Skip to main content

ജില്ലയില്‍ ഇന്ന് (ചൊവ്വ ) 2187 പട്ടയങ്ങള്‍ ഏഴു താലൂക്കുകളിലായി വിതരണം ചെയ്തു

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട്, ഭൂരഹിതരായ മുഴുവന്‍ ആളുകളെയും ഭൂമിയുടെ അവകാശികളാക്കുക എന്നീ ലക്ഷ്യങ്ങളോടെ ജില്ലയിലെ ഏഴു താലൂക്കുകളിലായി നടന്ന പട്ടയമേളയില്‍ 2187 പട്ടയങ്ങള്‍ വിതരണം ചെയ്തു. എല്ലാ താലൂക്കുകളിലെയും പട്ടയമേളയുടെ ഉദ്ഘാടനം റവന്യൂ-ഭവന നിര്‍മാണ വകുപ്പു മന്ത്രി കെ.രാജന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. 

 

മലപ്പുറം ജില്ലയില്‍ ഇന്ന് (ചൊവ്വ) 2187 പട്ടയങ്ങള്‍ വിതരണം ചെയ്തു. ഇതില്‍ 2032 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങളും 155 ഭൂപതിവ് പട്ടയങ്ങളും ഉള്‍പ്പെടും. തിരൂരില്‍ 258, മഞ്ചേരിയില്‍ 410, തിരൂരങ്ങാടിയില്‍ 750 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങളും 614 ദേവസ്വം പട്ടയങ്ങളുമാണ് വിതരണം ചെയ്തത്.

 

കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമി ഹാളില്‍ നടന്ന കൊണ്ടോട്ടി താലൂക്ക് പട്ടയമേളയില്‍ 110 പട്ടയങ്ങള്‍ വിതരണം ചെയ്തു. ഇതില്‍ 23 എല്‍ എ പട്ടയങ്ങളും, 3 ലക്ഷംവീട് പട്ടയങ്ങളും, 84 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങളും ഉള്‍പ്പെടുന്നു. ചടങ്ങില്‍ ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ബിന്ദു, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ അബ്ബാസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മോഹന്‍ദാസ്, അഡ്വ. കെ കെ സമദ്, ചുക്കാന്‍ മുഹമ്മദലി, പി കെ സി അബ്ദുറഹിമാന്‍, കൊണ്ടോട്ടി തഹസില്‍ദാര്‍ ജി അനിത, എല്‍ ആര്‍ തഹസില്‍ദാര്‍ എ മുഹമ്മദ് മുനീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

തിരൂര്‍ സാംസ്‌കാരിക സമുച്ചയത്തില്‍ നടന്ന തിരൂര്‍ താലൂക്ക് തല പട്ടയമേളയില്‍ 215 പട്ടയങ്ങള്‍ വിതരണം ചെയ്തു.

ചടങ്ങില്‍ തിരൂര്‍ നിയോജക മണ്ഡലം എംഎല്‍എ കുറുക്കോളി മൊയ്തീന്‍ അധ്യക്ഷനായിരുന്നു. 61 എല്‍. എ പട്ടയങ്ങളും 154 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങളുമാണ് വിതരണം ചെയ്തത്. തിരൂര്‍ തഹസില്‍ദാര്‍ സി കെ ആഷിക്, വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് ഗോവിന്ദന്‍, ടി ജെ രാജേഷ്, ഗോപാലകൃഷ്ണന്‍ അടിയാട്ടില്‍, ഭരതന്‍ വൈയ്യാട്ട്, പി വി ഷറഫുദ്ദീന്‍, അലവിക്കുട്ടി എരിഞ്ഞിക്കാട്ട് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

 

 

