Skip to main content
പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷകേരളം, തലശ്ശേരി സൗത്ത് ബി ആർ സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ  തലശ്ശേരി മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന "ഒപ്പരം " പുസ്തക പ്രകാശനം പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻ നിർവ്വഹിക്കുന്നു

ഗവേഷണത്തിന്റെ വാതില്‍ തുറന്ന് തലശ്ശേരിയുടെ 'ഒപ്പരം'

പുസ്തകങ്ങളിലൂടെ മാത്രം വായിച്ചറിഞ്ഞ കഥാകാരന്‍ എം മുകുന്ദനെ നേരിട്ടു കണ്ടതിലും അദ്ദേഹത്തിന്റെ നോവലുകളിലെ ഭാഷയെകുറിച്ച് പുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചതിലുമുള്ള സന്തോഷത്തിലാണ് 'ഒപ്പരം' പുസ്തകം തയ്യാറാക്കിയ വിദ്യാര്‍ത്ഥികള്‍. സമഗ്ര ശിക്ഷാ കേരളം കണ്ണൂര്‍, തലശ്ശേരി സൗത്ത് ബി.ആര്‍.സി എന്നിവയുടെ നേതൃത്വത്തിലാണ് തലശ്ശേരിയിലെ പ്രാദേശിക ഭാഷാപ്രയോഗങ്ങളെക്കുറിച്ചുള്ള പഠനം പുസ്തകമാക്കിയത്. വിദ്യാര്‍ഥികള്‍ തയാറാക്കിയ ലഘു ഗവേഷണ ഗ്രന്ഥം 'ഒപ്പരം' സാഹിത്യകാരന്‍ എം.മുകുന്ദന്‍ തലശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.എം ജമുനാ റാണി ടീച്ചര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. ഭാഷ മരിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് അതിന്റെ സംരക്ഷണം നാം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും ഇതാണ് ഇവിടെ സാക്ഷാത്കരിക്കപ്പെട്ടതെന്നും എം മുകുന്ദന്‍ പറഞ്ഞു. 

തലശ്ശേരിയുടെ ഭാഷാപൈതൃകം, അന്യം നിന്ന് പോകുന്ന പ്രാദേശിക പദങ്ങള്‍, സാമൂഹികവും ചരിത്രപരവുമായ പശ്ചാത്തലം എന്നീ വിഷയങ്ങളെക്കുറിച്ചാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. തലശ്ശേരി സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തിരുവങ്ങാട്, എംഎംഎച്ച്എസ്എസ് ന്യൂ മാഹി, ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പാലയാട്, ജിവിഎച്ച്എസ്എസ് കൊടുവള്ളി എന്നീ വിദ്യാലയങ്ങളില്‍ നിന്നും ആറ് വീതം കുട്ടികളെ ഉള്‍പ്പെടുന്ന 30 അംഗ സംഘമാണ് പ്രോജക്ട് പൂര്‍ത്തിയാക്കിയത്. എംഎംഎച്ച്എച്ച്എസ് എസ് ന്യൂമാഹി സ്‌കൂളിലെ വൈഗ സച്ചിന്‍, എം എച്ച് എച്ച് എസ് എസ് ന്യൂ മാഹി സ്‌കൂളിലെ സി.എം മാനസ, സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് എച്ച്എസ്എസ് തലശ്ശേരി സ്‌കൂളിലെ ഇസ ജാഫര്‍, ജിഎച്ച്എസ്എസ് തിരുവങ്ങാട് സ്‌കൂളിലെ സാത്വിക രാകേഷ് എന്നീ വിദ്യാര്‍ത്ഥികളും ബി.പി.സി ടി.വി സഖീഷ്, ട്രെയിനര്‍മാരായ അബ്ദുള്‍ മജീദ്, ടി.കെ ഷാജ്, നിശാ റാണി, ടി പ്രിയ എന്നിവരുമാണ് ഇതിന് നേതൃത്വം നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ ഒറ്റയ്ക്കും സംഘങ്ങളായും പ്രദേശത്തെ നൂറിലധികം വീടുകള്‍ സന്ദര്‍ശിച്ച് പദ ശേഖരണവും അന്വേഷണവും നടത്തി. ഒരു വര്‍ഷം നീണ്ടുനിന്ന പ്രവര്‍ത്തനത്തിനാണ്് വിദ്യാര്‍ഥികളും ചുമതല വഹിക്കുന്ന അധ്യാപകരും  നേതൃത്വം കൊടുത്തത്. നാട്ടുഭാഷാ പൈതൃകത്തിന്റെ ചരിത്ര പശ്ചാത്തലത്തെക്കുറിച്ച് പ്രമുഖ ചരിത്ര പണ്ഡിതനായ ഡോ എ വത്സലന്‍, നാട്ടുഭാഷാ പണ്ഡിതനായ ഞാറ്റിയാല ശ്രീധരന്‍ എന്നിവരുമായി വിദ്യാര്‍ഥികള്‍ അഭിമുഖം നടത്തി. ഇതിനുപുറമെ ഗുണ്ടര്‍ട്ട് ബംഗ്ലാവില്‍ സന്ദര്‍ശനം നടത്തി ഗുണ്ടര്‍ട്ട് നിഘണ്ടുവിലൂടെ വാക്കുകളെ പരിചയപ്പെട്ടുമാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. തലശ്ശേരിയിലെ നാട്ടുഭാഷ ഏറ്റവും തെളിഞ്ഞു കാണുന്നത് എം മുകുന്ദന്റെ നോവലുകളിലാണ്. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, കുട നന്നാക്കുന്ന ചോയി, നൃത്തം ചെയ്യുന്ന കുടകള്‍ എന്നീ നോവലുകളിലെ പ്രാദേശിക ഭാഷാ പ്രയോഗങ്ങള്‍ കൂടി കുട്ടികള്‍ അന്വേഷണത്തിന്റെ ഭാഗമാക്കി. ഗവ. ബ്രണ്ണന്‍ കോളേജിലെ മലയാള വിഭാഗമാണ് പ്രൊജക്ട് പങ്കാളി. 

