അറിയിപ്പുകൾ
പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും
കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 18ന് രാവിലെ 10ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അംഗത്വ ക്യാമ്പയിനും അംശദായ കുടിശ്ശിക നിവാരണവും സംഘടിപ്പിക്കും. 18നും 60നും ഇടയില്‍ പ്രായമുള്ള, രണ്ടുവര്‍ഷം പ്രവാസജീവിതം നയിച്ചവര്‍ക്ക് പ്രവാസി ക്ഷേമനിധിയില്‍ അംഗമാകാം. ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് അംശദായത്തില്‍ കുടിശ്ശിക വരുത്തിയവര്‍ക്ക് പിഴ ഇളവോടെ കുടിശ്ശിക അടച്ചു തീര്‍ക്കാനുളള അവസരവും ക്യാമ്പയിനില്‍ ഉണ്ടാകും. പുതുതായി രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ ആവശ്യമായ രേഖകള്‍ സഹിതം ക്യാമ്പയിന്‍ നടക്കുന്ന സ്ഥലങ്ങളില്‍ എത്തണം. കോഴിക്കോട് റീജിയണിലെ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മറ്റ് പത്ത് ജില്ലകളിലും ക്യാമ്പയിന്‍ നടത്താനും സെപ്റ്റംബര്‍ അവസാനത്തോടെ എല്ലാ ജില്ലകളിലും അംഗത്വ കുടിശ്ശികനിവാരണ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ഗഫൂര്‍ പി ലില്ലീസ് അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് 9847874082, 9447793859 നമ്പറുകളില്‍ ബന്ധപ്പെടാം.
കൊതുക് നശീകരണം: താല്‍ക്കാലിക ജീവനക്കാരെ നിയമിക്കും
ദേശീയ പ്രാണിജന്യരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പിന് കീഴില്‍ ജില്ലയിലെ നഗരപ്രദേശങ്ങളില്‍ കൊതുക് നശീകരണ പ്രവര്‍ത്തങ്ങള്‍ക്കായി ദിവസവേതനത്തില്‍ 30 ദിവസത്തേക്ക് 109 ജീവനക്കാരെ നിയമിക്കും. യോഗ്യത: എട്ടാം ക്ലാസ്. വയസ്സ്: 50 വയസ്സില്‍ താഴെ. അഭിമുഖം ജൂലൈ 22ന് രാവിലെ 9.30ന് മലാപ്പറമ്പ് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തില്‍. ഫോണ്‍: 0495 2370494.
അപേക്ഷാ തീയതി നീട്ടി
എസ്ആര്‍സി കമ്യൂണിറ്റി കോളേജ് ജൂലൈയില്‍ ആരംഭിക്കുന്ന ആറുമാസത്തെ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം, ഒരു വര്‍ഷം/രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ പ്രോഗ്രാമുകള്‍ എന്നിവയിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. അപേക്ഷകള്‍ https://app.srccc.in/register വഴി ജൂലൈ 31 വരെ സമര്‍പ്പിക്കാം. ഫോണ്‍: 04712325101, 8281114464. വിശദാംശങ്ങള്‍ www.srccc.in ല്‍ ലഭിക്കും.
സ്പോട്ട് അഡ്മിഷന്‍
കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത കോളേജ് ഫോര്‍ കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്ങില്‍ ബിഎസ്‌സി കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്, ഇന്റീരിയര്‍ ഡിസൈനിങ് ആന്‍ഡ് ഫര്‍ണിഷിങ് കോഴ്‌സുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. വിദ്യാര്‍ഥികള്‍ ജൂലൈ 23നകം സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 8281574390.
എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ എസ്ആര്‍സി കമ്യൂണിറ്റി കോളേജ് ജൂലൈയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് https://app.srccc.in/register എന്ന ലിങ്ക് വഴി ജൂലൈ 20 വരെ അപേക്ഷിക്കാം. വിശദാംശങ്ങള്‍ www.srccc.in ല്‍ ലഭ്യമാണ്. ഫോണ്‍: 0471 2570471, 9846033001.
ടെണ്ടര്‍ ക്ഷണിച്ചു
തൂണേരി ശിശുവികസന പദ്ധതി പരിധിയിലെ തൂണേരി, നാദാപുരം, ചെക്യാട് പഞ്ചായത്തുകളിലേക്ക് മുട്ട വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ജൂലൈ 28ന് ഉച്ച ഒരു മണി വരെ സ്വീകരിക്കും. ഫോണ്‍: 6282087812.
കൊണ്ടോട്ടി അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസിന് കീഴിലെ ചെറുകാവ്, പള്ളിക്കല്‍ (സെക്ടര്‍ ഒന്ന്, രണ്ട്), ചേലേമ്പ്ര, വാഴയൂര്‍ പഞ്ചായത്തുകളിലെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് മുട്ട വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 30ന് ഉച്ച രണ്ട് മണി വരെ അപേക്ഷിക്കാം. ഫോണ്‍: 0483 2792260.
ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ്
കോഴിക്കോട് ഗവ. വനിത ഐടിഐ ഐഎംസി സൊസൈറ്റി നടത്തുന്ന ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, ഐടിഐ, ഡിഗ്രി യോഗ്യതയുള്ളവര്‍ 8086415698, 9746953685 നമ്പറുകളില്‍ ബന്ധപ്പെടണം.
ടെണ്ടര്‍ ക്ഷണിച്ചു
കുന്നുമ്മല്‍ ഐസിഡിഎസ് പ്രോജക്ടിന് കീഴിലെ വിവിധ പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പാല്‍ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 22ന് ഉച്ച 2 മണി. ഫോണ്‍: 0496 2597584.