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന തിരൂരങ്ങാടി താലൂക്ക് തല പട്ടയമേളയില്‍ 272 പട്ടയങ്ങള്‍ വിതരണം ചെയ്തു. തിരൂരങ്ങാടി എംഎല്‍എ കെ പി എ മജീദ് അധ്യക്ഷത വഹിച്ചു. എം എല്‍ എ മാരായ പി കെ കുഞ്ഞാലിക്കുട്ടി, അബ്ദുല്‍ ഹമീദ്, എന്നിവര്‍ സംബന്ധിച്ചു. അരിയല്ലൂര്‍ വില്ലേജിലെ ചേരിയങ്ങാട്ട് കോളനി, പാറോള്‍ താഴം കോളനി, അരിയല്ലൂര്‍ ബീച്ച് ജംഗ്ഷന്‍ കോളനി, മുതിയം ബീച്ച് കോളനി എന്നിവയില്‍ 28 പട്ടയങ്ങളും പരപ്പനങ്ങാടി വില്ലേജില്‍ ലെപ്രസി കോളനിയിലെ 17 പട്ടയങ്ങളും മേളയില്‍ വിതരണം ചെയ്തു. തെന്നല വില്ലേജില്‍ മൂന്ന് കുടുംബങ്ങള്‍ക്കും എടരിക്കോട് വില്ലേജിലെ അതിദരിദ്ര പട്ടികയില്‍ ഉള്‍പ്പെട്ട ഒരു കുടുംബത്തിനും ഊരകം വില്ലേജിലെ ഒരു കുടുംബത്തിനും പട്ടയം നല്‍കി. തിരൂരങ്ങാടി താലൂക്കില്‍ ആകെ 51 ഭൂമി പതിവ് പട്ടയങ്ങളാണ് നല്‍കിയത്.

ഇവക്ക് പുറമെ തിരൂരങ്ങാടി ലാന്‍ഡ് ട്രിബൂണല്‍ അനുവദിച്ച തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ 44 പട്ടയങ്ങളും, വേങ്ങര നിയോജകമണ്ഡലത്തിലെ 51 പട്ടയങ്ങളും വള്ളിക്കുന്ന് നിയോജകമണ്ഡത്തിലെ 81 പട്ടയങ്ങളും വിതരണം ചെയ്തു.    

 

മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഏറനാട് താലൂക്ക് പട്ടയമേളയില്‍ 219 പട്ടയങ്ങള്‍ വിതരണം ചെയ്തു. ഇതില്‍ 140 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങളും 78 ദേവസ്വം പട്ടയങ്ങളും ഒരു ലക്ഷംവീട് പട്ടയവും ഉള്‍പ്പെടുന്നു. പി ഉബൈദുള്ള എംഎല്‍എ അധ്യക്ഷനായി. എഡിഎം വി ടി ഘോളി, ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം മെഹറലി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

നിലമ്പൂര്‍ വ്യാപാര ഭവനില്‍ വെച്ച് നടന്ന നിലമ്പൂര്‍ താലൂക്ക് തല പട്ടയമേളയില്‍ 116 പട്ടയങ്ങള്‍ വിതരണം ചെയ്തു. 105 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങളും 11 ദേവസ്വം പട്ടയങ്ങളും വിതരണം ചെയ്തു. ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡെപ്യൂട്ടി കളക്ടര്‍ പി.എം സനീറ, ജയശ്രീ എസ് വാര്യര്‍, നിലമ്പൂര്‍ നഗരസഭ കൗണ്‍സിലര്‍ യു.കെ ബിന്ദു, ഹരിദാസന്‍, ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ സെബാസ്റ്റ്യന്‍, രാജ്‌മോഹന്‍, ശശി മാസ്റ്റര്‍, പാറാട്ടി കുഞ്ഞാന്‍, പരുന്തല്‍ നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

പൊന്നാനി താലൂക്കിൽ 145 പട്ടയങ്ങൾ വിതരണം. ചെയ്തു. പി. നന്ദകുമാർ എം എൽഎ അധ്യക്ഷത വഹിച്ചു.

 

മങ്കട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പെരിന്തൽമണ്ണ പട്ടയ മേളയിൽ 162 പട്ടയങ്ങൾ വിതരണം ചെയ്തു. 

എംഎൽഎമാരായ നജീബ് കാന്തപുരം, മഞ്ഞളാംകുഴി അലി, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ സോഫിയ, അഡ്വ. അസ്‌കറലി സബ് കളക്ടർ അപൂർവ ത്രിപാഠി രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.

date