Skip to main content
ലോക യുവജന നൈപുണ്യ ദിനാചരണവും ടാലി ട്രെയിനിങ്  സെന്ററുകളുടെ അക്രഡിറ്റേഷനും പയ്യാമ്പലം കൃഷ്ണ ബീച്ച് റിസോർട്ടിൽ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അസി. കലക്ടർ എഹ്‌തെദ മുഹസ്സിറിന് നോട്ടീസ് കൈമാറി മലയാളം പഠിച്ചോ എന്ന് ചോദിക്കുന്നു. കെയ്‌സ് എംഡി സൂഫിയാൻ അഹമ്മദ് , ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത് സമീപം

യുവജനങ്ങൾക്കായി നൈപുണ്യോത്സവങ്ങൾ സംഘടിപ്പിക്കും: മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്തെ യുവജനങ്ങളെ ആഗോള മത്സരക്ഷമതയുള്ള മികച്ച മാനവവിഭവശേഷി ആക്കുന്നതിന് സംസ്ഥാനത്ത് ആദ്യമായി നൈപുണ്യോത്സവങ്ങൾ സംഘടിപ്പിക്കുമെന്ന് പൊതു വിദ്യാഭ്യാസ, തൊഴിൽ, നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസ് (കെയ്‌സ്) ടാലി എജുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡുമായി (ടിഇപിഎൽ) ചേർന്ന് സംഘടിപ്പിച്ച ലോക യുവജന നൈപുണ്യ ദിനാചരണവും ടാലി ട്രെയ്‌നിംഗ് സെൻററുകളുടെ അക്രഡിറ്റേഷനും കണ്ണൂർ കൃഷ്ണ ബീച്ച് റിസോർട്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ദേശീയ-അന്തർദേശീയ വ്യവസായ രംഗങ്ങളിലെ മികച്ച തൊഴിൽ മേഖലകൾ നമ്മുടെ യുവതലമുറയ്ക്ക് പരിചയപ്പെടുത്തുക, തൊഴിൽ വൈദഗ്ധ്യം കൈവരിക്കേണ്ടതിന്റെ പ്രാധാന്യം യുവതലമുറയെ ബോധ്യപ്പെടുത്തുക എന്നീ ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണ് നൈപുണ്യോത്സവങ്ങൾ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

22 വയസ്സിൽ താഴെയുള്ള യുവാക്കൾക്ക് ആഗോള പ്രാധാന്യമുള്ള അറുപതോളം ട്രേഡുകൾ പരിചയപ്പെടുത്താനും, വൈദഗ്ധ്യം മാറ്റുരയ്ക്കാനുമുള്ള അവസരമാണ് ലഭ്യമാക്കുന്നത്. സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കും, 22 വയസ്സിൽ താഴെയുള്ള അഭ്യസ്ത വിദ്യർക്കും അവസരം ലഭ്യമാക്കും.
വിജയികൾക്ക് 'ഇന്ത്യ സ്‌കിൽസ്' മത്സരങ്ങളിലൂടെ ദേശീയതലത്തിലും, അന്തർദേശീയ തലത്തിലും മാറ്റുരയ്ക്കുന്നതിന് അവസരം സൃഷ്ടിക്കും. സെപ്റ്റംബറിൽ ആരംഭിച്ച് ഫെബ്രുവരിയിൽ മത്സരങ്ങൾ പൂർത്തിയാക്കും.
കേരളത്തിലെ നൈപുണ്യ വികസനത്തിന്റെ നേതൃത്വം കെയ്‌സിന് ആണെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ പൊതു സ്വകാര്യമേഖലകളിൽ പ്രവർത്തിക്കുന്ന മികച്ച നൈപുണ്യ പരിശീലന സ്ഥാപനങ്ങളെ സുതാര്യമായ പ്രക്രിയയിലൂടെ നൈപുണ്യ വികസന മിഷന്റെ അക്രഡിറ്റേഷൻ നൽകി പൊതുധാരയിലേക്ക് എത്തിക്കും. ഇത്തരം ഏജൻസികളുടെ അനുഭവ സമ്പത്തും, പരിശീലന മികവും, വ്യാവസായിക ബന്ധങ്ങളും പ്രയോജനപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. വികേന്ദ്രീകൃത നൈപുണ്യ വികസനത്തിന്റെ ഭാഗമായി ടാലി എജുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് കേരളത്തിൽ അക്കൗണ്ടിംഗ് രംഗത്ത് നല്ല രീതിയിൽ പരിശീലനം ലഭ്യമാക്കുന്ന പരിശീലന സ്ഥാപനങ്ങളെ കെയ്സിലേയ്ക്ക് അക്രഡിറ്റേഷൻ നൽകുന്നതിനാണ് തുടക്കമാവുന്നത്. ടാലി എജുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് പുതുതായി തയ്യാറാക്കിയ 'മാസ്റ്റർ അക്കൗണ്ടന്റ്‌റ്' എന്ന കോഴ്‌സിന്റെ രജിസ്‌ട്രേഷനും മന്ത്രി ഉദ്ഘാടനം ചെയ്തു.

കെയ്‌സ് എംഡി സൂഫിയാൻ അഹമ്മദ് അധ്യക്ഷനായി. ടിഇപിഎൽ ഗവ. പ്രൊജക്ട്‌സ്, അക്രഡിറ്റേഷൻ ഹെഡ് രാകേഷ് ചന്ദ്രശേഖർ മുഖ്യപ്രഭാഷണം നടത്തി. അസി. കലക്ടർ എഹ്‌തെദ മുഫസ്സിർ, ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത്, ടിഇപിഎൽ സൗത്ത് സോൺ, ഇൻറർനാഷനൽ എജിഎം എൻ ജിജി കുമാർ, കെയ്‌സ് സിഇഒ ടി വി വിനോദ് എന്നിവർ സംസാരിച്ചു.

date