തീരദേശ മേഖലകളിൽ സംസ്ഥാന ഭക്ഷ്യകമ്മീഷൻ സന്ദർശനം നടത്തി
സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സൺ ഡോ. ജിനു സക്കറിയ ഉമ്മന്റെ നേതൃത്വത്തിൽ ജില്ലയിലെ തീരദേശ മേഖലയിലെ വിവിധ അങ്കണവാടികൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 ന്റെ ഭാഗമായി അങ്കണവാടിയിൽ നിന്നുള്ള പോഷകാഹാര വിതരണം, ഉച്ചഭക്ഷണ പദ്ധതി എന്നിവയുടെ നിർവഹണം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് കമ്മീഷൻ സന്ദർശനം നടത്തിയത്.
തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ സ്കൂളുകളായ സെന്റ് ജോസഫ് എൽ. പി. എസ് കൊച്ചുവേളി, സെന്റ് മേരീസ് എൽ. പി. എസ് വെട്ടുകാട്, സെന്റ് പീറ്റേഴ്സ് എൽ പി. എസ് കണ്ണാന്തുറ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിയുടെ നിർവഹണം മാതൃകപരമായി നടക്കുന്നതായി കമ്മീഷന് ബോധ്യപ്പെട്ടു. കമ്മീഷൻ അർബൻ -4 ഐ.സി.ഡി എസ്സിന് കീഴിലുള്ള വേളി, കരിയ്ക്കകം സെക്ടറുകളിലെ വിവിധ അങ്കണവാടികളിൽ സന്ദർശനം നടത്തുകയും അവിടത്തെ പോഷകാഹാര വിതരണം, പശ്ചാത്തല സൗകര്യങ്ങൾ എന്നിവ വിലയിരുത്തുകയുo ചെയ്തു. പരിശോധനയിൽ കണ്ടെത്തിയ പോരായ്മകൾ അടിയന്തരമായി പരിഹരിക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കമ്മീഷൻ നിർദേശം നൽകി.
തിരുവനന്തപുരം അർബൻ -4 സി.ഡി.പി.ഒ ഖദീജയുടെ നേതൃത്വത്തിലുള്ള വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥർ, നോർത്ത് ഉപജില്ല എ.ഇ.ഒ ലീന ദേവി, നൂൺ മീൽ ഓഫീസർ ബിജു സിംഗ് എന്നിവർ കമ്മീഷനൊപ്പം ഉണ്ടായിരുന്നു.
തുടർന്നും ഇത്തരം പരിശോധനകൾ നടത്തുമെന്ന് കമ്മീഷൻ അറിയിച്ചു
- Log in to post comments