Skip to main content

തെളിയും മികവിന്റെ മുദ്രാകിരണം; വിദ്യാര്‍ഥികള്‍ക്കായി സിവില്‍ സര്‍വീസ് പരിശീലന പരിപാടി

കേരള സിവില്‍ സര്‍വ്വീസ് അക്കാദമിയും മുണ്ടേരി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ മുദ്രാ പദ്ധതിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സിവില്‍ സര്‍വ്വീസ് പരിശീലന പരിപാടി യുവ പ്രതിഭകളെ വാര്‍ത്തെടുക്കാനുള്ള ശ്രദ്ധേയമായ ഉദ്യമമാണ്. എല്ലാ ശനിയാഴ്ചകളിലും വിദ്യാര്‍ഥികള്‍ക്കായി ക്ലാസുകള്‍ സംഘടിപ്പിക്കും. സംസ്ഥാനത്തെ ഉന്നത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും. ഏറ്റവും മികച്ച ലൈബ്രറിയും ആധുനിക സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ കോണ്‍ഫറന്‍സ് സംവിധാനവും മുണ്ടേരി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സജ്ജമാക്കിയിട്ടുണ്ട്. 

മുദ്രാ വിദ്യാഭ്യാസ സമിതിയുടെയും സിവില്‍ സര്‍വീസ് അക്കാദമിയുടെയും നേതൃത്വത്തില്‍ ആലോചനായോഗം ചേരുകയും പരിശീലന പരിപാടി എങ്ങനെയാവണം എന്നത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുകയും ചെയ്തു. പത്ര പരസ്യങ്ങളിലൂടെയും സോഷ്യല്‍ മീഡിയ പ്രചാരണങ്ങളുടെയും അപേക്ഷ ക്ഷണിച്ചു. സിവില്‍ സര്‍വീസ് അക്കാദമി തയ്യാറാക്കിയ ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പ്രവേശന പരീക്ഷ നടത്തുകയും ചെയ്തു. എട്ടു മുതല്‍ 10 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കും 11,12 ക്ലാസുകളിലെ കുട്ടികള്‍ക്കുമായി പ്രത്യേകമായി പരീക്ഷ നടത്തി. അഭിമുഖ പരീക്ഷയുടെയും പ്രവേശന പരീക്ഷയുടെയും മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പരിശീലനത്തിലേക്ക് കുട്ടികളെ തെരഞ്ഞെടുത്തത്. 

മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 45 വിദ്യാര്‍ഥികള്‍ക്കും സ്‌കൂളിന് പുറമേ കണ്ണൂര്‍ ജില്ലാ പരിധിയില്‍ താമസിക്കുന്ന 45 വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് 90 വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം നല്‍കുക.

date