ബാലുശ്ശേരി ഐസിഡിഎസ് പ്രോജക്ടിന് കീഴിലെ 4 സെക്ടറുകളിലെ അങ്കണവാടികളിലേക്ക് പാല്‍, മുട്ട എന്നിവ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 21. ഫോണ്‍: 9188959864.
സ്‌പോട്ട് അഡ്മിഷന്‍
കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലെ മാനന്തവാടി ഗവ. കോളേജില്‍ ബിഎ ഇംഗ്ലീഷ്, ഡലവപ്‌മെന്റ് ഇകണോമിക്സ്, ബി.കോം ഫിനാന്‍സ്, ബിഎസ്‌സി ഇലക്ട്രോണിക്‌സ്, ഫിസിക്സ് കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 19 വരെ അപേക്ഷിക്കാം. അപേക്ഷയോടൊപ്പം കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ യുജി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയതിന്റെ രേഖയും നല്‍കണം. ഇതുവരെ അപേക്ഷ നല്‍കാത്തവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 04935 240351, 949564753.
യു പി സ്‌കൂള്‍ ടീച്ചര്‍ അഭിമുഖം
ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ യു പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം- കാറ്റഗറി നമ്പര്‍: 707/2023) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും വണ്‍ ടൈം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്തവര്‍ക്കുള്ള നാലാംഘട്ട അഭിമുഖം ജൂലൈ 22, 23, 25 തീയതികളിലായി പിഎസ്‌സി കോഴിക്കോട് മേഖലാ, ജില്ലാ ഓഫീസുകളില്‍ നടക്കും. പ്രൊഫൈലില്‍നിന്ന് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് രേഖകള്‍ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ പരാമര്‍ശിച്ച ഓഫീസിലും തിയതിയിലും അഭിമുഖത്തിനെത്തണം. പരിഷ്‌കരിച്ച കെ ഫോം (Appendix-28) വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഹാജരാക്കണം. ഫോണ്‍: 0495 2371971.
ജില്ലാ സിവില്‍ സര്‍വീസ് ടൂര്‍ണമെന്റ്
ജില്ലാ സിവില്‍ സര്‍വീസ് ടൂര്‍ണമെന്റ് ആഗസ്റ്റ് ഏഴ്, എട്ട് തീയതികളില്‍ നടക്കും. ആഗസ്റ്റ് അഞ്ചിന് വൈകീട്ട് അഞ്ചിനകം സ്പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ അപേക്ഷ നല്‍കണം. അപേക്ഷ www.sportscouncilkozhikode.com ല്‍ ലഭിക്കും. ഫോണ്‍: 0495-2722593.
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിന് കീഴിലെ റീജിയണല്‍ വിആര്‍ഡിഎലില്‍ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫിനെ ദിവസവേതനത്തില്‍ നിയമിക്കും. അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്. പ്രായപരിധി: 2025 ജനുവരി ഒന്നിന് 36 വയസ്സ്. നിയമാനുസൃത ഇളവുകള്‍ ലഭിക്കും. രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം ജൂലൈ 18ന് രാവിലെ 10.30ന് കോളേജ് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2350209.
ജില്ലാ ആസൂത്രണ സമിതി യോഗം
ജില്ലാ ആസൂത്രണ സമിതി യോഗം ജൂലൈ 23ന് ഉച്ചക്ക് രണ്ടിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
റാങ്ക് പട്ടിക റദ്ദാക്കി
ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പ്/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്/ആയുര്‍വേദ കോളേജുകള്‍ എന്നിവയില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് -2 (ആയുര്‍വേദ) എന്‍സിഎ എസ്.സി (കാറ്റഗറി നമ്പര്‍: 467/2022) തസ്തികയുടെ നിയമന ശിപാര്‍ശ നല്‍കിയ ഉദ്യോഗാര്‍ഥികള്‍ ജോലിയില്‍ പ്രവേശിച്ചതിനാലും റാങ്ക്പട്ടിക കാലാവധിയില്‍ പട്ടികജാതി വിഭാഗത്തിനായുള്ള എന്‍സിഎ ഒഴിവുകള്‍ അവശേഷിക്കാത്തതിനാലും റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.
മെറിറ്റ് അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു
2024-25 വര്‍ഷം എസ്എസ്എല്‍സി, പ്ലസ്ടു, തത്തുല്യ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് മെറിറ്റ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. മദ്രസാധ്യാപക ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് കുടിശ്ശികയില്ലാതെ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷയും അനുബന്ധ രേഖകളും ആഗസ്റ്റ് 31നകം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസാധ്യാപക ക്ഷേമനിധി ഓഫീസ്, കെ.യു.ആര്‍.ഡി.എഫ്.സി ബില്‍ഡിങ്, ചക്കോരത്ത്കുളം, വെസ്റ്റ്ഹില്‍ പിഒ, കോഴിക്കോട്-673005 എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0495 2966577, 9188230577. വിവരങ്ങള്‍ക്ക്: www.kmtboard.in
അലമാര ലേലം
വെള്ളിമാട്കുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്സിലെ ഉപയോഗശൂന്യമായ 35 ഇരുമ്പ് അലമാരകള്‍ ജൂലൈ 30ന് രാവിലെ 11ന് സ്ഥാപന പരിസരത്ത് പരസ്യമായി ലേലം ചെയ്യും. ഫോണ്‍: 9747178076.
- Log in to post comments