മാറാട് വലനെയ്ത്തു കേന്ദ്രം: മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം സന്ദര്‍ശിച്ചു
മാറാട് തീരത്ത് മത്സ്യത്തൊഴിലാളികള്‍ക്കായി വലനെയ്ത്തു കേന്ദ്രം നിര്‍മിക്കുന്ന സ്ഥലം പൊതുമരാമത്ത്-ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു. കോര്‍പ്പറേഷന്‍ 53ാം ഡിവിഷനില്‍ മാറാട് മഹല്ല് ജമാഅത്ത് കമ്മിറ്റി വിട്ടുനല്‍കിയ സ്ഥലത്താണ് 1.46 കോടി രൂപ ചെലവിട്ട് വലനെയ്ത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി വിശാലമായ കേന്ദ്രം സ്ഥാപിക്കുന്നത്. തീരമേഖലയിലെ ജനങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും തൊഴില്‍ സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ പ്രധാന പരിഗണന നല്‍കുമെന്ന് മന്ത്രി പറഞ്ഞു. നവകേരള സദസ്സുമായി ബന്ധപ്പെട്ട് ബേപ്പൂര്‍ മണ്ഡലത്തിന് അനുവദിച്ച ഏഴു കോടി രൂപയുടെ വികസന പദ്ധതികള്‍ തീരമേഖലയിലാണ് നടപ്പാക്കുന്നത്. കടുക്ക ബസാര്‍, കപ്പലങ്ങാടി, ഗോതീശ്വരം എന്നിവിടങ്ങളില്‍ കടല്‍ത്തീര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടപ്പാക്കും. തീരദേശ റോഡുകള്‍ക്കായി 13.65 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. വലനെയ്ത്തു കേന്ദ്രം നിര്‍മാണം ആരംഭിക്കുന്നതിനാവശ്യമായ അനുമതികള്‍ വേഗത്തിലാക്കാനും പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
മാറാട് തീരമേഖലയിലെ മത്സ്യത്തൊഴിലാളികളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു വലനെയ്ത്തിനും അനുബന്ധ ആവശ്യങ്ങള്‍ക്കുമായി സൗകര്യപ്രദമായ കേന്ദ്രം. സ്ഥലലഭ്യതയായിരുന്നു പ്രധാന തടസ്സം. മഹല്ല് കമ്മിറ്റി സ്ഥലം വിട്ടുനല്‍കിയതോടെ ഇതിന് പരിഹാരമാകുകയായിരുന്നു. പദ്ധതിക്ക് എസ്റ്റിമേറ്റ് തയാറാക്കാന്‍ തീരദേശ വികസന കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വല നെയ്യാനുള്ള വിശാലമായ സൗകര്യം, ശുചിമുറികള്‍, സ്റ്റെയര്‍ റൂം സൗകര്യമുള്‍പ്പെടെ 3534 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടമാണ് ഒരുക്കുന്നത്.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി അനീസ്, തീരദേശ വികസന കോര്‍പ്പറേഷന്‍ അസി. എന്‍ജിനീയര്‍ കെ ശ്രീതുല്‍ എന്നിവര്‍ പദ്ധതി വിശദീകരിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ വാടിയില്‍ നവാസ്, കൊല്ലരത്ത് സുരേശന്‍, ഫിഷറീസ് എക്സ്റ്റന്‍ ഓഫീസര്‍ ഡോ കെ വിജുല, ടി രാധാഗോപി, മത്സ്യത്തൊഴികളായ സമദ് മാറാട്, സൈതാലിക്കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Log in to post comments