Skip to main content

ആറ് നിയോജകമണ്ഡലങ്ങളിൽ പട്ടയമേള  1257 പേർ ഭൂമിയുടെ അവകാശികളായി

കുന്നംകുളം, ചാലക്കുടി, കൊടുങ്ങല്ലൂർ, കൈപ്പമംഗലം, ഇരിങ്ങാലക്കുട, പുതുക്കാട് നിയോജകമണ്ഡലങ്ങളിലെ പട്ടയമേളയുടെ ഉദ്ഘാടനം റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ ഓൺലൈനായി നിർവഹിച്ചു. 1257 പട്ടയങ്ങളാണ് ആറ് നിയോജകമണ്ഡലങ്ങളിലുമായി വിതരണം ചെയ്തത്.

രാവിലെ പത്തിന് കുന്നംകുളം മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന കുന്നംകുളം നിയോജകമണ്ഡലതല പട്ടയമേളയിൽ 262 പട്ടയങ്ങൾ വിതരണം ചെയ്തു. വില്ലേജ് തലത്തിൽ 125 പട്ടയങ്ങളും, ആറ് വനഭൂമി പട്ടയങ്ങളും, 76 ദേവസ്വം പട്ടയങ്ങളും, 26 മിച്ചഭൂമി പട്ടയങ്ങളും, ഇനാം, ഉന്നതി, പുറമ്പോക്ക് ഇനങ്ങളിൽ 29 പട്ടയങ്ങളുമാണ് വിതരണം ചെയ്തത്. അകതിയൂർ- രണ്ട്, അഞ്ഞൂർ- ഒന്ന്, എയ്യാൽ- എട്ട്, കടങ്ങോട്- ആറ്, കടവല്ലൂർ- രണ്ട്, കരിക്കാട്- ഏട്ട്, കരിയന്നൂർ- ഒന്ന്, കാട്ടകാമ്പാൽ- മൂന്ന്, കാണിപ്പയ്യൂർ- രണ്ട്, കിരാലൂർ- മൂന്ന്, കുന്നംകുളം- നാല്, ചിറമനേങ്ങാട്- 23, ചെമ്മന്തട്ട- രണ്ട്, ചൊവ്വന്നൂർ- അഞ്ച്, തയ്യൂർ- ഒന്ന്, നെല്ലുവായ്- അഞ്ച്, പഴഞ്ഞി- രണ്ട്, പെരുമ്പിലാവ്- മൂന്ന്, വെള്ളാറ്റഞ്ഞൂർ- നാല്, വെള്ളറക്കാട്- അഞ്ച്, വേലൂർ- ഏഴ്, കോട്ടപ്പുറം- 16, ചിറ്റണ്ട- ഏഴ്, കാഞ്ഞിരക്കോട്- അഞ്ച് എന്നിങ്ങനെയാണ് വില്ലേജ് തലത്തിലെ പട്ടയങ്ങളുടെ കണക്ക്.

എ.സി. മൊയ്തീൻ എം.എൽ.എ ചടങ്ങിന് അധ്യക്ഷത വഹിച്ചു. കുന്നംകുളം മുനിസിപ്പൽ ചെയർപേഴ്സൺ സീത രവീന്ദ്രൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി വില്യംസ്, എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡൻ്റ് ബസന്ത് ലാൽ, ജില്ലാ പഞ്ചായത്ത് അംഗം എ.വി. വല്ലഭൻ, ജില്ലാ പഞ്ചായത്ത് അംഗം പത്മം വേണുഗോപാൽ, ഡെപ്യൂട്ടി കളക്ടർ ആർ. മനോജ്, കുന്നംകുളം തഹസിൽദാർ ഒ.ബി. ഹേമ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

രാവിലെ 11-ന് കൊടുങ്ങല്ലൂർ മുനിസിപ്പൽ ടൗൺഹാളിൽ നടന്ന കൊടുങ്ങല്ലൂർ, കൈപ്പമംഗലം, ചാലക്കുടി മണ്ഡലങ്ങളുടെ പട്ടയമേളയിൽ 487 പേർക്കാണ് പട്ടയം ലഭിച്ചത്. കൈപ്പമംഗലം നിയോജകമണ്ഡലത്തിൽ 23 സുനാമി പട്ടയം ഉൾപ്പെടെ 127 പട്ടയങ്ങളും, ചാലക്കുടി നിയോജകമണ്ഡലത്തിൽ 12 സുനാമി പട്ടയം ഉൾപ്പെടെ 175 പട്ടയങ്ങളും, കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽ മൂന്ന് അതിദരിദ്ര പട്ടയം ഉൾപ്പെടെ 185 പട്ടയങ്ങളും വിതരണം ചെയ്തു.

അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ വിശിഷ്ടാതിഥിയായി. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വേണു കണ്ടരുമഠത്തിൽ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ഗിരിജ, വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിഷ ഷാജി, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

508 പട്ടയങ്ങളാണ് ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിൽ നടന്ന ഇരിങ്ങാലക്കുട, പുതുക്കാട് മണ്ഡലതല പട്ടയമേളയിൽ വിതരണം ചെയ്തത്. മുകുന്ദപുരം താലൂക്കിൽ 18 പട്ടയങ്ങളും, ചാലക്കുടി താലൂക്കിലെ നാല് പട്ടയങ്ങളും, തൃശ്ശൂർ ലാൻഡ് ട്രൈബ്യൂണലിൻ്റെ 268 പട്ടയങ്ങളും, ഇരിങ്ങാലക്കുട ലാൻഡ് ട്രൈബ്യൂണലിൻ്റെ 65 പട്ടയങ്ങളും, ഇനാം ഇനത്തിൽ അഞ്ച് പട്ടയങ്ങളും, വനഭൂമി ഇനത്തിൽ എട്ട് പട്ടയങ്ങളും, ദേവസ്വം ഇനത്തിൽ 140 പട്ടയങ്ങളുമാണ് വിതരണം ചെയ്തത്.

ഉന്നതവിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ജോസ് ജെ. ചിറ്റിലപ്പിള്ളി, ടി.വി. ലത, ബിന്ദു പ്രദീപ്, ലിജി രതീഷ്, ഇ.കെ. അനൂപ്, ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണൽ ഓഫീസർ പി. ഷിബു, ഡെപ്യൂട്ടി കളക്ടർ ജ്യോതി, മുകുന്ദപുരം തഹസിൽദാർ കെ.എം. സമീഷ് സാഹു, വകുപ്പുതല ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

 

date