രങ്ങളോടുള്ള അഭിരുചി വളർത്തിയെടുക്കുകയാണ് ചലച്ചിത്ര മേളകളുടെ ദൗത്യം. പ്രാദേശിക ചലച്ചിത്രമേളകൾ ഉൾപ്പെടെയുള്ളവ സംഘടിപ്പിച്ചു കൊണ്ട് ഈ ദൗത്യമാണ് ചലച്ചിത്ര അക്കാദമി നിലവേറ്റുന്നതെന്നും പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയുടെ സംഘാടകസമിതി രൂപീകരണയോഗം കോഴിക്കോട് ഉദ്ഘാടനം ചെയ്തുകൊണ്ട് മേയർ പറഞ്ഞു. മാനാഞ്ചിറയിലെ സ്പോർട്സ് കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ പ്രേംകുമാർ അധ്യക്ഷത വഹിച്ചു.
ഓഗസ്റ്റ് എട്ടുമുതൽ 11 വരെ കൈരളി, ശ്രീ, കോറണേഷൻ തിയേറ്ററുകളിലായി പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള (ആർ.ഐ.എഫ്.എഫ്.കെ) നടക്കും. 2024 ഡിസംബറിൽ തിരുവനന്തപുരത്ത് നടന്ന കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ (ഐ.എഫ്എഫ്.കെ) ശ്രദ്ധയാകർഷിച്ച സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുക.
ലോകസിനിമ വിഭാഗത്തിൽ 13 സിനിമകൾ, ഐഎഫ്എഫ്.കെയിൽ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് നേടിയ ആൻ ഹുയിയുടെ സിനിമ, ഫെസ്റ്റിവൽ ഫേവറേറ്റ് വിഭാഗത്തിൽ അഞ്ച് സിനിമകൾ, വനിതാ വിഭാഗത്തിലെ മൂന്ന് സിനിമകൾ, മലയാളം സിനിമ ടുഡേ വിഭാഗത്തിൽ 11, ഇന്ത്യൻ സിനിമ ടുഡേ വിഭാഗത്തിൽ 7, ഇൻറർനാഷണൽ വിഭാഗത്തിൽ 14, സിനിമയില്‍ അന്‍പതു വര്‍ഷം പൂര്‍ത്തിയാക്കിയ ശബാന ആസ്മിക്ക് ആദരവര്‍പ്പിച്ചുകൊണ്ടുള്ള സിനിമ എന്നിങ്ങനെ നാല് ദിവസങ്ങളിലായി 58 സിനിമകൾ മൂന്ന് സ്ക്രീനുകളിലായി പ്രദർശിപ്പിക്കും.
മന്ത്രിമാരായ സജി ചെറിയാൻ, പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, എം കെ രാഘവൻ എംപി, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, മുൻ എംഎൽഎ എ പ്രദീപ് കുമാര്‍ എന്നിവർ മുഖ്യരക്ഷാധികാരികളായും മേയർ ഡോ. ബീന ഫിലിപ്പ് ചെയർപേഴ്സണും ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ പ്രേംകുമാർ ഫെസ്റ്റിവൽ ഡയറക്ടറായും സെക്രട്ടറി സി അജോയ് കൺവീനറുമായുള്ള സംഘാടക സമിതിയാണ് രൂപീകരിച്ചത്.
ചടങ്ങിൽ കെടിഐഎൽ ചെയർമാൻ എസ് കെ സജീഷ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ജനറൽ കൗൺസിൽ അംഗം മനോജ് കാന, അംഗം പ്രദീപ് ചൊക്ലി, സാഹിത്യകാരൻ യുകെ കുമാരൻ, കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ പി കുഞ്ഞിക്കണ്ണൻ, തിരക്കഥാകൃത്ത് ദീദി ദാമോദരൻ, സംവിധായകൻ വി എം വിനു, നിർമ്മാതാവ് ഷേർഗ ഗംഗാധരൻ, കെ.ജെ തോമസ്, കെ ടി ശേഖർ, ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്‌ടർ, ഫെസ്‌റ്റിവൽ എച്ച്. ഷാജി, റീജിയണൽ കോഓർഡിനേറ്റർ നവീന വിജയൻ, തുടങ്ങിയവർ സംബന്ധിച്ചു.
മേളയിൽ ഉയർന്നുവന്ന ക്രിയാത്മകമായ നിർദ്ദേശങ്ങൾക്ക് അക്കാദമി സെക്രട്ടറി മറുപടി നൽകി. ഏഴുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് മേഖലാ ചലച്ചിത്രോത്സവം കോഴിക്കോടെത്തുന്നത്.
- Log in to post comments