വാമൊഴി വഴക്കത്തിലും വടക്കേ മലബാറിന്റെ തനതു ഭാഷാശൈലിയിലും ഭാഷാ പൈതൃകത്തിന്റെ കാര്യത്തിലും വേറിട്ട് അടയാളപ്പെടുത്തേണ്ട ഒരിടമാണ് തലശ്ശേരി. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും നമോമണ്ഡലം എടുത്തു പരിശോധിച്ചാലും തലശ്ശേരിയുടെ സ്ഥാനം വളരെ വലുതാണ്. ഇന്ദുലേഖ എന്ന ലക്ഷണമൊത്ത നോവല്‍ മലയാളത്തിന് സമര്‍പ്പിച്ച ചന്തുമേനോന്റെ തട്ടകം, ജന്മംകൊണ്ട് മലയാളി അല്ലെങ്കിലും കര്‍മ്മം കൊണ്ട് മലയാളിയായ മലയാള ഭാഷയുടെ വളര്‍ത്തച്ഛന്‍ ഗുണ്ടര്‍ട്ടിന്റെ തട്ടകം എന്നിങ്ങനെ തലശ്ശേരിയുടെ നാട്ടുഭാഷ സൗന്ദര്യത്തിന്റെ വിവിധ തലങ്ങള്‍ അന്വേഷിച്ച് ആളുകളിലേക്ക് എത്തിക്കാന്‍ സാധിച്ചതില്‍ ഏറെ അഭിമാനിക്കുകയാണ് വിദ്യാര്‍ത്ഥികള്‍.

തലശ്ശേരി മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ തലശ്ശേരി സൗത്ത് ബി പി സി ടി.വി സഖീഷ് അധ്യക്ഷനായി. പരിപാടിയില്‍ കുട്ടികളുടെ സയന്‍സ് സ്ലാം മാതൃകയിലുള്ള പുസ്തക പരിചയവും നടന്നു. തലശ്ശേരി നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശബാന ഷാനവാസ്, കണ്ണൂര്‍ എസ് എസ് കെ ഡി.പി.സി ഇ.സി വിനോദ്, ഗവ. ബ്രണ്ണന്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫ. ഡോ. കെ.വി മഞ്ജുള, കണ്ണൂര്‍ എസ് എസ് കെ ഡിപിഒമാരായ സബിത്ത്, ഡോ. രാജേഷ് കടന്നപ്പള്ളി, കെ.വി ദീപേഷ്, മാടായി ബി ആര്‍ സി ട്രെയിനര്‍ കെ.രഞ്ജിത്ത്, ഡയറ്റ് ഫാക്കല്‍റ്റി ഡോ. അനുപമ ബാലകൃഷ്ണന്‍, ടി.കെ ഷാജി, അബ്ദുള്‍മജീദ് എന്നിവര്‍ പങ്കെടുത്തു. 

date