പട്ടിക വിഭാഗം ജനതയുടെ തനത് കലാവതരണ, ഉൽപ്പന്ന പ്രദർശന, വിപണന മേളയായ "ഗദ്ദിക" ഈ വർഷം എറണാകുളത്ത് നടത്തും. ആഗസ്ത് 29 മുതൽ സെപ്തംബർ 4 വരെ ഏഴു ദിവസമാണ് മേള.
അടിസ്ഥാന ജനവിഭാഗത്തിൻ്റെ ഉന്നമനം ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ പട്ടികജാതി- പട്ടികവർഗ-കിർത്താഡ്സ് വകുപ്പുകളുടെ ആഭിമുഖ്യത്തിൽ ഗദ്ദിക മേള സംഘടിപ്പിക്കുന്നതെന്ന് മന്ത്രി ഒ ആർ കേളു പറഞ്ഞു.
കേരളത്തിൻ്റെ തനത് രുചികളും പാരമ്പര്യ ഉൽപ്പന്നങ്ങളും മേളയുടെ പ്രധാന ആകർഷണങ്ങളാകും. അന്യം നിന്നു പോകുന്ന പരമ്പരാഗത കലാരൂപങ്ങളും ഗോത്ര വൈദ്യവും നേരിട്ടനുഭവിച്ചറിയാനുള്ള അവസരങ്ങളും ഇവിടെയുണ്ടാകും. ട്രൈബൽ ഫ്രീഡം ഫൈറ്റേഴ്സ് മ്യൂസിയം മാതൃകയും ഒരുക്കും.
പൊതുവിപണിയിൽ സാധാരണ ലഭ്യമാകാത്ത കരകൗശല ഉൽപ്പന്നങ്ങൾ, വന വിഭവങ്ങൾ, ഒറ്റമൂലികൾ, അപൂർവ ഔഷധ കൂട്ടുകൾ, ആവിക്കുളി തുടങ്ങി ആദിമ സംസ്ക്കാരത്തിൻ്റെ വർണ്ണക്കാഴ്ച്ചകൾ ഗദ്ദികയിൽ നിറയും. പുതു തലമുറകൾ കണ്ടിട്ടില്ലാത്ത "ഏറുമാടം" മേളയിൽ സജ്ജീകരിക്കും. പട്ടികജാതിക്കാരായ വിവിധ സംരംഭകരുടെ വ്യത്യസ്ത ഉൽപ്പന്നങ്ങൾ 75 സ്റ്റാളുകളിൽ ലഭ്യമാക്കും.
ഇതിനൊപ്പം ശാസ്ത്ര- വിജ്ഞാന- വിനോദ പ്രദർശനങ്ങളും നടത്തും. ദിവസവും വൈകിട്ട് സാംസ്കാരിക സമ്മേളനവും സെമിനാറുകളും കലാപരിപാടികളും അരങ്ങേറും. പട്ടികവർഗ വികസന വകുപ്പ് രൂപീകരിച്ചതിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായും ഗദ്ദിക മാറുമെന്ന് മന്ത്രി ഒ ആർ കേളു വ്യക്തമാക്കി.
- Log in to post comments