വായനയുടെ വേദികളിൽ വേറിട്ട ചിലമ്പൊലിയുമായി ഡോ. സ്വാതി നാരായണൻ
വേദിയിൽ ആടിത്തിമിർക്കുന്ന നർത്തകി കാഴ്ചക്കാരായ കുട്ടികളെ തന്റെ ഒപ്പം നൃത്തം ചെയ്യാൻ ക്ഷണിക്കുമ്പോൾ കുഞ്ഞു മുഖങ്ങളിൽ കൗതുകവും ആവേശവും നിറഞ്ഞ ഭാവങ്ങൾ....
പ്രമുഖ കൂച്ചിപ്പൂടി നർത്തകി ഡോ. സ്വാതി നാരായണൻ കഴിഞ്ഞ ജൂൺ 19 മുതൽ ജില്ലയിലെ വിവിധ സ്കൂളുകളിലും മറ്റ് വേദികളിലുമായി കലയുടെ വേറിട്ട ആവിഷ്കാരവുമായി നിറഞ്ഞാടുകയായിരുന്നു.
ജില്ലാ ലൈബ്രറി കൗൺസിലും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പും പി എൻ പണിക്കർ ഫൗണ്ടേഷനും ചേർന്ന് സംസ്ഥാന വ്യാപകമായി നടത്തി വന്ന വായന പക്ഷാചരണ വേദികളിൽ നിറസാന്നിധ്യമായിരുന്നു ഡോ. സ്വാതി നാരായണൻ. കേന്ദ്ര സർക്കാരിനു കീഴിൽ വരുന്ന സാംസ്കാരിക വിഭാഗമായ സ്പിക്മാക്കിന്റെ സഹകരണത്തോടെയാണ് ജില്ലാ ലൈബ്രറി കൗൺസിൽ ഈ വേറിട്ട നാട്യാവിഷ്കാരത്തിനു സ്കൂളുകളിൽ വേദിയൊരുക്കിയത്. കുട്ടികൾ ഉൾപ്പെടെയുളളവർക്കു നൃത്തശൈലിയുടെ പ്രാഥമിക പാഠങ്ങൾ ആവിഷ്കാരത്തിലൂടെയും മുദ്രകൾ പറഞ്ഞു മനസിലാക്കിയുമാണ് സ്വാതി വേദികൾ പിന്നിട്ടത്. ഒന്നരമണിക്കൂർ സമയത്തിനുള്ളിൽ കൂച്ചിപ്പൂടിയുടെ ചരിത്രം മുതൽ ആ കലയെ എങ്ങിനെ ആസ്വാദ്യകരമായ രീതിയിൽ അവതരിപ്പിക്കാം എന്നത് വരെ മനസിലാക്കിക്കൊടുത്തു. നൃത്തം പരിശീലിച്ചിട്ടില്ലാത്ത വിദ്യാർത്ഥികളെയും അധ്യാപകരെയും ഉൾക്കൊള്ളിച്ച് കൂച്ചിപ്പൂടിയുടെ ആദ്യ ചുവടുകൾ പഠിപ്പിക്കുകയാണ് ഈ കളരിയിലൂടെ ചെയ്തത്. കുട്ടികൾക്കു സ്വന്തം കഴിവുകൾ തിരിച്ചറിയാൻ കഴിയാത്ത വേളയിൽ ഇത്തരത്തിലുള്ള ഒരു അവസരം ലഭിക്കുന്നത് ഏറെ പ്രയോജനപ്രദമാകുമെന്ന് സ്വാതി പറഞ്ഞു.
"നമ്മുടെ തനത് നൃത്തരൂപം എന്തെന്ന് ചോദിച്ചാൽ മോഹിനിയാട്ടം എന്ന് പറയാൻ ശങ്കിക്കുന്നവരുള്ള നാടാണ് കേരളം. കൂച്ചിപ്പൂടിയെ അറിയുന്നത് തന്നെ യുവജനോത്സവവേദികളിലെ മത്സരയിനം എന്ന നിലയിലാവാം. അല്ലെങ്കിൽ
ഒരു താലത്തിൽ ചവുട്ടി നിന്ന് തലയിൽ കുടവുമേന്തിയുള്ള ഒരു നൃത്തരൂപം എന്നും"
ആന്ധ്രയിൽ കൃഷ്ണ ജില്ലയിലെ കൂച്ചിപ്പൂടി ഗ്രാമത്തിലെ ബ്രാഹ്മണരായിട്ടുള്ള പുരുഷന്മാരാണ് പണ്ടുകാലങ്ങളിൽ ഈ നൃത്ത രൂപം അവതരിപ്പിച്ചിരുന്നത്. പിന്നീട് കാലാനുസൃത മാറ്റങ്ങൾ വന്നതിന്റെ ഭാഗമായി ഈ കലാരൂപം സ്ത്രീകളും ഏറ്റെടുത്തു. ഇന്നും ആന്ധ്രയിൽ പരമ്പരാഗതമായി ഗ്രാമങ്ങളിലെല്ലാം കൂച്ചിപ്പുടി അവതരിപ്പിക്കുന്നത് പുരുഷന്മാരാണ്. ഗുരു വെമ്പട്ടി ചിന്നസത്യത്തെ പോലെയുള്ള അനുഗ്രഹീത കലാകാരൻമാരാണ് കൂച്ചിപ്പൂടിയെ ജനകീയമാക്കിയത്.
ഒരു ബുക്ക് വായിക്കുമ്പോൾ ലഭിക്കുന്ന അറിവ് പോലെ തന്നെ ഒരു കലാരൂപത്തെക്കുറിച്ചുള്ള കൂടുതൽ അറിവുകൾ കുട്ടികളുമായി പങ്കുവെക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് സ്വാതി പറഞ്ഞു. തൃശൂർ സ്വദേശിനിയായ ഡോ. സ്വാതി നാരായണൻ ശ്രീരാമലു തെലുങ്ക് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോ. ചിന്താ രവി രാമകൃഷ്ണന്റെ കീഴിൽ ഡിപ്ലോമയ്ക്കു ശേഷം കൃഷ്ണ യൂണിവേഴ്സിറ്റിയിൽ നിന്നും കൂച്ചിപ്പുടിയിൽ മാസ്റ്റേഴ്സ് ഡിഗ്രിയും കരസ്ഥമാക്കിയിട്ടുണ്ട്.
തൃശ്ശൂരിൽ നൃത്ത വിദ്യാലയമുള്ള സ്വാതിയുടെ ലക്ഷ്യം കൂടുതൽ ശില്പശാലകൾ സംഘടിപ്പിച്ച് കൂച്ചിപ്പുടിയെന്ന കലാരൂപത്തെ പ്രചരിപ്പിക്കുകയെന്നതാണ്.
ഒരു നർത്തകി എന്നതിനുമപ്പുറം ഡോ. സ്വാതി നാരായണൻ ഒരു അഭിനേത്രി കൂടിയാണ്. സു സു സുധി വാത്മികം സിനിമയിലൂടെയാണ് അരങ്ങേറ്റം. കുടുംബത്തോടൊപ്പം ഇപ്പോൾ എറണാകുളത്താണ് താമസം.
- Log in to post comments