Skip to main content

സ്ത്രീ പരിരക്ഷയ്ക്കുള്ള നിയമങ്ങൾ നടപ്പിലാക്കാൻ സമൂഹത്തിൻ്റെ ഇടപെടലുണ്ടെന്ന തിരിച്ചറിവ് സൃഷ്ടിക്കൽ ലക്ഷ്യം.വനിത കമ്മീഷൻ

സ്ത്രീകൾക്ക് പരിരക്ഷ നൽകുന്നതിനുള്ള നിയമങ്ങൾ നടപ്പിൽ വരുത്തുന്നതിന് സമൂഹത്തിൻ്റെ ആകെ ഇടപെടലുണ്ടെന്ന തിരിച്ചറിവ് സൃഷ്ടിക്കാനാണ് വനിത കമ്മീഷൻ ശ്രമിക്കുന്നതെന്ന് വനിത കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. വ്യോമയാന മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗ് ഉദഘാടനം ചെയ്യുകയായിരുന്നു അവർ.

 

വിവിധ മേഖലകളിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ കേൾക്കുന്നതിനും തൊഴിലിടങ്ങളിൽ സ്ത്രീ സൗഹൃദ അന്തരീക്ഷം ഉണ്ടാക്കുന്നതിനുമാണ് പബ്ലിക് ഹിയറിംഗുകൾ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഇത്തരത്തിലുള്ള ഹിയറിംഗുകൾ നടത്തുന്നുണ്ട്. സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ തൊഴിൽ ചെയ്യുന്നതിനുള്ള സാഹചര്യമുണ്ടാക്കാൻ തൊഴിൽ നിയമങ്ങൾ അനുശാസിക്കുന്ന എല്ലാ നടപടികളും ഉറപ്പ് വരുത്താനാണ് കമ്മീഷൻ ശ്രമിക്കുന്നത്.

 

 ലഹരിയുമായി ബന്ധപ്പെട്ട് ഏറെ ബുദ്ധിമുട്ടുന്നത് സ്ത്രീകളാണ്. ലഹരി കേസുകളിൽ സ്ത്രീകൾ ഉൾപ്പെടുന്ന സ്ഥിതിയും ഇന്നുണ്ട്. ഈ സാഹചര്യത്തിൽ എക്സൈസ്, പൊലീസ് വകുപ്പുകളിൽ സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിക്കാൻ ശുപാർശ നൽകിയിട്ടുണ്ടെന്നും സതീദേവി പറഞ്ഞു. 

 

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന പബ്ലിക് ഹിയറിംഗിൽ കമ്മീഷൻ അംഗം അഡ്വ. എലിസബത്ത് മാമ്മൻ മത്തായി അധ്യക്ഷത വഹിച്ചു. സിയാൽ ഡയറക്ടർ ജി. മനു മുഖ്യാതിഥിയായി. കമ്മീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, വി.ആർ മഹിളാ മണി, റിസേർച്ച് ഓഫീസർ എ. ആർ അർച്ചന, സിയാൽ ഹ്യൂമൻ റിസോഴ്സ് വിഭാഗം ജനറൽ മാനേജർ എൻ. ജ്യോതി തുടങ്ങിയവർ സന്നിഹിതരായി.

 

വ്യോമയാന മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും തുറന്നു പറയുന്നതിനുള്ള അവസരം വേദിയായിട്ടായിരുന്നു പബ്ലിക് ഹിയറിങ് സംഘടിപ്പിച്ചത്. വിവിധ വിമാന കമ്പനികൾ, വിമാനത്താവളവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ ഏജൻസികൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന 120 വനിതകളായിരുന്നു ഹിയറിംഗിൽ പങ്കെടുത്തു.

 

 

date