ഓണ വിപണി വിരല്‍ത്തുമ്പിലാക്കാന്‍ കുടുംബശ്രീ പോക്കറ്റ് മാര്‍ട്ട്
ഓണം കളറാക്കാനൊരുങ്ങി കുടുംബശ്രീ ഓണ്‍ലൈന്‍ ഉല്‍പന്ന വിപണന സംവിധാനമായ പോക്കറ്റ് മാര്‍ട്ട്. വിരല്‍തുമ്പിലൂടെ ഇനി മുതല്‍ കുടുംബശ്രീ സേവനങ്ങളും ഉല്‍പന്നങ്ങളും വീട്ടുപടിക്കലെത്തും. ഓണത്തോടനുബന്ധിച്ച് ചിപ്സ്, ശര്‍ക്കര വരട്ടി, പായസം മിക്സ്, സാമ്പാര്‍ മസാല, മുളക് പൊടി, മല്ലിപ്പൊടി, വെജ് മസാല, മഞ്ഞള്‍ പൊടി എന്നിവ അടങ്ങിയ 5000 ഗിഫ്റ്റ് ഹാംബറുകളുമായാണ് പോക്കറ്റ് മാര്‍ട്ട് എത്തുന്നത്. കുടുംബശ്രീ കണ്ണൂര്‍, തൃശൂര്‍ കണ്‍സോര്‍ഷ്യങ്ങള്‍ ചേര്‍ന്നാണ് ഗിഫ്റ്റ് ഹാംബറുകള്‍ നല്‍കുന്നത്. എല്ലാ ജില്ലയിലെയും ആവശ്യക്കാര്‍ക്ക് പോക്കറ്റ് മാര്‍ട്ട് വഴി ഗിഫ്റ്റ് ഹാംമ്പറുകള്‍ വാങ്ങാം. പോക്കറ്റ് മാര്‍ട്ടിലെ ക്വിക്ക് സേര്‍വ് സോഫ്‌റ്റ്വെയറിലേക്ക് സേവനങ്ങളും മറ്റ് വിവരങ്ങളും ചേര്‍ത്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയാക്കുന്നതോടെ ആവശ്യമുള്ള സേവനം, സ്ഥലം, സമയം എന്നിവ തെരഞ്ഞെടുക്കാനും വില നിലവാരം അറിയാനും ആപ്പിലൂടെ സാധിക്കും. നിലവില്‍ ഓഫ്‌ലൈന്‍ മോഡില്‍ പോക്കറ്റ് മാര്‍ട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംരംഭകര്‍ക്ക് ആവശ്യമായ പെര്‍ഫോമന്‍സ് ഇംപ്രൂവ്മെന്റ് ട്രെയിനിങ്ങ് നല്‍കിയിട്ടുണ്ട്. വിതരണം നടത്തുന്നതിനും ഓണ്‍ലൈന്‍ ഓര്‍ഡര്‍ സ്വീകരിക്കുന്നതിനും വിദഗ്ധ പരിശീലനവും നല്‍കി വരുന്നുണ്ട്. ഓണത്തോടനുബന്ധിച്ച് പുഷ്പ കൃഷിയും പച്ചക്കറി കൃഷിയും ഓണ ചന്തയും ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബശ്രീ ജില്ലാ മിഷന്‍.
- Log in to post comments