കാലാവസ്ഥാ-അതിജീവനശേഷിയുള്ള കൃഷിക്ക് കേരളം പുതിയ മാതൃക; റിപ്പോർട്ട് പ്രകാശനം ചെയ്തു
കാലാവസ്ഥാ-അതിജീവനശേഷിയുള്ളതും ഊർജ-കാര്യക്ഷമവുമായ കൃഷിക്ക് കേരളം പുതിയ മാതൃക സൃഷ്ടിക്കുന്നതിന്റെ ഭാഗമായി, 'CREEA - Pathways of Transition' റിപ്പോർട്ട് പ്രകാശനം ചെയ്തു. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദും വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയും ചേർന്നാണ് റിപ്പോർട്ട് പ്രകാശനം ചെയ്തത്. എനർജി മാനേജ്മെന്റ് സെന്റർ കേരള (EMC), കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച 'കാലാവസ്ഥ അതിജീവനശേഷിയും ഊർജ കാര്യക്ഷമതയും കാർഷികമേഖലയിൽ' എന്ന ശില്പശാലയിലാണ് റിപ്പോർട്ട് പുറത്തിറക്കിയത്.
2023-24 കാലയളവിൽ കേരളത്തിലെ 14 ജില്ലകളിലായി വിവിധ വകുപ്പുകൾ, അക്കാദമിക സ്ഥാപനങ്ങൾ, കർഷക സമൂഹങ്ങൾ എന്നിവരുമായി സഹകരിച്ച് നടത്തിയ വിപുലമായ ശില്പശാലകളുടെ ഫലമായാണ് ഈ സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കിയത്. കർഷകരും ശാസ്ത്രജ്ഞരും സ്റ്റാർട്ടപ്പുകളും ചേർന്ന് നിർമ്മിക്കുന്ന പുതിയ അഗ്രോ ഇന്നൊവേഷൻ ലാബുകൾ, പുനരുത്പാദന ഊർജത്തിലൂടെ പ്രവർത്തിക്കുന്ന കാർഷിക യന്ത്രങ്ങൾ, സൗരോർജം, ബയോഗ്യാസ് എന്നിവയിലേക്കുള്ള മാറ്റം എന്നിവ പ്രോത്സാഹിപ്പിച്ച് ചെലവുകൾ കുറയ്ക്കാനും കാർബൺ ബഹിർഗമനം കുറയ്ക്കാനും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
കാലാവസ്ഥാ വ്യതിയാനം കേരളത്തിന്റെ കാർഷിക സമ്പദ്വ്യവസ്ഥയെയും ഭക്ഷ്യസുരക്ഷയെയും ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിൽ, പ്രതിരോധ പ്രവർത്തനങ്ങൾ സർക്കാർ നടപ്പിലാക്കിവരികയാണെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. പാരമ്പര്യ കാർഷിക അറിവുകളെയും ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയെയും സംയോജിപ്പിച്ച് കാർഷികമേഖലയെ കൂടുതൽ കാലാവസ്ഥാ പ്രതിരോധശേഷിയുള്ളതാക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു. പ്രിസിഷൻ ഫാമിംഗ്, ഡ്രിപ്പ് ഇറിഗേഷൻ തുടങ്ങിയ മാർഗ്ഗങ്ങൾ കാർഷിക മേഖലയെ ഊർജ്ജക്ഷമമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പി.എൻ.എക്സ് 3298/2025
- Log in to post comments